EncyclopediaScience

മഗ്നീഷ്യം

രാസസൂര്യൻ എന്നറിയപ്പെടുന്ന മൂലകമായ മഗ്നീഷ്യം, ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ്. ഭൌമോപരിതലത്തിന്റെ ആകെ ഭാ‍രത്തിന്റെ 2% വരും ഇതിന്റെ ഭാരം. സമുദ്രജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള മൂലകങ്ങളിൽ മൂന്നാമതാണ് ഇതിന്റെ സ്ഥാനം.മഗ്നീഷ്യം അയോൺ ജീവകോശങ്ങളിലിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മൂലകാവസ്ഥയിൽ ഇത് പ്രകൃതിയിൽ കാണപ്പെടുന്നില്ല. ഇതിന്റെ ലവണങ്ങളിൽ നിന്നാണ് ഈ ലോഹം വേർതിരിച്ചെടുക്കുന്നത്. അലൂമിനിയവുമായി ചേർത്ത് സങ്കരലോഹങ്ങൾ നിർമ്മിക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഇത്തരം സങ്കരങ്ങളെ മഗ്നേലിയം(magnelium) എന്നു പറയാറുണ്ട്.
ചരിത്രം
മഗ്നീഷ്യ എന്ന ഗ്രീക്കു സ്ഥലപ്പേരിൽ നിന്നുമാണ് ഈ മൂലകത്തിന്റെ പേരിന്റെ ഉൽഭവം. 1775-ൽ സ്കോട്ട്ലന്റിലെ ജോസഫ് ബ്ലാക്ക് ആണ് മൂലകാ‍വസ്ഥയിൽ ഇതിനെ വേർതിരിച്ചെടുത്തത്. 1808-ൽ ഹംഫ്രി ഡേവി മഗ്നീഷ്യം ഓക്സൈഡും മെർകുറിക് ഓക്സൈഡും ചേർന്ന മിശ്രിതത്തെ വൈദ്യുതവിശ്ലേഷണം നടത്തി ശുദ്ധമായ മഗ്നീഷ്യത്തെ വേർതിരിച്ചു. മഗ്നീഷ്യം ക്ലോറൈഡിനേയും പൊട്ടാസ്യത്തേയും ചേർത്ത് ചൂടാക്കി തനതായ രാസപ്രവർത്തനരീതിയിൽ 1831-ൽ എ.എ.ബി. ബസ്സി മഗ്നീഷ്യത്തെ വേർതിരിച്ചെടുത്തു.