EncyclopediaGeneralTrees

കടുകരോഹിണി

ആയുർവ്വേദത്തിൽ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കടുകുരോഹിണി അഥവാ കടുകരോഹിണി (ശാസ്ത്രീയനാമം: Picrorhiza kurroa). സംസ്കൃതത്തിൽ ഈ സസ്യത്തിന്റെ പേരുകളായ കടുരോഹിണി ,കടുകാരോഹിണി, കടുകാ, കട്വി, കുടകീ, കടുകീ, തീവ്രം, മത്സ്യപിത്താ, കടുംഭരാ, അശോകരോഹിണി, കൃഷ്ണഭേദി, ചക്രാംഗീ, ശകലാദിനി, കടുകിരമണ തുടങ്ങിയവയും കേരളത്തിലെ ആയുർവ്വേദപണ്ഡിതർ വളരെമുമ്പു മുതലേ ഉപയോഗിച്ചുപോന്നിട്ടുണ്ടു.എന്നാൽ ഇവയിൽ ചില പേരുകളിൽ അറിയപ്പെടുന്ന മറ്റു പലയിനം സസ്യങ്ങളും ധാരാളമുണ്ട്. നേപ്പാളിലെ 2700 മീറ്ററിനും 4500 മീറ്ററിനും ഇടയ്ക്കു ഉയരമുള്ള പർവ്വതപ്രദേശങ്ങളിലാണു ഒരു ചിരസ്ഥായി സസ്യമായ കടുകുരോഹിണി സ്വാഭാവികപ്രകൃതിയിൽ വളരുന്നതു്. പ്രാചീനകാലം മുതലേ നേപ്പാളിലെ കർണലി മേഖലയിൽ നിന്നും മരുന്നുകമ്പോളങ്ങളിലെത്തുന്ന പ്രധാന ഔഷധസസ്യോല്പന്നങ്ങളിൽ ഒന്നാണിത്. അവിടെ ലഭ്യമായ വനവിഭവങ്ങളിൽ താരതമ്യേന ഉയർന്ന സാമ്പത്തികപ്രാധാന്യമുള്ള സസ്യമെന്ന നിലയിൽ കടുകുരോഹിണി പരിഗണിക്കപ്പെടുന്നു. ഔഷധക്കൂട്ടുകളിൽ ഇന്ത്യൻ ജനുസ്സിന് (Gentiana kurroo) പകരമായും ഇത് ഉപയോഗിക്കാറുണ്ട്കറുത്ത കടുകുരോഹിണി , വെളുത്ത കടുകുരോഹിണി എന്നിങ്ങനെ രണ്ടിനമുണ്ട്. വെളുത്തതിനു ഗുണം കൂടും.