CountryEncyclopedia

നിഷാപൂർ

നിഷാപൂർ അല്ലെങ്കിൽ ഔദ്യോഗികമായി നെയ്ഷാബർ (പേർഷ്യൻ: ;മിഡിൽ പേർഷ്യൻ ഭാഷയിൽ നിന്നുള്ള “ന്യൂ-ഷാപുർ”, അർത്ഥം: “ഷാപൂരിന്റെ പുതിയ നഗരം”, “ദി ഫെയർ ഷാപൂർ”, അല്ലെങ്കിൽ “ഷാപൂരിൻറെ കുറ്റമറ്റ നിർമ്മാണം”) ഇറാന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള റസാവി ഖൊറാസാൻ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമാണ്. ബിനാലുദ് പർവതനിരയുടെ അടിവാരത്തെ ഫലഭൂയിഷ്ഠമായ ഒരു സമതലത്തിലാണ് നിഷാപൂർ സ്ഥിതി ചെയ്യുന്നത്. 9-ആം നൂറ്റാണ്ടിലെ താഹിരിദ് രാജവംശത്തിന്റെ ചരിത്ര തലസ്ഥാനമായ ഗ്രേറ്റർ ഖൊറാസാന്റെ പടിഞ്ഞാറൻ പാദത്തിന്റെ ചരിത്രപരമായ തലസ്ഥാനവും 11-ആം നൂറ്റാണ്ടിലെ സെൽജുക് സാമ്രാജ്യത്തിന്റെ പ്രാരംഭ തലസ്ഥാനവുമായിരുന്ന ഇത് നിലവിൽ നിഷാപൂർ കൗണ്ടിയുടെ തലസ്ഥാന നഗരവും ഇറാനിലെയും ഗ്രേറ്റർ ഖൊറാസാൻ പ്രദേശത്തെയും സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യമുള്ള ചരിത്രപരമായ സിൽക്ക് റോഡ് നഗരവുമാണ്.

2016 ലെ കണക്കുകൾപ്രകാരം നഗരകേന്ദ്രത്തിലെ ജനസംഖ്യ 264,180 ആയും നഗരം സ്ഥിതിചെയ്യുന്ന കൗണ്ടിയിലെ ജനസംഖ്യ 448,125 ആയും കണക്കാക്കപ്പെടുന്ന ഈ നഗരം ഇറാന്റെ കിഴക്കൻ പ്രവിശ്യകളിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായി മാറുന്നു. കുറഞ്ഞത് രണ്ട് സഹസ്രാബ്ദങ്ങളായി ലോകത്തിന് ഏറ്റവും മികച്ചതും ഉയർന്ന നിലവാരമുള്ളതുമായ ടർക്കോയ്സ് വിതരണം ചെയ്തിരുന്ന ടർക്കോയ്സ് ഖനികൾ സമീപത്തായി സ്ഥിതിചെയ്യുന്നു.

അബർഷഹർ അല്ലെങ്കിൽ നിഷാപൂർ എന്ന പേരിൽ സാസാനിയൻ സട്രാപ്പിയുടെ തലസ്ഥാന നഗരമായി ഷാപൂർ ഒന്നാമനാണ് മൂന്നാം നൂറ്റാണ്ടിൽ ഈ നഗരം സ്ഥാപിച്ചത്. പിന്നീട് താഹിരിദ് രാജവംശത്തിന്റെ തലസ്ഥാനമായി മാറിയ നിഷാപൂർ 830-ൽ അബ്ദുല്ല താഹിറിൻറെ നേതൃത്വത്തിൽ നവീകരിക്കുകയും പിന്നീട് 1037-ൽ തുഗ്‌റിൽ സെൽജുക് രാജവംശത്തിന്റെ തലസ്ഥാനമായി തിരഞ്ഞെടുക്കുകയും ചെയ്തു. അബ്ബാസി കാലഘട്ടം മുതൽ ഖ്വാരസ്മിയയിലും കിഴക്കൻ ഇറാനിലും മംഗോളിയൻ അധിനിവേശ കാലംവരെ ഇസ്‌ലാമിക ലോകത്തിനുള്ളിലെ ഒരു സുപ്രധാന സാംസ്‌കാരിക, വാണിജ്യ, ബൗദ്ധിക കേന്ദ്രമായി നഗരം പ്രവർത്തിച്ചു. മെർവ്, ഹെറാത്ത്, ബൽഖ് എന്നിവയ്‌ക്കൊപ്പം നിഷാപൂർ നഗരവും ഗ്രേറ്റർ ഖൊറാസാനിലെ നാല് മഹത്തായ നഗരങ്ങളിലൊന്നും ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിലെ പഴയ ലോകത്തിലെ ഏറ്റവും വലുതും തന്ത്രപ്രധാനവുമായ നഗരങ്ങളിലൊന്നായിരുന്നു. ഖിലാഫത്തിന്റെ കിഴക്കൻ വിഭാഗത്തിൻറെ സർക്കാർ അധികാര കേന്ദ്രം, വൈവിധ്യമാർന്ന വംശീയ, മത വിഭാഗങ്ങളുടെ സമ്മേളനവേദി, ട്രാൻസോക്സിയാന, ചൈന, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വാണിജ്യ പാതകളിലെ ഒരു വ്യാപാര വിശ്രമകേന്ദ്രം എന്നീ നിലകളിലും ഇത് അക്കാലത്ത് അറിയപ്പെട്ടിരുന്നു.

