കൊട്ടം
വംശനാശഭീഷണി നേരിടുന്ന ഒരു ഔഷധസസ്യമാണ് കൊട്ടം. (ശാസ്ത്രീയ നാമം: സൊസ്സൂറിയ ലാപ്പ, Saussurea lappa) കാശ്മീരിൽ കൂടുതലുണ്ടാകുന്നത് എന്ന അർത്ഥത്തിൽ കാശ്മീരജം, പുഷ്കരമൂലത്തോട് സാദൃശ്യമുള്ള സസ്യം എന്ന അർത്ഥത്തിൽ പുഷ്കര എന്നിങ്ങനെയുള്ള പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ചർമ്മരോഗങ്ങൾ, ശ്വാസം, കാസം (ചുമ) ഇവയെ ശമിപ്പിക്കാൻ സവിശേഷ ശക്തിയുള്ള ഒരൗഷധമാണിത്. ഗ്രീക്കുകാർ കേരളത്തിൽ നിന്നും കൊട്ടം വാണിജ്യം ചെയ്തിരുന്നു. ഗ്രീക്കു ഭാഷയിൽ കിഴക്കുനിന്നു വരുന്ന (ഹിമാലയത്തിൽ) എന്നർത്ഥമുള്ള കോസ്റ്റുസ് എന്ന പദത്തിൽ നിന്നാണ് മലയാളപദമായ കൊട്ടം ഉത്ഭവിച്ചത്.കൊട്ടത്തിന്റെ കടു തിക്ത രസങ്ങളും ഉഷ്ണവീര്യവും കൊണ്ട് കഫവും മധുര രസവും ഉഷ്ണവീര്യവും കൊണ്ട് വാതവും ശമിക്കുന്നു. അഗ്നിദീപ്തി ഉണ്ടാക്കുന്നു. ശ്വാസരോഗങ്ങൾ, കാസം (ചുമ), ചർമ്മ രോഗങ്ങൾ, അലർജി ഇവ ശമിപ്പിക്കുന്നു. ശുക്ലാർത്തവങ്ങളെ ശുദ്ധീകരിക്കുകയും ഗർഭാശയവൈകല്യങ്ങൾ അകറ്റുകയും ചെയ്യുന്നു.
വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. കൊട്ടവും ഇന്തുപ്പും നല്ലതുപോലെ പൊടിച്ച് ചുത്തപ്പുളിനീരിൽ (വിനാഗിരി) കുഴച്ച് ദേഹത്ത് തിരുമ്മിയാൽ എല്ലാത്തരം വേദനകളും ശമിക്കും എന്ന് യോഗരത്നസമുച്ചയം എന്ന ആയുർവേദ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. തമകശ്വാസത്തിൽ(ആസ്ത്മ) കൊട്ടം പൊടിച്ച പൊടി ഒരു ഗ്രാം മുതൽ മൂന്നു ഗ്രാം വരെ എടുത്ത് തേനിലോ ചൂടുവെള്ളത്തിലോ കലക്കിക്കുടിച്ചാൽ ശമനം കിട്ടും. ഈ ചികിത്സ രാവിലെയും വൈകിട്ടും എന്ന കണക്കിൽ പതിനഞ്ചു ദിവസം ചെയ്യേണ്ടതാണ്. കൊട്ടം, ദേവതാരം, രാമച്ചം, ചുക്ക് ഇവ അരച്ച് എണ്ണയിൽ കുഴച്ച് തലയിൽ പൊത്തിയാൽ തലവേദന, തലയിൽ ഉണ്ടാകുന്ന ചൊറി എന്നിവ മാറിക്കിട്ടും. കൊട്ടം, വയമ്പ്, കടുക്കാത്തോട്, ബ്രഹ്മി, താമരയല്ലി ഇവ സമമെടുത്തു പൊടിച്ച് അര ഗ്രാം മുതൽ ഒരുഗ്രാം വരെയെടുത്ത് തേനും നെയ്യും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ നിറം, കാന്തി, ആയുസ് ഇവ വർദ്ധിക്കും എന്ന്യോഗരത്നാകരം എന്ന ഗ്രന്ഥത്തിൽ കാണുന്നു.