റഹ്മാൻ
മലയാളിയായ ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടനാണ് റഹ്മാൻ (ജനനം മേയ് 23, 1967 – ). യഥാർത്ഥ പേര്- റഷീൻ റഹ്മാൻ, തമിഴ്,മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു. എൺപതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തിൽ ഇടവേള വന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ രഘുമാൻ, രഘു എന്നീ സ്ക്രീൻ നാമങ്ങളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. ഭരതൻ, കെ. ബാലചന്ദർ, പ്രിയദർശൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പഴയതലമുറയ്ക്കൊപ്പവും അദ്ദേഹം അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ കൂട്ടുകെട്ടിന്റേതായി ഏഴ് ചിത്രങ്ങൾ പുറത്തുവന്നു. ഇവയിലേറെയും സൂപ്പർ ഹിറ്റുകളായിരുന്നു. 2004 മുതൽ മലയാള സിനിമകളിൽ തിരിച്ചുവരവ് നടത്തിയ ഇദ്ദേഹം 2000 ന് ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായക, ഉപനായക വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.