കറ്റാർവാഴ
അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ് കറ്റാർവാഴ. ഈ സസ്യം ഏകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നവയാണ്. ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ നട്ടാണ് പുതിയ തൈകൾ കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത്. കിളിർപ്പുകൾ തമ്മിൽ ഏകദേശം 50 സെന്റീമീറ്റർ അകലത്തിലാണ് നടുന്നത്. നട്ട് ആറാം മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയിൽ നിന്നും തുടർച്ചയായി അഞ്ചു വർഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഇത് തോട്ടങ്ങളിൽ ഇടവിളയായും നടാൻ കഴിയും.ലോകം ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണ്. അതുകൊണ്ട് തന്നെ ഈ ചെടിയുടെ കൃഷിക്ക് വളരെ അധികം സാധ്യത ഉണ്ട്. ഒരു ചെടിയുടെ ആയുസ്സിൽ മൂന്നര കിലോയോളം വിളവുതരും കള്ളിമുൾ ചെടി വിഭാഗത്തിൽ പെടുന്ന ഈ കുഞ്ഞൻ.