പത്താം നൂറ്റാണ്ടിൽ സമാനിദുകളുടെ ഭരണത്തിൻ കീഴിൽ നിഷാപൂർ അതിന്റെ സമൃദ്ധിയുടെ പാരമ്യത്തിലെത്തിയെങ്കിലും, 1221-ൽ മംഗോളിയന്മാർ നഗരം നശിപ്പിക്കപ്പെടുകയും ജനസംഖ്യയുടെ ഭൂരിഭാഗത്തെയും കൊല്ലുകയും ചെയ്തു. ഈ കൂട്ടക്കൊലയും തുടർന്നുള്ള ഭൂകമ്പങ്ങളും മറ്റ് ആക്രമണങ്ങളും ചേർന്ന് നഗരത്തെ പലതവണ നശിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു.  സമീപ സ്ഥലമായ മെർവിൽനിന്ന് വ്യത്യസ്തമായി, നിഷാപൂരിന് ഈ ദുരന്തങ്ങളിൽനിന്ന് കരകയറാനും ഇറാനിലെ റസാവി ഖൊറാസാൻ പ്രവിശ്യയിലെ ടൂറിസം, കൃഷി, ആരോഗ്യ സംരക്ഷണം, വ്യാവസായിക ഉൽപ്പാദനം, വാണിജ്യം എന്നിവയാൽ സമ്പന്നമായ ഒരു സജീവ ആധുനിക നഗരമായും കൗണ്ടിയായും ഇക്കാലത്തും  നിലനിൽക്കാൻ സാധിച്ചു. എന്നിരുന്നാലും, അതിന്റെ പഴക്കമേറിയതും ചരിത്രപരവുമായ പുരാവസ്തു അവശിഷ്ടങ്ങിൽ പലതും ഇനിയും കണ്ടെത്താതെ അവശേഷിക്കുന്നു.

ആധുനിക നഗരമായ നിഷാപൂർ മൂന്ന് പ്രധാന ഭരണ പ്രദേശങ്ങൾ/ജില്ലകൾ (പേർഷ്യൻ: منطقه های شهر نیشابور) ഉൾക്കൊള്ളുന്നതും കൂടാതെ ഇതിൻറെ നഗര പ്രദേശവുമായും ഘടനയുമായും യോജിക്കുന്ന നിരവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതുമാണ്. നഗരത്തിന്റെ മേഖല/ജില്ല 1, റോഡ് 44 ന്റെ വടക്ക് ഭാഗത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന പുതിയ നഗര വികസനങ്ങൾ (കൂടുതലും 1980 കളിലും 1990 കളിലും ആരംഭിച്ചത്) ഉൾക്കൊള്ളുന്നതും കൂടാതെ നെയ്ഷാബർ സർവ്വകലാശാല, IAUN പോലെയുള്ള നിഷാപൂരിലെ മിക്ക പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നതുമാണ്. നഗരത്തിന്റെ മേഖല/ജില്ല 2 നഗരത്തിന്റെ വ്യാപരകേന്ദ്രവും റോഡ് 44 ന്റെ തെക്ക് ഭാഗം പഴയതും കൂടുതൽ ചരിത്രപരവുമായ നഗര ഘടനകളെ ഉൾക്കൊള്ളുന്നതുമാണ്. നാഷണൽ ഗാർഡൻ ഓഫ് നിഷാപ്പൂരും, അമിൻ ഇസ്ലാമി ഖാനേറ്റ് മാൻഷനും പോലെയുള്ള നഗരത്തിലെ ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവിടെയുണ്ട്. നഗരത്തിന്റെ മേഖല/ജില്ല 3 ൽ മധ്യകാലഘട്ടത്തിൽ മംഗോളിയന്മാർ നശിപ്പിച്ച പുരാതന നഗരമായ നിഷാപൂരിന്റെ നഷ്ടാവശിഷ്ടങ്ങളും മറ്റും സ്ഥിതിചെയ്യുന്നു. ഇത് നഗരത്തിന്റെ തെക്കുഭാഗത്തും തെക്കുകിഴക്കുഭാഗത്തുമാണ് സ്ഥിതിചെയ്യുന്നത്. നഗരത്തിലെ മൂന്നാം ജില്ല നിയമപ്രകാരം ദേശീയവും പട്ടികപ്പെടുത്തിയിട്ടുള്ളതുമായ ഒരു സംരക്ഷിത പുരാവസ്തു മേഖലയാണെന്നതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള അനധികൃത പുരാവസ്തു ഖനനം ഇവിട നിയമവിരുദ്ധമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഒമർ ഖയ്യാമിന്റെ ശവകുടീരം, നിഷാപൂരിലെ അത്താറിന്റെ ശവകുടീരം എന്നിങ്ങനെ ചരിത്രത്തിലുടനീളം പ്രശസ്തരായ നഗരത്തിലെ ഒട്ടുമിക്ക വ്യക്തികളുടെയും ശ്മശാനങ്ങളും ചരിത്രസ്മാരകങ്ങളും ഈ ജില്ലയിലാണുള്ളത്. മൂന്നാം ജില്ല നഗരത്തിലെ പ്രധാന ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായും ഉപയോഗിക്കുന്നു.

ന്യൂയോർക്ക് നഗരത്തിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം, ടെഹ്‌റാനിലെ നാഷണൽ മ്യൂസിയം ഓഫ് ഇറാൻ, മറ്റ് അന്താരാഷ്ട്ര മ്യൂസിയങ്ങൾ, നിഷാപൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന മ്യൂസിയങ്ങൾ എന്നിവയിൽ ഈ നഗരത്തിലെ പല പുരാവസ്തു കണ്ടെത്തലുകളും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന. നിഷാപൂർ നഗരം LHC, ICCN യുണെസ്കോ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിലും അംഗമാണ്.