അലൂമിനിയം
ഭൂവൽക്കത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു ലോഹമൂലകമാണ് അലൂമിനിയം. വെള്ളി നിറമുള്ള മൃദുവായ ലോഹമാണിത്. ബോക്സൈറ്റ് എന്ന അയിരിൽ നിന്നാണ് അലൂമിനിയം പ്രധാനമായും ലഭിക്കുന്നത്. അലൂമിനിയവും അതിന്റെ ലോഹസങ്കരങ്ങളും വ്യാവസായികപ്രാധാന്യമുള്ള വളരെയധികം ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. വിമാനങ്ങളുടെ നിർമ്മാണം ഇതിൽ ഒന്നാണ്. വാഹനങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായും ഇത് ഉപയോഗിക്കുന്നു.
അലൂമിനിയം (അലൂമിനം എന്നും പറയാം) ഒരു രാസമൂലകമാണ്. അതിൻറെ രാസ അടയാളം Al ഉം അറ്റോമിക നംബർ 13 ഉം ആണ്. അത് തിളങ്ങുന്ന വെള്ളിവെളുപ്പു നിറമുള്ള, മൃദുവും അകാന്തികവും അടിച്ചുനീട്ടാവുന്നതുമായ ഒരു ലോഹമാണ്. ആവർത്തന പട്ടികയിൽ അത് ബോറോൺ കൂട്ടത്തിൽ പെടുന്നു. മാസ് കണക്കിലെടുത്താൽ ഭൂമിയുടെ ക്രസ്റ്റിന്റെ എട്ടു ശതമാനത്തോളം വരും. ഭൂമിയുടെ ക്രസ്റ്റിൽ ഏറ്റവും അധികമുള്ള മൂലകങ്ങളിൽ, ഓക്സിജനും സിലിക്കോണിനും പിറകിൽ മൂന്നാം സ്ഥാനത്താണ് അലൂമിനിയം. എന്നാൽ, താഴെയുള്ള മാൻറിലിൽ അലൂമിനിയത്തിൻറെ അളവ് കുറവാണ്. അലൂമിനിയത്തിൻറെ പ്രധാന അയിര് ബോക്സൈറ്റ് ആണ്. അലൂമിനിയം രാസികമായി വളരെ പ്രവർത്തനോത്സുകമായതിനാൽ, അത് പ്രകൃതിയിൽ, കൂടിയ ഋണസാഹചര്യങ്ങളിലല്ലാതെ, മൂലകരൂപത്തിൽ കാണപ്പെടുന്നില്ല. പകരം, 270ൽ പരം ധാതുസംയുക്തങ്ങളായി കാണപ്പെടുന്നു.
അലൂമിനിയത്തിൻറെ കുറഞ്ഞ സാന്ദ്രത പ്രത്യേകം പ്രസ്താവ്യമാണ്. പാസിവേഷൻ വഴി, കൊറോഷൻ തടയാനുള്ള കഴിവ് അലൂമിനിയത്തിൻറെ പ്രത്യേകതയാണ്. അലൂമിനിയവും അതിൻറെ സന്കരലോഹങ്ങളും വ്യോമയാനവ്യവസായത്തിൽ ഏറെ പ്രധാനപ്പെട്ട അവശ്യ വസ്തുക്കളാണ്. ഇവ, വാഹനനിർമ്മാണവ്യവസായത്തിലും, മുകപ്പുകൾ, ജന്നലുകൾ തുടങ്ങിയവക്കായി കെട്ടിടനിർമ്മാണ വ്യവസായത്തിലും പ്രധാനമാണ്. ഓക്സൈഡുകളും സൾഫേറ്റുകളുമാണ് അലൂമിനിയത്തിൻറെ ഏറ്റവും ഉപയോഗത്തിലുള്ള സംയുക്തങ്ങൾ.