ഗലീലിയോ ഗലീലി
ഗലീലിയോ ഗലീലി(ഫെബ്രുവരി 15, 1564 – ജനുവരി 8 1642) ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു. മരിച്ച് 350 കൊല്ലം കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാനം. പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു.ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനം ഗലീലിയോയ്ക്കാണ്.
ജീവിതരേഖ
ഇറ്റലിയിലെ പിസ്സയിൽ 1564-ൽ ജനിച്ച ഗലീലിയോ ഒരു ഗണിതജ്ഞനായ കച്ചവടക്കാരന്റെ മകനായിരുന്നു. സംഗീതത്തിലും ചിത്രമെഴുത്തിലും തല്പരനായിരുന്ന ഈ കുട്ടി ശാസ്ത്രീയ കളിപ്പാട്ടങ്ങളുണ്ടാക്കി കുട്ടിക്കാലത്ത് കളിച്ചു. നിരീക്ഷണശീലം അന്നേയുണ്ടായിരുന്നു. ഒരിക്കൽ പ്രാർത്ഥിക്കാൻ പോയ നേരത്ത് പള്ളിയിൽ ചങ്ങലയിൽ തൂങ്ങിയ തട്ടിൽ മെഴുകുതിരി കത്തിക്കുന്നത് കണ്ടു. വിട്ടപ്പോൾ ചങ്ങല ആടുകയുണ്ടായി. കൂടുതൽ നേരം ആടുമ്പോൾ ആടുന്ന ദൂരം കുറഞ്ഞുവരുന്നത് ഗലീലിയോ ശ്രദ്ധിച്ചു. ദൂരം കുറയുമെങ്കിലും ആട്ടത്തിനെടുക്കുന്ന സമയം കുറയുന്നില്ലെന്ന് തോന്നി. അന്നു സമയം നോക്കാൻ വാച്ചില്ലായിരുന്നു. എങ്കിലും പരീക്ഷിച്ചു നോക്കാൻ നാഡിമിടിപ്പുകൾ എണ്ണിനോക്കി. തന്റെ ആശയം ശരിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇത് വച്ചുകൊണ്ടാണ് അദ്ദേഹം പെൻഡുലം നാഴികമണി വികസിപ്പിച്ചെടുത്തത്.
വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു ഗലീലിയോയുടെ ജീവിതം. സന്ന്യാസിയാകാൻ ആഗ്രഹിച്ചു, നടന്നില്ല. വൈദ്യശാസ്‌ത്രം പഠിച്ചു, പക്ഷേ ബിരുദം പോലും നേടാതെ പഠനമുപേക്ഷിച്ച് സർവകലാശാല വിട്ടു.പിസ്സ സർവ്വകലാശാലയിൽ (ബിരുദമില്ലാതെ) അദ്ദേഹമൊരു പ്രൊഫസ്സറായി. അദ്ദേഹം നല്ലൊരദ്ധ്യാപകനായിരുന്നു. നല്ലപ്രായം മുഴുവൻ സാമ്പത്തിക അരക്ഷിതാവസ്ഥ പിന്തുടർന്നു. അവിഹിതബന്ധത്തിൽ മൂന്ന് കുട്ടികൾ ജനിച്ചു. പക്ഷേ, പിതാവിന്റെ എല്ലാ ബാദ്ധ്യതകളും ചുമതലകളും ഒരു ലോഭവും കൂടാതെ മക്കൾക്ക് വേണ്ടി നിർവഹിച്ചു. അധികാരവർഗവുമായി എന്നും സൂക്ഷിച്ച അടുപ്പം, തന്റെ നിരീക്ഷണങ്ങൾക്കും കണ്ടെത്തലുകൾക്കും അംഗീകാരം നേടിക്കൊടുക്കുന്നതിന് കൂടി ഫലപ്രദമായി ഉപയോഗിച്ചു.
