ചക്ക
ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിൻസുലക്കു കിഴക്കുവശങ്ങളിലുമായി കാണപ്പെടുന്ന മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ് എന്ന വൃക്ഷം നൽകുന്ന ഒരു കായ്ഫലം ആണ് ചക്ക. പനസം എന്നും പേരുണ്ട്. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക. സമതല പ്രദേശങ്ങളിലാണ് ഇതു സാധാരണ കാണപ്പെടുന്നത്. ഏറ്റവും വലിയ കായ്ഫലം ചക്കയാണ്. പ്ലാവ് മിക്കവാറും വലിയ തായ്ത്തടിയും ചെറിയ ശാഖകളുമുള്ള വൃക്ഷമാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ് ഉണ്ടാവുക. “വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും” എന്ന് ഒരു പഴഞ്ചൊല്ല് മലയാളത്തിൽ പ്രചാരത്തിലുണ്ട്. തായ്ത്തടിയുടെ ഏറ്റവും ചുവട്ടിൽ കായ്ക്കുന്നത് ആസ്പദമാക്കിയാണ് ആ പഴഞ്ചൊല്ല്. പഴങ്ങളിൽ നിന്നും വേർതിരിച്ചു എടുക്കുന്ന രാസപദാർത്ഥമായ പെക്ടിൻറ്റെ സമൃദ്ധ സ്രോതസ്സാണ് ചക്ക.പച്ചച്ചക്ക പുഴുക്ക് രൂപത്തിലോ നാടൻ വിഭവങ്ങളിൽ ചേർത്ത് കഴിക്കുന്നതോ പ്രമേഹം കുറയ്ക്കുമെന്ന് ചില ഗവേഷണ ഫലങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചത് 2018 മാർച്ചിലാണ്.കേരളത്തിൽ ഒരു വർഷം 30 കോടി മുതൽ 60 കോടി വരെ ചക്ക ഉൽപാദിപ്പിക്കുന്നുണ്ട്.എന്നാൽ ഇതിൽ മലയാളികൾ 2% മാത്രമാണ് ഉപയോഗിക്കുന്നത്.