ഷാഹിദ് കപൂർ
ഇന്ത്യൻ ചലച്ചിത്രനടനും മോഡലുമാണ് ഷാഹിദ് കപൂർ. മ്യൂസിക് വീഡിയോകളിലൂടെയും, പരസ്യചിത്രങ്ങളിലൂടെയുമാണ് ഷാഹിദ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. പ്രശസ്ത സംവിധായകൻ സുഭാഷ് ഗായുടെ ഹിറ്റ് ചിത്രമായ താലിൽ (1999) ഒരു സംഘനർത്തകനായാണ് ഷാഹിദ് ആദ്യമായി ഹിന്ദിചിത്രത്തിൽ മുഖം കാണിക്കുന്നത്. പിന്നീട് നാലുവർഷത്തിനു ശേഷമാണ് ഷാഹിദ് സിനിമയിൽ അഭിനയിക്കുന്നത്. ഇഷ്ക് വിഷ്ക് എന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിലെ നായകവേഷം ഷാഹിദിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. തുടർന്നും ധാരാളം സിനിമകളിൽ അഭിനയിച്ച ഷാഹിദിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ് ഫിഡ, ശികർ, വിവാഹ്, ജബ് വി മെറ്റ് തുടങ്ങിയവ. ഈ വിജയ ചിത്രങ്ങൾ ഷാഹിദിന് ഹിന്ദി ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് സഹായകമായി.
പ്രശസ്ത ചലച്ചിത്രനടൻ പങ്കജ് കപൂറിന്റെയും നടിയും നർത്തകിയുമായ നീലിമ അസീമിന്റെയും മകനാണ് ഷാഹിദ് കപൂർ. സസ്യാഹാരിയായ അദ്ദേഹത്തിന് ഒരു സഹോദരിയും ഒരു സഹോദരനും കൂടിയുണ്ട്. ഒരു മാർക്സിസ്റ്റ് പ്രത്രപ്രവർത്തകനും, എഴുത്തുകാരനും കൂടിയായ അൻവർ അസീമാണ് ഷാഹിദിന്റെ മുത്തച്ഛൻ. പ്രശസ്ത നടി കരീന കപൂർ മൂന്ന് വർഷക്കാലം ഷാഹിദിന്റെ കാമുകിയായിരുന്നു, പിന്നീട് ഇരുവരും വേർ പിരിഞ്ഞു.