സുരാജ് വെഞ്ഞാറമൂട്
മലയാളചലച്ചിത്ര വേദിയിലെ ഒരു അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും 2019 – ൽ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.
സിനിമാ ജീവിതം
തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്. അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിൽ നായക വേഷവും ചെയ്തു,സുരാജ് പ്രധാന വേഷം കൈകാര്യം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും 2017 ജൂൺ മുപ്പതിന് പുറത്ത് വന്നു.
വ്യക്തിജീവിതം
ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനായിരുന്ന കെ. വാസുദേവൻ നായരുടെയും വിലാസിനിയമ്മയുടെയും ഇളയ മകനായി 1976 ജൂൺ 30-ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സുരാജ് ജനിച്ചത്. ആർമി ഉദ്യോഗസ്ഥനായ സജിയും സുനിതയുമാണ് സഹോദരങ്ങൾ.