വിദ്യാഭ്യാസം
പിതാവിന്റെ ആഗ്രഹപ്രകാരം 1581-ൽ, പതിനേഴാം വയസ്സിൽ, ഗലീലിയോ വൈദ്യശാസ്‌ത്ര വിദ്യാർത്ഥിയായി പിസ സർവകലാശാലയിൽ ചേർന്നു. ഒരു സാധാരണ വിദ്യാർത്ഥിയായിരുന്നില്ല ഗലീലിയോ. വ്യവസ്ഥാപിത സങ്കൽപ്പങ്ങളെ സംശയത്തോടെയാണ് ഗലീലിയോ കണ്ടിരുന്നത്; പ്രത്യേകിച്ചും അരിസ്റ്റോട്ടിൽ പറഞ്ഞുവെച്ച 2000 വർഷം പഴക്കമുള്ള വസ്‌തുതകളെ. ഇക്കാരണത്താൽ സഹപാഠികളും അദ്ധ്യാപകരുമായി മിക്കവാറും തർക്കത്തിൽ പെടേണ്ടി വന്നു. വലിയ ഭാരമുള്ള വസ്‌തുക്കൾ ഭൂമിയിൽ വേഗം വീഴും, ചെറിയ വസ്‌തുക്കൾ മെല്ലെയേ വീഴൂ എന്ന അരിസ്റ്റോട്ടിലിയൻ വാദം അംഗീകരിക്കാൻ ഗലീലിയോ കൂട്ടാക്കിയില്ല.
ഭാരം കുറഞ്ഞതും കൂടിയതുമായ രണ്ട് വസ്തുക്കൾ മുകളിൽ നിന്നിട്ടാൽ ഭാരം കൂടിയത് ആദ്യം വീഴുമെന്ന ധാരണ തെറ്റാണെന്നദ്ദേഹം തെളിയിച്ചു. പിസ്സയിലെ ചരിയുന്ന ഗോപുരത്തിൽ നിന്ന് അദ്ദേഹം 100 റാത്തലും 1 റാത്തലും തൂക്കമുള്ള രണ്ട് സാധനങ്ങൾ ഒരേസമയം താഴേയ്ക്കിട്ടു. പരീക്ഷണം കാണാൻ ധാരാളം ജനങ്ങൾ കൂടിയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് സാധനങ്ങളും ഒരേ സമയം താഴെ വീണു
ഇത്തരം വാദങ്ങളും തർക്കങ്ങളും വൈദ്യശാസ്‌ത്രപഠനത്തിന് തടസ്സമായി. 1583 ആയപ്പോഴേക്കും വൈദ്യശാസ്‌ത്രപഠനം പൂർത്തിയാക്കാമെന്ന ചിന്തയേ അവസാനിച്ചു. ശിശിരകാലത്ത് (ക്രിസ്‌മസ്സ് മുതൽ ഈസ്റ്റർ വരെ) ടസ്‌കനിപ്രഭു തന്റെ ആസ്ഥാനം പിസയിലേക്ക് മാറ്റുക പതിവായിരുന്നു. കൊട്ടാര ഗണിതജ്ഞനായ ഓസ്‌റ്റിലിയോ റിക്‌സിയെ പിസയിൽവെച്ചാണ് ഗലീലിയോ കാണുന്നത്. ഗണിതവുമായുള്ള ഗലീലിയോയുടെ പരിചയത്തിന് അങ്ങനെയായിരുന്നു തുടക്കം. റിക്‌സിയുടെ ഗണിതക്ലാസുകളിൽ അനൗപചാരികമായി ഗലീലിയോയും പങ്കെടുക്കാൻ തുടങ്ങി.വൈദ്യശാസ്‌ത്രത്തെക്കാളും തനിക്ക് താത്‌പര്യം യൂക്ലിഡാണെന്ന് ആ യുവാവ് തിരിച്ചറിഞ്ഞു. ഗലീലിയോയ്‌ക്ക് ഗണിതത്തിലുള്ള വാസന മനസ്സിലാക്കിയ റിക്‌സി, വൈദ്യശാസ്‌ത്രത്തിന് പകരം ആ യുവാവിനെ ഗണിതം പഠിപ്പിക്കാൻ അനുവദിക്കൂ എന്ന് അഭ്യർഥിച്ചെങ്കിലും വിൻസെൻസിയോ സമ്മതിച്ചില്ല. ഡോക്ടർമാർക്ക് ഇഷ്ടംപോലെ ജോലികിട്ടും, ഗണിതം പഠിച്ചാൽ പക്ഷേ, എന്തുജോലിയാ കിട്ടുക -ഇതായിരുന്ന ആ പിതാവിന്റെ നിലപാട്.
