CountryEncyclopedia

കണ്ടി

മദ്ധ്യ ശ്രീലങ്കയിലെ ഒരു നഗരമാണ്‌ കണ്ടി. മഹാനുവാറ, സെങ്കടഗലപുര എന്നും ഈ നഗരത്തിന്‌ പേരുകളുണ്ട്. കാൻഡി ജില്ലയുടേയും, ഇതിനു പുറമേ മതാലെ, നുവാറ എലിയ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന ശ്രീലങ്കയുടെ മദ്ധ്യപ്രവിശ്യയുടേയും ആസ്ഥാനമാണ്‌ ഈ നഗരം. വ്യാപകമായി തേയില കൃഷി ചെയ്യപ്പെടുന്ന കാൻഡി താഴ്വരയിലെ കുന്നുകൾക്കിടയിലാണ്‌ കാൻഡി നഗരം സ്ഥിതി ചെയ്യുന്നത്. ചെറിയ ചെറിയ കുന്നുകളും മനുഷ്യനിർമ്മിതതടാകങ്ങളുമുള്ള കാൻഡി പട്ടണം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പോർച്ചുഗീസ്, ബ്രിട്ടീഷ് ആധിപത്യസമയത്ത് സിംഹളരാജാക്കന്മാരുടെ അവസാനത്തെ തലസ്ഥാനവും കാൻഡിയാണ്‌.

ഒരു ഭരണകേന്ദ്രം എന്നതു പോലെത്തന്നെ ബുദ്ധമതവിശ്വാസികൾക്ക് പ്രധാനപ്പെട്ട മതപരമായ കേന്ദ്രം കൂടിയാണ്‌ കാൻഡി. ശ്രീബുദ്ധന്റെ ദന്താവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന ദളദ മാലിഗാവ കാൻഡിയിൽ സ്ഥിതി ചെയ്യുന്നു. ഇത്തരം പ്രത്യേകതകൾ കണക്കിലെടുത്ത് കാൻഡി നഗരത്തെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

ചരിത്രം

ചരിത്രരേഖകളനുസരിച്ച് വിക്രമബാഹു (1357-1374) എന്ന രാജാവാണ്‌ ഇന്നത്തെ നഗരത്തിന്റെ വടക്കുഭാഗത്തുള്ള വതപുലുവ മേഖലയിൽ ഈ നഗരം സ്ഥാപിച്ചത്. സെങ്കടഗലപുരം എന്ന പേരും ഈ നഗരത്തിന്‌ നൽകി. തുടർന്ന് കാൻഡി ദ്വീപിലെ ഒരു പ്രധാനപട്ടണമായി മാറി. പതിനഞ്ചാം നൂറ്റാണ്ടിൽ സേന സമ്മതവിക്രമബാഹുവിന്റെ കാലത്ത് കാൻഡിയൻ രാജവംശം എന്ന പേര്‌ സ്വീകരിക്കപ്പെട്ടു. 1815-ൽ വിക്രമരാജസിംഹയുടെ കാലത്ത് ശ്രീലങ്ക മുഴുവൻ ബ്രിട്ടീഷ് ആധിപത്യത്തിലായി. അതുവരെ മൂറ്റിമുപ്പതു വർഷക്കാലത്തോളം ഈ വംശത്തിൽപ്പെട്ട പന്ത്രണ്ടു രാജാക്കന്മാർ ഭരണം നടത്തി.