ഗുൽഗുലു
ഭാരതത്തിലെ വരണ്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ഗുൽഗുലു അഥവാ ശാലമരം എന്നറിയപ്പെടുന്നത്. മൈസൂർ, ബെല്ലാരി തുടങ്ങിയ പ്രദേശങ്ങളിലും ബലൂചിസ്ഥാനിലും കണ്ടുവരുന്ന ഒരു സസ്യമാണിത്. ഹിന്ദിയിൽ ഗുഗൽ, ഗുഗ്ഗുൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമം ഗുഗ്ഗുലു, മഹിഷാക്ഷ, ദേവധൂപ എന്നിവയാണ്. ഇംഗ്ലീഷിൽ Indian bdellium tree എന്ന പേരിലും ഗുൽഗുലു അറിയപ്പെടുന്നു. ലോകത്താകമാനം 150-ലധികം ഇനം ഗുൽഗുലു മരങ്ങൾ ഉണ്ട്. ഇതിൽ ഏറിയ പങ്കും ഇന്ത്യയിലും ആഫ്രിക്കയിലുമാണ് കാണപ്പെടുന്നത്. ഇതിൽ തന്നെ 10-ൽ താഴെ ഇനം മാത്രമാണ് ഔഷധമായി ഉപയോഗിക്കുന്നത്. വേദങ്ങളിൽ ഈ വൃക്ഷത്തെ പരാമർശിക്കുന്നുണ്ട്.
വരണ്ട പ്രദേശങ്ങളിലാണ് ഇവ സാധാരണയായി വളരുന്നത്. പർവ്വത പ്രദേശങ്ങളിൽ ചെറിയ മരമായിട്ടാണ് ഇത് കാണപ്പെടുന്നത്. തണ്ടുകൾ കനം കുറഞ്ഞ് ചാരനിറത്തിൽ കാണപ്പെടുന്നു. ഇവയിൽ ആദ്യമുണ്ടാകുന്ന ശാഖകൾ വെള്ള രോമങ്ങളാൽ ആവൃതമായിരിക്കും. ശാഖാഗ്രങ്ങളിൽ മുള്ളുകൾ കാണപ്പെടുന്നു. വളരെ ചെറിയയതായ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. വേനലിലാണ് വൃഷം പുഷ്പിക്കുന്നത്. അഞ്ചു വീതം ദളങ്ങളും ബാഹ്യദളങ്ങളും കാണുന്നു. ചുവപ്പുനിറമുള്ള പൂക്കൾ സംയുക്തമായി വളരുന്നു. ഇവയിൽ പത്തോളം കേസരങ്ങൾ ഉണ്ട്. വൃക്ഷത്തിലെ പൂക്കളും ഇലയും ഞരടുമ്പോൾ സുഗന്ധം പുറപ്പെടുവിക്കുന്നു. തടി മൂപ്പെത്തുമ്പോൾ ഊറിവരുന്ന സുഗന്ധമുള്ള കറ ഔഷധമായി ഉപയോഗിക്കുന്നു. കായകളും ഔഷധങ്ങളായി ഉപയോഗിക്കുന്നു. ബലമുണ്ടെങ്കിലും പ്രധാന തടി വളഞ്ഞുപുളഞ്ഞു വളരുന്നതിനാൽ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗയോഗ്യമല്ല. വനത്തിൽ സ്വാഭവിക പുനരുത്ഭവം നടക്കുന്നുണ്ട്. ഗുല്‌ഗുലു വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണ്. പതുക്കെയുള വളർച്ച, വിത്തുവിതരണത്തിലെ കാര്യക്ഷമതയില്ലായ്മ, കൃഷിചെയ്യുന്നതിന്റെ കുറവ്, കായ്‌കൾ മുളയ്ക്കുന്നതിന്റെ കുറവ് എന്നിവ കൂടാതെ മരുന്നുകച്ചവടക്കാരുടെ അശാസ്ത്രീയവും അമിതവുമായ ചൂഷണവുമാണ് ഇതിന് കാരണം.
തടി മൂപ്പെത്തുമ്പോൾ ഊറി വരുന്ന കറയും കായകളും ഔഷധമായി ഉപയോഗിക്കുന്നു. പ്രധാനമായും ഊറിവരുന്ന കറയുടെ അടിസ്ഥാനത്തിൽ ഗുൽഗുലു അഞ്ചായി തിരിച്ചിരിക്കുന്നു. ചാരവർണ്ണത്തിൽ കറയുള്ളവയെ മഹിഷാക്ഷം എന്നറിയപ്പെടുന്നു. കറുപ്പുനിറത്തിലുള്ള കറയുള്ളവയെ മഹാനീലം എന്നും വെള്ളനിറത്തിലുള്ളവയെ കുമുദം എന്നും ചുവന്നതിനെ പദ്മം എന്നും സ്വർണ്ണത്തിന്റെ നിറത്തിലുള്ളവയെ ഹിരണ്യം എന്നും പറയുന്നു. ഇതിൽ ഹിരണ്യമാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്. അത് ലഭ്യമല്ല എങ്കിൽ മഹിഷാക്ഷവും ഉപയോഗിക്കുന്നു.
ശുദ്ധിചെയ്ത ഗുൽഗുലുവാണ് ഔഷധങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്. പച്ചമഞ്ഞൾ, വേപ്പില എന്നിവ 45 ഗ്രാം വീതം ചതച്ച് 1.440 ലിറ്റർ വെള്ളത്തിലിട്ട് ഒരു പാത്രത്തിൽ ചൂടാക്കുക. പാത്രത്തിനുമുകളിൽ ഒരു തുണി വലിച്ചുകെട്ടിയതിൽ ഗുൽഗുലു പരത്തിയിട്ട്; മുകളിൽ വേറൊരു പാത്രം കൊണ്ടുമൂടി 3 മണിക്കൂർ കഴിഞ്ഞാൽ ഗുൽഗുലു എടുത്ത് നല്ലതുപോലെ കഴുകി ഉണക്കിയാൽ ഗുൽഗുലു ശുദ്ധമാകും . കഫം, വാതം, വൃണം, പ്രമേഹം, ആമവാതം, അശ്മരി, കുഷ്ഠം, ഗ്രന്ഥിവീക്കം, അർശസ്, ചുമ, വാതരക്തം, മഹോദരം എന്നീ അസുഖങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്നു.