അംരീഷ് പുരി
ഇന്ത്യൻ സിനിമയിലെ ഒരു നടനായിരുന്നു അംരീഷ് ലാൽ പുരി. ഹിന്ദിയിലായിരുന്നു ഇദ്ദേഹം പ്രധാനമായും അഭിനയിച്ചത്. ഹിന്ദിയിലെ മി. ഇന്ത്യ-1987 എന്ന സിനിമയിലെ മുകംബോ എന്ന അദ്ദേഹത്തിന്റെ വേഷം അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ്. ഹിന്ദി സിനിമയായ മിസ്റ്റർ ഇന്ത്യലെയും (1987), ഹോളിവുഡ് സിനിമയായ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം (1984) എന്ന ചിത്രത്തിലെയും കഥാപാത്രങ്ങൾ അംരീഷ്പുരിയുടെ അഭിനയ മികവ് തെളിയിച്ച കഥാപാത്രങ്ങളിൽ ചിലതാണ്.
ജീവിതരേഖ
പഞ്ചാബിലെ ജലന്ദറിനടുത്തുള്ള നവൻശേഹർ എന്ന ജില്ലയിൽ 1932ൽ ലാല നിഹാൽ ചന്ദിന്റെയും(അച്ഛൻ), വേദ് കോറിന്റെയും(അമ്മ) മകനായി ജനിച്ചു. അംരീഷ് പുരിക്ക് ചമൻ പുരി, ഓം പുരി(രണ്ടുപേരും നടന്മാരാണ്) എന്നീ രണ്ടു സഹോദരന്മാരും, ചന്ദ്രകാന്ത എന്ന ഒരു സഹോദരിയും ഉണ്ട്. 1957ലാണ് അംരീഷ് പുരി വിവാഹിതനാവുന്നത് വധു ഊർമിള ദിവേകർ. അംരീഷ് പുരിയുടെ മകന്റെ പേര് രാജീവ് പുരി എന്നും മകളുടെ പേര് നംമ്രത പുരി എന്നുമാണ്. അഭിനയത്തിനോട് താത്പര്യമുണ്ടായിരുന്ന അംരീഷ് പുരി മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തീയറ്റർ എന്ന നാടകശാലയിൽ സത്യദേവ് ദുബെ രചിച്ച നാടകങ്ങളിൽ അഭിനയിക്കുകയും തുടർന്ന അദ്ദേഹത്തിന് 1979ൽ സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിക്കുകയും ചെയ്തു. വില്ലനായും, സഹനടനായും വെള്ളിത്തിരയിൽ തിളങ്ങിയ അംരീഷ് പുരി 400ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, കന്നഡ, ഹോളിവുഡ്, പഞ്ചാബി, തമിഴ്, മലയാളം, തെലുഗു തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച അംരീഷ് പുരി 2005ൽ മുബൈയിൽ തന്റെ 72-ആം വയസ്സിൽ മരണമടഞ്ഞു.