അങ്കോർ വാട്ട്
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അങ്കോർ വാട്ട് .കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം സാക്ഷാൽ ആദിനാരായണനായ മഹാവിഷ്ണു ക്ഷേത്രമായിരുന്നെങ്കിലും പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറി.
ഇന്ന് കമ്പോഡിയയുടെ ഒരു ചിഹ്നം എന്ന നിലയിൽ പ്രധാന വിനോദ ആകർഷണമാണ് ഈ ക്ഷേത്രം. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു.[1]. നഗരം എന്ന വാക്കിന്റെ കമ്പോഡിയൻ ഭേദമായ അങ്കോർ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന പദത്തിനുപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേർന്നാണ് അങ്കോർ വാട്ട് എന്ന പദമുണ്ടായിരിക്കുന്നത്.
ചരിത്രം
നവീന കമ്പോഡിയൻ നഗരമായ സിയെം റീപ്പിൽ നിന്നും അഞ്ച് കിലോമീറ്റർ വടക്കോട്ടും പഴയ തലസ്ഥനമായ ബാപ്പുവോണിൽ നിന്നും കിഴക്കോട്ടു മാറിയും സ്ഥിതി ചെയ്യുന്നു. ഇത് പുരാതന കെട്ടിടങ്ങൾ നിറഞ്ഞ കമ്പോഡിയൻ ഭാഗമാണ്. നഗരത്തിന്റെ വിസ്തീർണം 8 ച.കി.മീ. ആണ്. ചുറ്റും ചിത്രാലംകൃതമായ മതിലുകൾ പണിതുയർത്തിയിരുന്നു. രാജ്യചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ് ഈ കോട്ടയുടെ ചുമരുകളിൽ ആലേഖനം ചെയ്തിരുന്നത്. പത്തു ലക്ഷത്തിലേറെ ജനങ്ങൾ ഒരു കാലത്ത് ഈ നഗരത്തിൽ ഉണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. മതിൽകെട്ടുകളുടെയും അവയ്ക്കുള്ളിൽ സ്ഥിതിചെയ്തിരുന്ന കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങൾ തുടങ്ങിയവയുടെയും പല നഷ്ടാവശിഷ്ടങ്ങളും കാണാൻ കഴിയും. ഈ നഗരത്തിന്റെ നിർമ്മാണം എ.ഡി. 800-ൽ ആരംഭിച്ചു, മൂന്നു നൂറ്റാണ്ടുകൾകൊണ്ടു പൂർത്തിയായി.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ (ഭരണകാലം: 1113 – 1150) എന്ന ഖെമർ രാജാവിന്റെ കാലത്താണ് ക്ഷേത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത് എന്നു കരുതപ്പെടുന്നു. വിഷ്ണുക്ഷേത്രമായ ഇത് ദേശക്ഷേത്രമായി. ക്ഷേത്രത്തിനു ചുറ്റുമായി അദ്ദേഹം തലസ്ഥാനനഗരിയും പണിതു. ക്ഷേത്രത്തിന്റെ പുരാതന നാമം വരാഹ വിഷ്ണുലോകം എന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ യഥാർത്ഥ നാമത്തെക്കുറിച്ച് സൂചിപ്പിക്കുന്ന യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ല. അതിനാൽ ഇതിന്നും ചരിത്രകാരന്മാർക്ക് അന്യമാണ്. ക്ഷേത്രനിർമ്മാണം രാജാവിന്റെ മരണത്തോടെ അവസാനിച്ചു എന്നു കരുതുന്നു. പിന്നീട് 1177ൽ, കൃത്യമായി പറഞ്ഞാൽ സൂര്യവർമ്മൻ രണ്ടാമന്റെ മരണത്തിനു 27 വർഷത്തിനു ശേഷം ഖെമറുകളുടെ പരമ്പരാഗതശത്രുക്കളായ ചമ്പ രാജവംശത്തിലെ ജയവർമ്മൻ ഏഴാമൻ പ്രദേശം കീഴടക്കുകയും ക്ഷേത്രത്തിന്റെ മിനുക്കുപണികൾ പൂർത്തിയാക്കുകയും ചെയ്തെന്നു കരുതപ്പെടുന്നു.പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജയവർമ്മൻ ഏഴാമനെ അദ്ദേഹത്തിന്റെ പൗത്രനായ ശൃംന്ദ്രവർമ്മൻ സ്ഥാനഭ്രഷ്ടനാക്കി. രാജാവാകുന്നതിനു മുൻപ് പത്ത് കൊല്ലം ശ്രീലങ്കയിൽ കഴിഞ്ഞ ശൃംന്ദ്രവർമ്മൻ, ബുദ്ധമതാനുയായി മാറിയിരുന്നു. ആയതിനാൽ ശൃംന്ദ്രവർമ്മൻ ബുദ്ധമതത്തെ തന്റെ രാജ്യത്തെ പ്രധാന മതമാക്കി മാറ്റി. ഇതേത്തുടർന്ന് അങ്കോർ വാട്ട് തേർവാദ ബുദ്ധക്ഷേത്രമായി മാറി. പതിനാറാം നൂറ്റാണ്ടിൽ ക്ഷേത്രം പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടെങ്കിലും ക്ഷേത്രത്തിനു ചുറ്റുമുള്ള കിടങ്ങ് ക്ഷേത്രത്തിന് പൂർണ്ണനാശത്തിൽ നിന്നു രക്ഷയായി.വലിയ വനത്തിന്റെ നടുവിൽ ഒറ്റപ്പെട്ട നിലയിൽ ഉണ്ടായിരുന്ന ക്ഷേത്രം ചിലപ്പോൾ അലഞ്ഞുതിരിയുന്ന ബുദ്ധസന്യാസിമാരുടെ കണ്ണിൽ പെട്ടെങ്കിലും അതിന്റെ ഉത്ഭവത്തെക്കുറിച്ച് ഉണ്ടായ അജ്ഞത അവരിൽ ക്ഷേത്രത്തെക്കുറിച്ച് ഇതിഹാസസമാനമായ കഥകൾ ഉണ്ടാകാൻ കാരണമായി. പിന്നീട് നഷ്ടപ്പെട്ടുപോയ ക്ഷേത്രനഗരത്തെക്കുറിച്ച് ചില യൂറോപ്യ ന്മാരറിയുകയും തുടർന്നുണ്ടായ തിരച്ചിലിൽ ഫ്രെഞ്ചുകാരനായ ഹെൻറി മൌഹത് 1860-ൽ ക്ഷേത്രത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഫ്രഞ്ചുകാർ ക്ഷേത്രത്തെ പുനരുദ്ധരിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയും അത് കൃത്യമായി നടപ്പക്കുകയും ചെയ്തു. പുനരുദ്ധാരണം ഇന്നും തുടരുന്നുണ്ട്.