പവിഴപ്പുറ്റ്
ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ഒരു ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ കടലിൽ ഇവ കാണപ്പെടുന്നു. ഏകദേശം നൂറോളം ഇനങ്ങളിലുള്ള ഒച്ചുകൾ, നൂറു കണക്കിന് വിവിധ തരത്തിലുള്ള മൽസ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ് പവിഴപ്പുറ്റുകൾ.
അനേകം കോടി, ജീവിക്കുന്നതും മരിച്ചതുമായ കോറലുകളുടെ (Corals ) കൂട്ടങ്ങൾ, ഉഷ്ണ മേഖല കടലുകളിൽ യുഗങ്ങൾ കൊണ്ട് അടിഞ്ഞു കൂടി ഉണ്ടായിട്ടുള്ള പവിഴ ദ്വീപുകളുടെ (Coral islands) ചുറ്റുമുള്ള തടയണകൾ ആണ് പവിഴപ്പാറകൾ (Coral reef). പവിഴ ദ്വീപുകളും അവയെ സംരക്ഷിക്കുന്ന പവിഴപ്പാറ ഉൾപ്പെടെ ഉള്ള ഭൂഭാഗത്തെ അറ്റോൾ (Atoll) എന്ന പേരിൽ അറിയപ്പെടുന്നു. അറബിക്കടലിലെ ലക്ഷ ദ്വീപുകളും മാലദ്വീപുകളും ഇത്തരം പവിഴപ്പാറകളാൽ ചുറ്റപ്പെട്ടിരിക്കിന്നു . കോറലുകൾ സ്രവിക്കുന്ന കാത്സിയം കാർബോനെറ്റ് ആണ് ഇതിന്റെ മൂല വസ്തു. സമുദ്രത്തിൽ കോളനികളായി ജീവിക്കുന്ന ഫയലം നൈടാറിയ (Phylum :Cnidaria ) പോളിപ് (Polyp ) സമൂഹമാണ് ഇവ. ഒന്നോ രണ്ടോ മി. മീറ്റർ മാത്രം വലിപ്പമുള്ള ഈ കോറലുകളുടെ ബാഹ്യ കവചങ്ങൾ ഒന്നിച്ചു ചേർന്ന് പവിഴപ്പുറ്റ് ഉണ്ടാകുന്നു.