ActorsEncyclopediaFilm Spot

നെടുമുടി വേണു

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ (ജീവിതകാലം: 22 മെയ് 1948- 11 ഒക്ടോബർ 2021). ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം,[4][5] മലയാളത്തിലും തമിഴിലുമായി ഏകദേശം 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2021 ഒക്ടോബർ 11-ന് ഇദ്ദേഹം അന്തരിച്ചു.

ജീവിതരേഖ

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപക ദമ്പതികളായിരുന്ന പരേതരാത പി.കെ. കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയമകനായി 1948 മെയ് 22-നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. അദ്ദേഹത്തിന് നാല് മൂത്ത സഹോദരന്മാരുണ്ടായിരുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. നെടുമുടിയിലെ എൻ‌.എസ്‌.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്.ഡി കോളേജിലെ പഠന കാലത്ത് സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. ഇത് ആത്യന്തികമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി. ജയൻ മരിക്കുകയും മലയാള സിനിമയിൽ നവോത്ഥാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നെടുമുടി ചലച്ചിത്ര ലോകത്ത് എത്തുന്നത്.

അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായിരുന്നു. സമർത്ഥനായ ഒരു മൃദംഗം വായനക്കാരൻകൂടിയായിരുന്നു അദ്ദേഹം.