EncyclopediaGeneralTrees

അരയാൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇലകൊഴിയും വൃക്ഷമാണ് അരയാൽ (Ficus religiosa L.). പീപ്പലം എന്നു കൂടി ഇതിന് പേരുണ്ട്. ഹിന്ദു, ബുദ്ധ മതങ്ങൾ പവിത്രമായി കരുതുന്ന വൃക്ഷമാണിത്. ഈ മതങ്ങളുടെ ആവിർഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൗദ്ധം സാംഖ്യം തുടങ്ങിയ നിരീശ്വരവാദപരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ ആൽമരങ്ങളുടെ പ്രസക്തി വർദ്ധിച്ചു. അശോക ചക്രവർത്തി ആയിരം കുടം പനിനീർ കൊണ്ട് ഒരു ബോധിവൃക്ഷത്തെ അഭിഷേകം ചെയ്തതായി രേഖകൾ ഉണ്ട്. ആൽമരങ്ങളെ ആരാധിക്കലും അവയിൽ കുടിയിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ദേവതകൾക്കുള്ള പൂജകളും പുരാതനകാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. കൂടാതെ ഇതിന്റെ വിവിധഭാഗങ്ങൾ ആയുർ‌വേദത്തിലെ പല ഔഷധങ്ങളിലും ചേരുവയായും ഉപയോഗിക്കുന്നു.