EncyclopediaGeneralTrees

ശംഖുപുഷ്പം

ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ലീഷിൽ Asian pigeonwings, bluebellvine, blue pea, butterfly pea, cordofan pea, Darwin pea എന്നീ പേരുകളിൽ അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Clitoria ternatea) . സ്ത്രീകളൂടെ ജനനേന്ദ്രിയങ്ങളുടെ ഭാഗമായ കൃസരിയുടെ സമാന രൂപമായതിമാലാണ് ആംഗലേയത്തിൽ ആ പേർ വന്നത്. ആയുർ‌വേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലുമാണ്‌ ഇവയുടെ ഉത്ഭവം എന്നു വിശ്വസിക്കുന്നു.

വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല, വെള്ള (Clitoria ternatea alba) എന്നിങ്ങനെ രണ്ടിനമുണ്ട്. അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു. മനോഹരമായ പൂവ് ഒറ്റയായി ഉണ്ടാകുന്നു. പൂക്കളുടേയും ഫലങ്ങളുടേയും ആകൃതി പയർ ചെടിയിലേതു പോലെയാണ്. ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും.

ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധിശക്തി, ധാരണാശക്തി എന്നിവ കൂടും എന്നു വിശ്വസിക്കപ്പെടുന്നു. ശംഖുപുഷ്പത്തിന്റെ വേരിന് മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു. നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. പനി കുറയ്ക്കാനും ശരീരബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗിക അസുഖങ്ങൾക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു. പൂവ് ഇട്ടു തിളപ്പിച്ച വെള്ളം (ഒരു കപ്പിന് മൂന്നോ നാലോ പൂവ്) കട്ടൻചായപോലെ ഉന്മേഷദായകമായ ഒരു പാനീയമായി ഇപ്പോൾ കരുതുന്നുണ്ട്. ശംഖുപുഷ്പം എടുക്കുമ്പോൾ അതിന്റെ അടിഭാഗത്തുള്ള ഞെട്ട് കളഞ്ഞ് ഇതളുകൾ മാത്രം എടുക്കുക. പഞ്ചസാര ചേർക്കാതെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ന്യൂറോ ട്രാൻസ്മിറ്ററായ അസെറ്റൈൽ കൊളൈന്റെ അളവു വർദ്ധിപ്പിച്ച്  ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ചു ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിൽ ഉപകരിക്കുമെന്നും അർബുദസാധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങളിൽ പറയുന്നു.