MermaidMystery

മത്സ്യ കന്യകയുടെ മമ്മി

2022ല്‍ ജപ്പാനെ കുഴപ്പിച്ചു ഒരു കുഞ്ഞന്‍ മമ്മി ലഭിക്കുകയുണ്ടായി. 12 ഇഞ്ച്‌ മാത്രം വലിപ്പം ഉള്ള ആ മമ്മി പക്ഷെ ഒരു മത്സ്യ കന്യകയുടെത് ആയിരുന്നു. മത്സ്യകന്യക എന്ന് വിളിക്കുന്ന, മത്സ്യവും മനുഷ്യനും ചേർന്ന മെർമേഡുകളെ ( mermaid ) കുറിച്ചുള്ള കഥകൾ എക്കാലവും മനുഷ്യന് അത്ഭുതവും കൗതുകവുമാണ്.ഇപ്പോഴിതാ 300 വർഷം പഴക്കമുള്ളൊരു മമ്മിയുടെ രഹസ്യം തേടുകയാണ് ജാപ്പനീസ് ഗവേഷകർ. മമ്മിയെ കുറിച്ചുള്ള പഠനം സാധാരണമാണ്.പക്ഷെ ഈ മമ്മിയുടെ രൂപം പറഞ്ഞുകേട്ട മത്സ്യകന്യകയെ പോലെയാണ്.കന്യകയാണോ കന്യകനാണോ എന്നത് വേറെ കാര്യം.മമ്മിയുടെ രൂപസവിശേഷതകൾ മെർമേഡിന് സമാനമാണ്.12 ഇഞ്ച് നീളമുള്ള ഈ ജീവിയെ 1736 നും 1741 നും ഇടയിൽ ജാപ്പനീസ് ദ്വീപായ ഷികോകുവിന് സമീപം പസഫിക് സമുദ്രത്തിൽ നിന്നാണ് പിടികൂടിയതാണെന്നാണ് പറയപ്പെടുന്നത്.എന്നാൽ ഇപ്പോഴത് മമ്മിഫൈ ചെയ്ത നിലയിൽ അസാകുചി നഗരത്തിലെ ഒരു മ്യൂസിയത്തിലാണുള്ളത്.

ഒരു ചെറിയ പെട്ടിയിലാണിത് സൂക്ഷിച്ചിട്ടുള്ളത്.ഈ പെട്ടിയിൽ പസഫിക് സമുദ്രത്തിൽ നിന്ന് മത്സ്യബന്ധനത്തിനിടെയാണ് ഇതിനെ കിട്ടിയതെന്ന് എഴുതിയ ഒരു കുറിപ്പും ഉണ്ട്.ഉണങ്ങിയ മെർമേഡിനെ ഒരു കുടുംബമാണ് ആദ്യം സൂക്ഷിച്ചിരുന്നതെന്നും പിന്നീടത് മറ്റൊരാൾക്ക് കൈമാറുകയും അതിനുശേഷമാണ് മ്യൂസിയം ഏറ്റെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.കൂർത്ത പല്ലുകളുണ്ട്, കൊഞ്ഞനം കാണിക്കുകയോ അലറി കരയുകയോ, ഭയക്കുകയോ ചെയ്യുന്നതിന് സമാനമായ മുഖഭാവമാണ്.രണ്ടു കൈയും പൊക്കി തലയോട് ചേർത്ത് പിടിച്ചിരിക്കുന്നു.വിരലുകളോടുകൂടിയ രണ്ട് കൈകളും തലമുടിയും പുരികവുമുണ്ട്.മുകൾ ഭാഗം മനുഷ്യ രൂപമാണെങ്കിലും താഴേക്ക് മത്സ്യത്തിന് സമാനമായ രൂപമാണ്. ഇവിടെ ചെതുമ്പലുകളും ചുരുണ്ട വാലറ്റവുമുണ്ട്.കേൾക്കുമ്പോൾ ആർക്കും അമ്പരപ്പ് തോന്നുന്ന ഈ മമ്മിയുടെ രഹസ്യം തേടിയിറങ്ങിയത് ജപ്പാനിലെ കുറാഷികി സയൻസ് ആന്റ് ആർട്സ് സർവകലാശാലയിലെ ഗവേഷകരാണ്.

ഒട്ടനവധി ഐതീഹ്യ കഥകൾ മത്സ്യകന്യകയുമായി ബന്ധപ്പെട്ട് ജപ്പാനിൽ പ്രചാരത്തിലുണ്ട്. മത്സ്യകന്യകയുടെ മാംസം കഴിച്ചാൽ അമരത്വം ലഭിക്കുമെന്നുള്ളതാണ് അതിലൊന്ന്.അബദ്ധത്തിൽ മത്സ്യകന്യകയുടെ മാംസം കഴിച്ച സ്ത്രീ 800 വർഷം ജീവിച്ചുവെന്ന കഥയും അതുമായി ബന്ധപ്പെട്ടുണ്ടെന്ന് ഒകയാമ ഫോക്ക്ലോർ സൊസൈറ്റിയിലുള്ള ഗവേഷകർ പറയുന്നു.സ്ത്രീയുടെ ശരീരവും മത്സ്യത്തിന്റെ ശരീരവും ചേർന്ന മത്സ്യകന്യകയെ കുറിച്ചുള്ള കഥകൾ പല നാടുകളിൽ നിന്നുള്ള നാടോടിക്കഥകളിൽ നിലനിൽക്കുന്നുണ്ട്.വെറും ഐതീഹ്യ കഥാപാത്രങ്ങൾ മാത്രമാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും തികച്ചും ദുരൂഹമായ ഈ ലോകത്ത്, വിചിത്രമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യനും മത്സ്യങ്ങളും ചേര്‍ന്ന ജീവനുകള്‍ ഉണ്ടാകാനുള്ള സാധ്യത തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ നമ്മുടെ ഭൂമിയില്‍ ഉണ്ട് എന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മേല്‍പ്പറഞ്ഞ മമ്മി നിലവില്‍ പരിശോധിച്ച് വരികയാണ് എന്തായാലും സത്യാവസ്ഥ അറിയാന്‍ കാത്തിരിക്കാം.