EncyclopediaScience

സിലിക്ക ജെല്ലും കരിക്കട്ടെയും

ഇലകട്രോണിക് ഉപകരണങ്ങളുടെയും മറ്റും പായ്ക്കറ്റുകള്‍ക്കുള്ളില്‍ മുത്തുമണികള്‍ പോലെയുള്ള ഒരു വസ്തു ചെറിയ കവറുകളിലാക്കി വച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകും. ഇതാണ് സിലിക്ക ജെല്‍.

  കാഴ്ചയില്‍ ഉരുണ്ട കുഞ്ഞന്‍ വെള്ളാരകല്ലുകള്‍ പോലിരിക്കുന്ന ഇവ വലിയ ഉപകാരികളാണ്. ഇലക്ടോണിക് ഉപകരണങ്ങള്‍ ഈര്‍പ്പം തട്ടി കേടു വരാതിരിക്കാനാണ് സിലിക്ക ജെല്ലും അവയ്ക്കൊപ്പം പായ്ക്ക് ചെയ്യുന്നത്, ചുറ്റുമുള്ള വായുവില്‍ നിന്ന് ജലാംശം വലിച്ചെടുക്കുന്ന ഇവ അന്തരീക്ഷത്തെ ഈര്‍പ്പരഹിതമാക്കി സൂക്ഷിക്കുന്നു.

  ജലതന്മാത്രകളോട് വലിയ ഇഷ്ടമാണ് സിലിക്ക ജെല്ലിനു, ഇതിന്റെ പ്രതലത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കാഴിയാത്തത്ര ചെറിയ കുഴികളുണ്ട്. ജലതന്മാത്രകളെ കണ്ടാലുടന്‍ പിടിച്ചു വയ്ക്കും. രസതന്ത്രത്തിന്റെ ഭാഷയില്‍ ഇതിന് അഡ്സോര്‍പ്ഷന്‍ എന്ന് പറയുന്നു. ചുറ്റുമുള്ള വായുവില്‍നിന്ന് ജലതന്മാത്രകളെ വലിച്ചെടുക്കുന്ന ഇത്തരം പദാര്‍ഥങ്ങളെ ഡെസിക്കന്റ്റ് പദാര്‍ഥങ്ങളെന്നാണ് വിളിക്കുക.

   അഡ്സോര്‍പ്ഷന്‍ എന്ന ഈ സൂത്രമുപയോഗിച്ച് വാതകങ്ങളെ അരിച്ചുമാറ്റാന്‍ കഴിവുള്ള ഒരാള്‍ നമ്മുടെ അടുക്കളയിലുണ്ട്. സാക്ഷാല്‍ കരിക്കട്ട വലിയ ഫാക്ടറികളിലും മറ്റും വിഷവാതകംശ്വസിച്ച് അപകടം ഉണ്ടാകാതിരിക്കാന്‍ ആളുകള്‍ മാസ്ക് ധരിക്കുന്നത് കണ്ടിട്ടുണ്ടാകും. ഇത്തരം മാസ്കുകളില്‍ വിഷവാതത്തെ പ്രതിരോധിക്കാന്‍ ചിരട്ടക്കാരിയുടെ പൊടിയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുക, ഇങ്ങനെ ഉപയോഗിക്കുന്ന ചിരട്ടക്കരിയെ ആക്റ്റിവേറ്റഡ് ചാര്‍ക്കോള്‍ എന്ന് വിളിക്കുന്നു.

  ആക്റ്റിവേറ്റഡ് ചാര്‍ക്കോളിന് വിഷവാതകങ്ങളെ അഡ്സോര്‍പ്ഷന്‍ വഴി പിടിച്ചുവയ്ക്കാനാകും. അടുക്കളയില്‍ കറിയും മറ്റും കരിഞ്ഞാല്‍ പണ്ടുള്ളവര്‍ അതില്‍ കരിക്കട്ടയിട്ട് അടച്ചുവയ്ക്കുന്നത് കാണാം. കരിക്കട്ടയ്ക്ക് കരിഞ്ഞമണം വലിച്ചെടുക്കാന്‍ കഴിയുന്നത് കൊണ്ടാണിത്.

  വെളുത്ത പൊടിരൂപത്തില്‍ കാണപ്പെടുന്ന അണ്‍ഹൈഡ്രാസ് കാത്സ്യം ക്ലോറൈഡും ഈര്‍പ്പരഹിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു സംയുക്തമാണ്. കറിയുപ്പിനും അന്തരീക്ഷത്തില്‍നിന്ന് വെള്ളം വലിച്ചെടുക്കാന്‍ കഴിവുണ്ട്, ഇവ അബ്സോര്‍പ്ഷന്‍ എന്ന വിദ്യയിലൂടെയാണ് വെള്ളം വലിക്കുന്നതെന്നുമാത്രം.