ദോലക(പെൻഡുല) സിദ്ധാന്തം(1584-1585)
ഒരു കുർബാന വേളയിൽ, പള്ളിയുടെ മച്ചിൽനിന്ന് ഞാന്നുകിടക്കുന്ന തൂക്കുവിളക്ക് ദോലനം ചെയ്യുന്നതിന്റെ സമയം സ്വന്തം നാഡിമിടിപ്പ് ഉപയോഗിച്ച് അളന്നു അങ്ങനെ ദോലകത്തിന്റെ(പെൻഡുലം) ചലനസിദ്ധാന്തം സംബന്ധിച്ച ഉൾക്കാഴ്‌ച ഗലീലിയോയ്‌ക്ക് ലഭിച്ചു.
പ്രാകൃതിക തത്ത്വശാസ്ത്രത്തിലേക്ക്
1585-ൽ വൈദ്യശാസ്ത്ര ബിരുദം നേടാതെ സർവകലാശാല വിട്ടു. ഫ്‌ളോറൻസിൽ തിരിച്ചെത്തിയ ഗലീലിയോ ജീവിതവൃത്തിക്കായി ഗണിതം, പ്രാകൃതിക തത്ത്വശാസ്ത്രം(നാച്ചുറൽ ഫിലോസൊഫി) തുടങ്ങിയ വിഷയങ്ങളിൽ സ്വകാര്യ ട്യൂഷനെടുത്തു. അന്ന് പ്രാകൃതിക തത്ത്വശാസ്ത്രം എന്നറിയപ്പെട്ട ശാസ്ത്രശാഖയാണ് പിന്നീട് ഭൗതികശാസ്ത്രം(ഫിസിക്സ്) ആയി മാറിയത്. ഇക്കാലത്ത് അദ്ദേഹം ഈ വിഷയത്തിൽ ഒട്ടേറെ പരീക്ഷണ-ഗവേഷണങ്ങൾ നടത്തി.
ആ സമയത്താണ് മാർക്വിസ് ഗ്വിഡോബാൽഡോ മോന്റെ എന്ന മഹാനായ വ്യക്തി അദ്ദേഹത്തെ സഹായിക്കാനെത്തുന്നത്. ഗണിതശാസ്ത്രജ്ഞൻ എന്ന രീതിയിൽ ഗലീലിയോ നേടിയെടുത്ത പ്രാഗല്ഭ്യവും സഹായകമായി. മോന്റെയുടെ സ്വാധീനവും, സഹായവും നിമിത്തം 1589-ൽ പിസ്സ സർവ്വകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസ്സർ ആയി അദ്ദേഹം നിയമിക്കപ്പെട്ടു. പ്രൊഫസറാണെങ്കിലും വാർഷികശമ്പളം വെറും 60 ക്രൗൺ മാത്രം.സമ്പന്നകുടുംബങ്ങളിൽ നിന്നെത്തിയ കുട്ടികൾക്ക് ട്യൂഷനെടുത്താണ് ഗലീലിയോ അധിക വരുമാനം കണ്ടെത്തിയത്. വ്യവസ്ഥിതികളോട് കലഹിക്കുന്ന കൂട്ടത്തിലായിരുന്ന ഗലീലിയോ സർവകലാശാലയിലെ അക്കാദമിക് ഗൗൺ ധരിക്കാൻ കൂട്ടാക്കിയില്ല. ക്ലാസിൽ കുട്ടികൾക്ക് സിലബസിന്റെ ഭാഗമായി പരമ്പരാഗതകാര്യങ്ങൾ പറഞ്ഞുകൊടുത്തിരുന്നെങ്കിലും, ട്യൂഷൻവേളയിൽ അദ്ദേഹം തന്റെ നൂതന ആശയങ്ങളും കണ്ടെത്തലുകളും ചർച്ചചെയ്‌തു. മേഖലയിലെ സമ്പന്ന കുടുംബങ്ങളിലെല്ലാം ഗലീലിയോയുടെ ഖ്യാതി പടരാൻ അത് നിമിത്തമായി. പിസ സർവകലാശാലയ്‌ക്ക് ചേർന്ന