ActorsEncyclopediaFilm Spot

അനൂപ് മേനോൻ

മലയാളചലച്ചിത്ര അഭിനേതാവും, തിരക്കഥാകൃത്തും സംവിധായകനുമാണ് അനൂപ് മേനോൻ (ജനനം : 03 ഓഗസ്റ്റ് 1977) ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി.

ജീവിതരേഖ

1977 ഓഗസ്റ്റ് മൂന്നിന് ഗംഗാധരൻ നായരുടേയും ഇന്ദിര മേനോൻറെയും മകനായി കോഴിക്കോട്ട് ജനിച്ചു. പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ സ്വപ്നം കൂടാതെ മേഘം എന്നി പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽകൂടിയാണ് മേനോൻ കൂടുതൽ ശ്രദ്ധ നേടിയത്. പിന്നീട് 2008-ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. 2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. അജയ ചന്ദ്രൻ എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘടകങ്ങളാണ് മേനോൻ അവതരിപ്പിച്ചത്.പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും മേനോൻ ഏറെ ശ്രദ്ധേയനായി. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയുൾപ്പെടെ 12-ഓളം സിനിമകളുടെ കഥാകൃത്ത് അനൂപ് മേനോനാണ്. 15 ഓളം സിനിമകൾക്ക് തിരക്കഥ എഴുതിയ അനൂപ് മേനോൻ 2020-ൽ കിംഗ്ഫിഷ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സംവിധാന രംഗത്തും ചുവടുറപ്പിച്ചു. ഇതുവരെ മലയാളത്തിൽ 70 സിനിമകളിലഭിനയിച്ച അനൂപ് മേനോൻ 2011-ൽ റിലീസായ ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ഗാനരചന രംഗത്തും സജീവമായി. ഇതുവരെ ഏഴു സിനിമകൾക്ക് വേണ്ടി പാട്ടെഴുതി.