സായി കുമാർ
മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് സായ്കുമാർ (ജനനം: 14 ഏപ്രിൽ 1963) 1989-ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയോടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്. പിന്നീട് സ്വഭാവ നടനായും വില്ലനായും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സായ്കുമാർ മാറി.
ജീവിതരേഖ
മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സായ്കുമാർ മലയാള സിനിമയിലെ പ്രശസ്തനായ ചലച്ചിത്ര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടേയും വിജയലക്ഷ്മിയമ്മയുടേയും മകനായി 1963 ഏപ്രിൽ 14ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. മലയാള ചലച്ചിത്ര അഭിനേത്രിയായ ശോഭാ മോഹൻ സഹോദരിയാണ്. 1977-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സായ്കുമാർ തൻറെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് കഥയറിയാതെ, ഇതും ഒരു ജീവിതം എന്നീ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് പോന്ന സായ്കുമാറിൻറെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് 1989-ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയാണ്. വൻ വിജയം നേടിയ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലെ നായക വേഷം സായ്കുമാറിനെ മലയാള സിനിമയിൽ തിരക്കുള്ള നടനാക്കി മാറ്റി. തുടർന്ന് കുറച്ച് സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. ലോ ബജറ്റ് കോമഡി സിനിമകളായിരുന്നു അവയെല്ലാമെന്നത് കൊണ്ട് തന്നെ നായക വേഷങ്ങളിൽ അധികനാൾ തുടർന്നില്ല. താമസിയാതെ അദ്ദേഹം സ്വഭാവ വേഷങ്ങളിലേക്കും വില്ലൻ വേഷങ്ങളിലേക്കും ചുവട് മാറി. 1996-ലെ ഹിറ്റ്ലർ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ് സായ്കുമാർ വില്ലൻ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ വേഷം ചെയ്ത സായ്കുമാറിൻറെ ശ്രദ്ധിക്കപ്പെട്ട വില്ലൻ വേഷം 2002-ലെ കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ ക്രൂരനായ ഗുണ്ടയുടേതാണ്. 2004-ൽ റിലീസായ സേതുരാമയ്യർ സി.ബി.ഐ എന്ന സിനിമയിൽ ശബ്ദ ക്രമീകരണം കൊണ്ടും ശാരീരിക ചലനങ്ങൾ കൊണ്ടും അനശ്വര നടൻ സുകുമാരനെ സായ്കുമാർ പുന:സൃഷ്ടിച്ചു. സേതുരാമയ്യർ സി.ബി.ഐ എന്ന സിനിമയിലെ ഡി.വൈ.എസ്.പി സത്യദാസ് എന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രീതി നേടിയ വില്ലൻ വേഷങ്ങളിലൊന്നാണ്. 2005-ലെ രാജമാണിക്യം എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായും 2007-ലെ ഛോട്ടാ മുംബൈ എന്ന സിനിമയിൽ മോഹൻലാലിൻറെ പിതാവായും അഭിനയിച്ചു കൊണ്ട് ക്യാരക്റ്റർ റോളുകളിൽ അഭിനയിക്കാനുള്ള കഴിവ് അദ്ദേഹം പ്രകടമാക്കി. മലയാളത്തിൽ ഇതുവരെ ഏകദേശം 300-ഓളം സിനിമകളിൽ സായ്കുമാർ അഭിനയിച്ചു. 2007-ൽ റിലീസായ ആനന്ദഭൈരവി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് സായ്കുമാറിന് ലഭിച്ചു.