വ്യക്തിയായിരുന്നില്ല ഗലീലിയോ. മാത്രമല്ല, 1591-ൽ പിതാവ് വിൻസെൻസിയോ മരിച്ചതോടെ കുടുംബത്തിലെ ബാദ്ധ്യത മൂത്തയാളെന്ന നിലയ്‌ക്ക് ഗലീലിയോയുടെ ചുമലിലെത്തി. ഗലീലിയോയുടെ സഹോദരിക്ക് കൊടുക്കാമെന്ന് പിതാവ് കരാർചെയ്‌ത സ്‌ത്രീധനത്തുകയായിരുന്നു അതിൽ പ്രധാനം. കുറച്ചുകൂടി ശമ്പളമുള്ള ജോലി അനിവാര്യമായി. പാദുവ സർവകലാശാലയിലെ ഗണിതശാസ്‌ത്ര പ്രൊഫസർ പദവിയാണ് ഗലീലിയോ നോട്ടമിട്ടത്. വെനീഷ്യൻ റിപ്പബ്ലിക്കിൽപെട്ട പാദുവയിലേക്ക് കുടിയേറാൻ ഗലീലിയോയെ പ്രേരിപ്പിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. റോമുമായി നേരിടാൻ തക്ക സൈനികശേഷിപോലുമുണ്ടായിരുന്ന വെനീസിൽ സ്വതന്ത്ര ആശയങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. 1592 ഒക്ടോബറിൽ, 28-ആം വയസ്സിൽ ഗലീലിയോ പാദുവ സർവകലാശാലയിൽ ഗണിത പ്രഫസറായി നിയമതിനായി. പ്രതിവർഷം 180 ക്രൗൺ ആയിരുന്നു ശമ്പളം. ആദ്യനിയമനം നാലുവർഷത്തേക്ക് ആയിരുന്നെങ്കിലും അത് 18 വർഷം നീണ്ടു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലയളവ് എന്നാണ് പാദുവയിലെ വർഷങ്ങളെ പിൽക്കാലത്ത് അദ്ദേഹം അനുസ്‌മരിച്ചത്.
ഇക്കാലത്ത് അദ്ദേഹത്തിന് പല ഉന്നതന്മാരുമായും ശക്തമായ സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കുവാൻ കഴിഞ്ഞു.ഫ്രെയർ പാവ്‌ലോ സാർപ്പി, കർദിനാൾ റോബർട്ടോ ബെല്ലാർമിൻ തുടങ്ങിയവരൊക്കെ പാദുവയിൽ വെച്ച് ഗലീലിയയുമായി അടുത്ത ബന്ധമുണ്ടാക്കിയവരാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കുറിപ്പ് തയ്യാറാക്കലും തുടർന്നു. ചലനം, ത്വരണം, ജഢത്വം എന്നിവ സംബന്ധിച്ച് അന്നുവരെ ആരും കാണാതിരുന്ന ശാസ്‌ത്രസത്യങ്ങൾ ഗലീലിയോ മനസ്സിലാക്കി. അതിനൊക്കെ ഗണിത വിശദീകരണവും സാധ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. 1604-ൽ നാല്‌പത് വയസ്സായപ്പോഴേക്കും നാച്ചുറൽ ഫിലോസൊഫിയിൽ അഗ്രഗണ്യനായി ഗലീലിയോ പേരെടുത്തു.
