EncyclopediaGeneralTrees

ചന്ദനം

സുഗന്ധദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം. (Sandal wood tree) ഭാരതീയർ പുണ്യവൃക്ഷമായി കരുതുന്ന ഇത്, ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ്‌. ഈ മരത്തിന്റെ തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു. ശാസ്ത്രീയനാമം Santalum album (Linn) എന്നാണ്‌. ലോകത്തിൽ തന്നെ വളരെ വിരളമായ ചന്ദനമരങ്ങൾ ഇന്ത്യയിൽ മൈസൂർ, കുടക്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ മൂന്നാറിനടുത്തുള്ള മറയൂർ വനമേഖലയിലാണ്‌ ചന്ദനത്തിന്റെ തോട്ടങ്ങൾ ഏറെയും ഉള്ളത് പൗരാണിക കാലം മുതൽക്ക് ഇത് രാജകീയവൃക്ഷമായി അറിയപ്പെടുന്നു.