ഇർഫാൻ ഖാൻ
ബോളിവുഡ് ഹിന്ദി ചലച്ചിത്രരംഗത്തിനുപുറമേ ബ്രിട്ടീഷ്, അമേരിക്കൻ സിനിമകളിലും അഭിനയിച്ചിരുന്ന ഒരു നടനാനായിരുന്നു ഇർഫാൻ ഖാൻ . 30 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഖാന് ഒരു ദേശീയ ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നാല് വിഭാഗങ്ങളിലായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര നിരൂപകരും സമകാലികരും മറ്റ് വിദഗ്ധരുമുൾപ്പെടെയുള്ളവർ അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കുന്നു. 2011-ൽ അദ്ദേഹത്തിന് ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു.
ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.വർഷങ്ങളുടെ നിരന്തര പരിശ്രമത്തേത്തുടർന്ന് സലാം ബോംബെ (1988) എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ഖാൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ദി വാരിയർ (2001) എന്ന ബ്രിട്ടീഷ് സിനിമയിൽ അഭിനയിച്ചതിന് ശേഷം ഹാസിൽ (2003), മക്ബൂൾ (2004) എന്നീ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് മുന്നേറ്റം നടത്തി. ദി നെയിംസേക്ക് (2006), ലൈഫ് ഇൻ എ … മെട്രോ (2007), പാൻ സിംഗ് തോമർ (2011) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി. ഇതിൽ പാൻ സിംഗ് തോമർ (2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി. ദി ലഞ്ച്ബോക്സ് (2013), പിക്കു (2015), തൽവാർ (2015), നോ ബെഡ് ഓഫ് റോസസ്, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിലൂടെ കൂടുതൽ വിജയങ്ങൾ ലഭിക്കുകയും ദ അമേസിംഗ് സ്പൈഡർമാൻ (2012), ലൈഫ് ഓഫ് പൈ (2012), ജുറാസിക് വേൾഡ് (2015), ഇൻഫെർനോ (2016) എന്നീ ഹോളിവുഡ് ചിത്രങ്ങളിൽ സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ഹിന്ദി മീഡിയം (2017) എന്ന ചിത്രം മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. അതിന്റെ തുടർച്ചയായ ആംഗ്രെസി മീഡിയം (2020) അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നു. 2020 ഏപ്രിൽ 29 ന് 53 വയസ് പ്രായമുള്ളപ്പോൾ അദ്ദേഹം അന്തരിച്ചു.