EncyclopediaGeneralTrees

ശീമക്കൊന്ന

ഫബാസിയ (Fabaceae) കുടുംബത്തിൽ ഉൾപ്പെടുന്ന ചെറുമരമാണ് ശീമക്കൊന്ന (ശാസ്ത്രീയ നാമം: Gliricidia sepium). 10 മുതൽ 12 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഈ ചെടിയുടെ ജന്മദേശം മധ്യ അമേരിക്കയാണ്. പൂക്കളുണ്ടാവുന്നത് ഇലയില്ലാത്ത കൊമ്പുകളുടെ അറ്റത്തായാണ്. 4.5 മുതൽ 6.2 വരെ പി എച്ച് മൂല്യമുള്ള മണ്ണിൽ നന്നായി വളരുകയും ചെയ്യും.

കേരളത്തിൽ പച്ചില വളത്തിനായി കൃഷിയിടങ്ങളിലും പറമ്പിന്റെ അതിരുകളിൾ വേലികളായി കൊമ്പുകൾ കുത്തി നട്ടുവളർത്തുന്ന ശീമക്കൊന്നയുടെ ഇല നല്ലൊരു പച്ചില വളമാണ്. സമ്പുഷ്ടമായ നൈട്രജന്റെ സാന്നിധ്യമുള്ളതുകൊണ്ട് ശീമക്കൊന്ന ഇലയും ചാണകവും ചേർത്ത് നെൽ വയലുകളിലും തെങ്ങിൻ തോട്ടങ്ങളിലും വളമായി ഉപയോഗിക്കുന്നു. കൂടാതെ തടങ്ങളിൽ പുതയിടാനും കാലിത്തീറ്റയായും ഉപയോഗിക്കുന്നു. കന്നുകാലികളേയും മറ്റും പ്രാണീശല്യത്തിൽ നിന്നും രക്ഷിക്കാനായി വടക്കേ അമേരിക്കയിലെ കർഷകർ ഇതിന്റെ ഇല ചതച്ച് പുരട്ടാറുണ്ട്. ബീൻസിനോടു സാദൃശ്യമുള്ള അല്പം കൂടി പരന്ന കായ്കൾ ധാരാളം ഉണ്ടാകുമെങ്കിലും ഭക്ഷ്യയോഗ്യമല്ല.