മാമുക്കോയ
മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ചലചിത്രനടനായിരുന്നു മാമുക്കോയ. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. കോഴിക്കോടൻ സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കുതിരവട്ടം പപ്പു ഇതിനു മുമ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായി ത്തീർന്നത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാസ്യ കഥാപാത്രങ്ങൾ വളരെ തൻമയത്തോടെ അവതരിപ്പിച്ച അദ്ദേഹം കാൻസർ രോഗത്തിന് ചികിൽസയും തേടിയിരുന്നു. 2023 ഏപ്രിൽ 26 ന് അന്തരിച്ചു.
ജീവിതം
മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട്ജില്ലയിലെ ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠൻ സംരക്ഷിച്ചു. കോഴിക്കോട് എം. എം. ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ സ്കൂളിൽ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു മാമുക്കോയ. കോഴിക്കോട്ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധധനായി. നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. സുഹൃത്തുക്കൾ ചേർന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂർ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ.