കടുക്
ഇന്ത്യയിൽ സർവ്വസാധാരാണമായി ഉപയോഗിക്കുന്ന ഒരു വ്യഞ്ജനമാണ് കടുക്. ഭാരതത്തിൽ കറികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വ്യഞ്ജനം കൂടിയാണ് കടുക്. മിക്ക കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയിൽ ഇട്ട് വറുത്ത് ചേർക്കുന്നു. ഈ സസ്യം ഭാരതത്തിൽ ഉടനീളം വളരുന്നതുമാണ്. ശൈത്യകാല വിള എന്നരീതിയിൽ ഉത്തർപ്രദേശ്, പഞ്ചാബ്, സംസ്ഥാനങ്ങളിലും വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണ എടുക്കുന്നതിനായി മാത്രം മധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും മൈസൂറിലും കടുക് കൃഷി ചെയ്തുവരുന്നു. ഔഷധങ്ങളുടെ ദേവനായ ഈസ്കൽപസാണ് കടുക് കണ്ടുപിടിച്ചതെന്ന് ഗ്രീക്കുകാർ വിശ്വസിക്കുന്നു.