അമേരിക്കൻ കാട്ടുപോത്ത്
വടക്കേ അമേരിക്കൻ പുൽമേടുകളിൽ (Prairie) കൂട്ടങ്ങളായി കണ്ടുവരുന്ന പ്രത്യേകതരം വന്യജന്തുവാണ് അമേരിക്കൻ കാട്ടുപോത്ത്. ബൈസൺ ബൈസൺ (Bison bison) എന്ന് ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ ‘ബോവിഡേ‘ (Bovidae) എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും കണ്ടുവരുന്ന കാട്ടുപോത്തുകൾ ഇവയിൽനിന്നും വ്യത്യസ്തങ്ങളാണ്.
അമേരിക്കൻ കാട്ടുപോത്ത് കരുത്തുറ്റ ഒരു മൃഗമാണ്. പൂർണവളർച്ചയെത്തുമ്പോൾ ഉദ്ദേശം 2 മീ. ഉയരവും 765 കി.ഗ്രാം തൂക്കവും വരും. തലയും കഴുത്തും ചുമലും ഇരുണ്ട തവിട്ടു നിറമുള്ള രോമത്താൽ ആവൃതമാണ്. തലയിലെ നീണ്ട രോമവും താടിരോമവും മൂലം തലയ്ക്ക് ഉള്ളതിലധികം വലിപ്പം തോന്നിക്കുന്നു. ചുമലിന് ഒരു കൂനുണ്ട്. ഉടലിന്റെ പിൻഭാഗം താരതമ്യേന കൃശമാണ്.
ഒരു കാലത്ത് ധാരാളമായുണ്ടായിരുന്ന കാട്ടുപോത്ത് ഇന്ന് യു.എസ്സിന്റെ പശ്ചിമഭാഗത്തും കാനഡയിലെ ചില സുരക്ഷിതമേഖലകളിലും മാത്രം കാണപ്പെടുന്നു.