EncyclopediaGeneralTrees

മല്ലി

സസ്യഭുക്കുകളും മാംസഭുക്കുകളും ഒരുപോലെ ഉപയോഗിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സസ്യവ്യഞ്ജനമാണ് മല്ലി. കൊറിയാൻഡർ എന്ന ആംഗലേയ നാമമുള്ള മല്ലിക്ക്, കൊറിയാൻഡ്രം സറ്റൈവം(Coriandrum Sativum) എന്നാണ് ശാസ്ത്രീയനാമം. ധ്യാന്യകം എന്നു സംസ്കൃതത്തിലും ഹരധാന്യ എന്നു ഹിന്ദിയിലും പച്ച കൊത്തമല്ലിയിലയ്ക്ക് പേരുണ്ട്.

കൊറിയാൻഡർ എന്ന പേർ ലാറ്റിൻപദമായ കൊറിയാൻഡ്രം എന്ന വാക്കിൽ നിന്നാണ് വന്നത്. കൊറിയാൻഡ്രം എന്ന പദമാകട്ടെ (corys-bed bug;andrem-resembling) എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് വന്നത്. ഈ പേരു നൽകിയത് ഗ്രീക്ക് ഫിലോസഫർ ആയ പ്ലിനിയാണ്. അമേരിക്കയിൽ സിലാന്ദ്ര എന്ന പേരിലും ചൈനീസ് പാഴ് സ്ലി എന്നു ചൈനയിലും, മെക്സിക്കൻ പാഴ് സ്ലി എന്ന് മെക്സികോയിലും അറിയപ്പെടുന്നു. അമേരിക്കയിലെ സിലാന്ദ്ര എന്ന ചെടിക്ക് മല്ലി ഇലയോളം രൂക്ഷ ഗന്ധമില്ല.

മനുഷ്യൻ ഏറ്റവും ആദ്യം ഉപയോഗിക്കാൻ തുടങ്ങിയ വ്യഞ്ജനം മല്ലി ആയിരുന്നെന്നു കരുതുന്നു. ബി.സി. 5000 മുതലുള്ള പാചകചരിത്രത്തിനു ഉടമയാണ് മല്ലിയില. പഴയനിയമത്തിലും മല്ലിയിലയെ കുറിച്ച് പരാമർശമുണ്ട്. ഹിപ്പോക്രാറ്റിസും മല്ലിയില ഉപയോഗിച്ചിരുന്നു. ഒരു സുഗന്ധ ഉത്തേജകകാരിയായാണ് അദ്ദേഹം ഇതിനെ ശുപാർശ ചെയ്തത്. ഗ്രീക്ക്, റോമൻ സംസ്കാരത്തിലും മല്ലിയും മല്ലിയിലയും ഉപയോഗിച്ചിരുന്നു. റോമാക്കാർ ഇത് റൊട്ടി സ്വാദിഷ്ഠമാക്കാനും മാംസം കേട് കൂടാതെ സൂക്ഷിക്കാനുമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

7000 വർഷങ്ങൾക്കു മുൻപുതന്നെ ഇന്ത്യയിൽ മല്ലി പ്രചാരത്തിൽ ഉണ്ടായിരുന്നു. 1670-ൽ അമേരിക്കയിൽ എത്തിയ മല്ലിയാണ് അവിടെ ആദ്യം കൃഷി ചെയ്തു തുടങ്ങിയ വ്യഞ്ജനങ്ങളിൽ ഒന്ന്. യൂറോപ്യൻ വിഭവങ്ങളിൽ മാത്രമാണ് മല്ലി ഇലയ്ക്ക് പ്രസക്തി. ബ്രിട്ടണിൽ വയലുകളിൽ കളയായോ, കൃഷി ചെയ്യാതെ ഉപേക്ഷിച്ച കിഴക്കൻ ബ്രിട്ടണിൽ കാട്ട് ചെടിയായോ മല്ലിച്ചെടി ചുരുക്കമായി കണ്ടുവരുന്നു.