EncyclopediaFood

ഒരു നിറം, പല തരം

പലതരം പാലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഹോമോജനൈഡ്സ്, പാസ്ചുറൈസ്ഡ്, അള്‍ട്രാ പാസ്ചുറൈസ്ഡ്, അള്‍ട്രാ പാസ്ചുറൈസ്ഡ്, സ്കിംഡ് ഇവാപൊറെറ്റഡ് എന്നിങ്ങനെ പല പേരുകളില്‍ പാല്‍ ലഭിക്കും, ഇവയോരോന്നും തമ്മില്‍ വ്യത്യാസമുണ്ട്.

   കൊഴുപ്പിന്‍റെ ചെറു കണികകളും വെള്ളവും പഞ്ചസാരയും പ്രോട്ടീനുമൊക്കെ ചേര്‍ന്നുണ്ടാകുന്ന ഒരു ദ്രാവകമാണ് പാല്‍, പാലിനെ ഉന്നത മര്‍ദ്ദത്തില്‍ ചെറിയ ട്യൂബുകളിലൂടെ കടത്തിവിടുന്ന പ്രക്രിയയാണ് ഹോമോജനൈസേഷന്‍, ഇതോടെ പാലിലെ കൊഴുപ്പ് കണികകളെല്ലാം ഒരേ വലിപ്പത്തില്‍ മുറിഞ്ഞ് പാലില്‍ ഒരുപോലെ വിതരണം ചെയ്യപ്പെടുന്നു, ഇതാണ് ഹോമോജനൈസ്ഡ് മില്‍ക്ക് ഈ പാല്‍ പാടകെട്ടില്ല.

  പാലിലുള്ള ഉപദ്രവകാരികളായ ബാക്ടീരിയകളെ കൊന്നൊടുക്കി പാല്‍ ചീത്തയാകാതെ സംരക്ഷിക്കുന്ന വിദ്യയാണ് പാസ്ചുറൈസേഷന്‍. ലൂയി പാസ്ചറാണ് ഈ വിദ്യ കണ്ടെത്തിയത്. പാല്‍ 72 ഡിഗ്രി സെല്‍ഷ്യസില്‍ 16 സെക്കന്റ് നേരത്തെക്കോ 65 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിട്ട് നേരത്തേക്കോ ചൂടാക്കുന്നു, ഇങ്ങനെ ചൂടാക്കി ശുദ്ധിചെയ്യ്ത പാലാണ് പാസ്ചുറൈസ്ഡ് മില്‍ക്ക്. ഇത് 15 ദിവസം വരെ ചീത്തയാകാതിരിക്കും.

  140 മുതല്‍ 150 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ഊഷ്മാവില്‍ നാല് സെക്കന്റ് നേരത്തേക്ക് പാല്‍ തിളപ്പിച്ച് ശുദ്ധിചെയ്യുന്ന രീതിയാണ് അള്‍ട്രാ പാസ്ചുറൈസേഷന്‍, ഈ രീതിയില്‍ ശുദ്ധി ചെയ്ത് പായ്ക്കറ്റിലാക്കിയ പാല്‍ ആറു മാസം വരെ കേടുവരില്ല.

  കൊഴുപ്പും കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളും നീക്കംചെയ്യ്ത് തയ്യാറാക്കുന്ന പാലാണ് സ്കിംഡ് മില്‍ക്ക്. പ്രമേഹരോഗികള്‍, അമിത വണ്ണമുള്ളവര്‍, കൊളസ്ട്രോള്‍ രോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ക്ക് ഉപയോഗിക്കാന്‍ ഫലപ്രദമായ പാലാണിത്.

  പാല്‍ തിളപ്പിച്ച് അതിലെ പകുതി വെള്ളം നീക്കം ചെയ്ത് തയ്യാറാക്കുന്നതാണ് ഇവാപൊറേറ്റഡ് മില്‍ക്ക്, പായ്ക്കറ്റിലാക്കിയ ഇവാപൊറേറ്റഡ് മില്‍ക്ക് ആറു മാസത്തോളം കേടു കൂടാതിരിക്കും.