EncyclopediaGeneralTrees

കുരങ്ങുമഞ്ഞൾ

ദക്ഷിണ ഇന്ത്യയിലെ നനവുള്ള ഇലപൊഴിയും കാടുകളിൽ അങ്ങിങ്ങായി കണ്ടുവരുന്ന ഒരു ചെറുമരമാണ് കുരങ്ങുമഞ്ഞൾ. മദ്ധ്യ അമേരിക്കയിൽ നിന്നാണ് ഇതിവിടെ എത്തിയിട്ടുള്ളത് എന്നു കരുതപ്പെടുന്നു. കുപ്പമഞ്ഞൾ, കുരങ്ങൻ കായ എന്നും കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇവ കുങ്കുമം, കുങ്കുമപ്പൂമരം എന്നും അറിയപ്പെടുന്നു. 20 അടി വരെ ഉയരത്തിൽ വളരുന്ന ഈ ചെടി 50 വർഷത്തോളം നിലനിൽക്കും. ഏകാന്തര പത്രവിന്യാസമാണ്. അനുപർണങ്ങൾ ചെറുതാണ്. ഇല ഞെരടിയാൽ ദുർഗന്ധം അനുഭവപ്പെടും. മൂന്നു വർഷം പ്രായമായാൽ കുപ്പമഞ്ഞൾ പൂവിടാൻ തുടങ്ങും. പൂവ് കുലകളായിട്ടായിരിക്കും. ഡിസംബർ ജനുവരി മാസങ്ങളാണ് പൂക്കാലം. രണ്ടുതരം പൂക്കൾ ഉണ്ടാകുന്നയിനം കുപ്പമഞ്ഞൾ മരങ്ങൾ കണ്ടുവരുന്നു. ഒന്നിൽ വെള്ളപൂക്കളും മറ്റതിൽ ഇളം ചുവപ്പുപൂക്കളും. വെള്ളപൂക്കൾ ഉണ്ടാകുന്ന മരത്തിൽ പച്ചനിറത്തിലുള്ള കായ്കളും മറ്റതിൽ കടുംചുവപ്പു കായ്കളുമാണ് ഉണ്ടാകുന്നത്. അഞ്ചു സെന്റീമീറ്ററോളം വ്യാസമുള്ള പുഷ്പങ്ങൾക്ക് അഞ്ചുവീതം ബാഹ്യദളങ്ങളും ദളങ്ങളും ഉണ്ട്. പൂക്കൾ ദ്വിലിംഗികൾ ആണ്. അണ്ഡാശയത്തിന് ഒരറമാത്രമേയുള്ളു. ഡിസമ്പറിൽ കായ് വിളഞ്ഞുതുടങ്ങും. കായിൽ ചെറുമുള്ളുകൾ ധാരാളമായി കാണുന്നു.