തൊട്ടാവാടി
കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. (Mimosa Pudica Linn). Fabaceae എന്ന സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യം, ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്നു ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്നു. ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്റെ ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏത് വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളും. എന്തു വസ്തുവും ഈ പ്രവർത്തനത്തിനു കാരണമാകാം. ഈ ചുരുളൽ ഏതാനം സെക്കന്റുകൾ കൊണ്ട് പൂർണ്ണമാകും. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ. ഒരു മീറ്ററോളം നീളത്തിൽ പടർന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്. നൈസർഗികമായ പരിതഃസ്ഥിതിയിൽ ചതുപ്പ്, മൈതാനം, റോഡുകൾ എന്നിവിടങ്ങളിൽ തൊട്ടാവാടി കണ്ടുവരുന്നു.ബ്രസീലിൽ നിന്ന് പോർച്ചുഗീസ് ചരക്കുകപ്പലുകൾ ഫല സസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറിപ്പോന്നതാണ് തൊട്ടാവാടി.ഒരു അധിനിവേശസസ്യം കൂടിയാണിത്.