മധു
മലയാളചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു. സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ (ഉമ സിനിമ സ്റ്റുഡിയോ) ഉടമസ്ഥൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തി നേടി. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര് മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇടക്ക് നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു.വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ ST ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചു.അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.എൻ.എസ്.ഡിയിൽ പഠിക്കുന്ന കാലത്താണ് രാമു കാര്യാട്ടുമായി അടുപ്പത്തിലായത്. പഠനം പൂർത്തിയാക്കിയ ശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു.