ഷാരൂഖ് ഖാൻ
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ അഭിനേതാവാണ്. സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്. 1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗഭക്കാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു. ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) and രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്.അതേ സമയം കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്. 2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതാരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഡ്രീംസ് അൺലിമിറ്റഡ്, റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ട്.
ജീവചരിത്രം
ഷാരൂഖ് ഖാന്റെ ജനനം ഇന്ത്യയിലെ ന്യൂ ഡെൽഹിയിലായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില പെഷവാറിലെ (ഇന്നത്തെ പാക്കിസ്ഥാനിൽ) ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഖാന്റെ പിതാവായ താജ് മുഹമ്മദ് ഖാൻ. ഖാന്റെ മാതാവ് ലത്തീഫ് ഫാത്തിമ, സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു. അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഡെൽഹിയിലെ സെ. കൊളമ്പസ് സ്കൂളിലാണ്. സ്കൂളിലെ മികച്ച ഒരു വിദ്യാർത്ഥിയായിരുന്ന ഖാൻ അനേകം സമ്മാനങ്ങൾ വാങ്ങിച്ചു കൂട്ടി. ഖാൻ തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത് 1985-1988 കാലഘട്ടത്തിൽ ഹൻസ്‌രാജ് കോളേജിൽ നിന്നായിരുന്നു. ഉന്നത വിദ്യാഭ്യാസം പൂർത്തികരിച്ചത് ഡെൽഹിയിലെ തന്നെ ജാമിയ മില്ലിയ്യ ഇസ്ലാമിയ കോളേജിലാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം തന്റെ ജീവിതവും കരിയറും ബോളിവുഡിലേക്ക് പറിച്ചുനടുകയായിരുന്നു ഖാൻ. മാതാപിതാക്കളുടെ മരണശേഷം ഖാൻ 1991 ൽ മുംബൈയിലേക്ക് താമസം മാറ്റി. അതേ വർഷം അദ്ദേഹത്തിന്റെ വിവാഹവും കഴിഞ്ഞു. ഒരു ഹിന്ദുവായ ഗൗരി ഖാനെയാണ് ഷാരൂഖ് വിവാഹം ചെയ്തത്. ഇവർക്ക് മകൻ ആര്യൻ ഖാൻ (ജനനം:1997), മകൾ സുഹാന (ജനനം:2000) ഉൾപ്പെടെ മൂന്ന് മക്കൾ ഉണ്ട്.