തവള
ഒരു ഉഭയ ജീവിയാണ് തവള. കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളെയാണ് ഉഭയജീവികൾ എന്നു വിളിക്കുന്നത്. വൃക്ഷങ്ങളിലും മാളങ്ങളിലും കുഴികളിലും ജീവിക്കുന്നവ ഉൾപ്പെടെ മൂവായിരത്തോളം സ്പീഷീസ് തവളകളെ കണ്ടെത്തിയിട്ടുണ്ട്. തവളകളും പേക്കാന്തവളകളും (toad) മാത്രം ഉൾപ്പെടുന്ന അനൂറ (Anura) ജന്തു ഗോത്രത്തിലെ റാണിഡെ (Ranidae) കുടുംബത്തിൽപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആർദ്രതയുള്ള ശീതോഷ്ണ മേഖലയിലുമാണ് തവളകളെ ധാരാളമായി കാണുന്നത്. മരുഭൂമികളിലും ചിലയിനം തവളകളെ കാണാം. എന്നാൽ മഞ്ഞുമൂടിക്കിടക്കുന്ന ധ്രുവപ്രദേശങ്ങളില തവളകളെ കാണുന്നില്ല. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സ്പീഷീസുകളധികവും ജലത്തിൽ ജീവിക്കുന്നവയാണ്.
മറ്റ് ഉഭയജീവികളെ പോലെ തവളയുടെ ജീവിതത്തിന് നാല് പ്രധാന ഘട്ടങ്ങളാണ് ഉള്ളത്. മുട്ട, വാൽമാക്രി, രൂപാന്തരീകരണം, വളർച്ചയെത്തിയ തവള. മുട്ട, വാൽമാക്രി എന്നീ ഘട്ടങ്ങൾക്ക് ജലത്തെ ആശ്രയിക്കുന്നത് പലവിധ പ്രജനന സ്വഭാവങ്ങൾക്കും വഴിതെളിക്കുന്നു. ഇതിലൊന്ന് മിക്ക തവള വർഗ്ഗങ്ങളിലെയും ആൺതവളകൾ അവ പ്രജനനത്തിനായി തിരഞ്ഞെടുത്ത ജലാശയത്തിലേക്ക് പെൺതവളകളെ വിളിക്കുന്ന ഇണചേരൽ വിളികൾ (പോക്രോം വിളി) ആണ്. ചില തവളകൾ അവയുടെ മുട്ടകളെ സംരക്ഷിക്കാറുണ്ട്. ചില ഇനങ്ങൾ വാൽമാക്രികളെ വരെ സംരക്ഷിക്കുന്നു.