EncyclopediaGeneralTrees

നരിവെങ്കായം

അസ്പരാഗേസീ (Asparagaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഓഷധസസ്യമാണ് നരിവെങ്കായം. (ശാസ്ത്രീയനാമം: Drimia indica). കാടുകളിൽ സാധാരണയായി കാണപ്പെടുന്നതുകൊണ്ട് കാട്ടുള്ളി എന്നും ഇത് അറിയപ്പെടുന്നു. ആകർഷകമായ പുഷ്പങ്ങളുള്ളതിനാൽ ഇത് പൂന്തോട്ടങ്ങളിൽ നട്ടുവളർത്താറുണ്ട്. 75 സെ.മീറ്ററോളം ഉയരത്തിൽ വളരുന്ന ബഹുവർഷി സസ്യമാണ് നരിവെങ്കായം. വർഷംതോറും സസ്യത്തിന്റെ മണ്ണിനുമുകളിലുള്ള ഭാഗങ്ങൾ നശിച്ചുപോകുമെങ്കിലും പ്രകന്ദം മണ്ണിനടിയിൽ നിലനിൽക്കും, വർഷകാലാരംഭത്തോടെ പ്രകന്ദത്തിൽനിന്ന് വായവഭാഗം മുളച്ചുപൊങ്ങുന്നു. അണ്ഡാകൃതിയിലുള്ള പ്രകന്ദത്തിന് 5 മുതൽ10 സെ.മീ.വരെ വ്യാസമുണ്ടായിരിക്കും. രൂക്ഷഗന്ധമുള്ള പ്രകന്ദത്തിന് വെള്ളയോ വിളറിയ മഞ്ഞയോ നിറമാണ്. ഇലകൾക്ക് 10 മുതൽ 30 സെ.മീ. വരെ നീളവും 1.5 മുതൽ 3 സെ.മീ. വരെ വീതിയുമുണ്ട്. ഇലകൾ ദീർഘാകാരമാണ്. അഗ്രം കൂർത്തിരിക്കുന്നു. പുഷ്പമഞ്ജരിക്ക് 15 മുതൽ 32 സെ.മീ. വരെ നീളമുണ്ടായിരിക്കും. പുഷ്പവൃന്തം 2 മുതൽ 4 സെ.മീ. വരെ നീളമുള്ളതാണ്. ഇളം തവിട്ടുനിറത്തിലുള്ള പുഷ്പങ്ങൾ കീഴോട്ട് തൂങ്ങിക്കിടക്കുന്നു. ആറ് കേസരങ്ങളുണ്ട്. അണ്ഡാശയത്തിന് മൂന്ന് അറകളാണുള്ളത്. രണ്ടറ്റവും നേർത്തുകൂർത്തിരിക്കുന്ന കായ 1.5 മുതൽ 2 സെ.മീ. വരെ നീളമുള്ളതാണ്. വിത്തുകൾക്ക് ആറ് മി.മീ. നീളവും മൂന്ന് മി.മീ. വീതിയുമുണ്ട്. വിത്തുകൾ പരന്നതും കറുപ്പുനിറത്തിലുള്ളതുമാണ്.