ജീവിതത്തിലെ ചില അപസ്വരങ്ങൾ
ഗലീലീയയുടെ മൂത്തമകൾ വർജീനിയ ( സിസ്റ്റർ മരിയാ സെലെസ്ററ്) പിതാവുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. അവരെ ഫ്ലോറൻസിലെ സാന്താ ക്രോസ് ബസലിക്കയിലെ പിതാവിന്റെ ശവകുടീരത്തിൽ തന്നെയാണ് അടക്കിയത്.
മറിന ഗാംബ എന്ന സാധാരണക്കാരിയുമായി ഗലീലിയോ സ്ഥിരമായി ബന്ധം സ്ഥാപിച്ചത് പാദുവയിൽ വെച്ചാണ്. വിവാഹിതരായില്ലെങ്കിലും ആ ബന്ധത്തിൽ രണ്ട് പെൺകുട്ടികളും(വർജീനിയ(1600-1634), ലിവിയ(1601-1659)) ഒരു ആൺകുട്ടിയും(വിൻസെൻസിയോ (1605-1649)) പിറന്നു. ) മുന്തിയ വീഞ്ഞും നല്ല ഭക്ഷണവും കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഗലീലിയോയെ പക്ഷേ, സാമ്പത്തിക പരാധീനത വിട്ടൊഴിയാൻ ഭാവമില്ലായിരുന്നു. രണ്ടാമത്തെ സഹോദരിയുടെ സ്‌ത്രീധനത്തുകയുടെ പേരിൽ കേസ് വന്നതോട പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമായി. പണമുണ്ടാക്കാനുള്ള കുറുക്കുവഴി എന്ന നിലയ്‌ക്കാണ് കണക്കുകൂട്ടാൻ ഉപയോഗിക്കാവുന്ന കോംപസ് അദ്ദേഹം വികസിപ്പിച്ചത്. പക്ഷേ, വാണിജ്യപരമായി അത് വിജയിച്ചില്ല.
മരിയാ ഗാംബയെ നിയമാനുസൃതമായി വിവാഹം ചെയ്തിരുന്നില്ലെന്ന കാരണത്താൽ പുത്രിമാരും വിവാഹയോഗ്യരല്ലെന്നു വന്നു. വർജീനിയക്ക് പതിമൂന്നും, ലിവിയക്ക് പന്ത്രണ്ടും വയസ്സുളളപ്പോൾ ഗലീലിയോ അവരെ അർസെററിയിലെ സെൻറ് മററിയോ കന്യാസ്ത്രീ മഠത്തിൽ ചേർത്തു. അവിടെ ദൈന്യവും ഏകാന്തവുമായ ജീവിതം തളളിനീക്കി. വർജീനിയ, സിസ്റ്റർ മരിയാ സെലെസ്ററ് എന്ന പേരാണ് സ്വീകരിച്ചത്. പിതാവുമായി മരിയ നിരന്തരം കത്തിടപാടുകൾ നടത്തിയിരുന്നു. ഇതിൽ കാലത്തെ അതിജീവിച്ചത് വെറും 124 കത്തുകൾ മാത്രം.
മഹാനായ ജ്യോതിശാസ്ത്രജ്ഞൻ
അക്കാലത്ത് ‘ചാരക്കണ്ണാടി’ (spyglass) എന്ന് അറിയപ്പെട്ടിരുന്ന ദൂരദർശിനി (Telescope) ഗലീലിയോ പരിഷ്കരിച്ച് മെച്ചപ്പെടുത്തി. ആകാശഗോളങ്ങളെ അദ്ദേഹം അതിലൂടെ നിരീക്ഷിച്ചു. 1609-ലാണ് ഈ സംഭവം നടന്നത്. അങ്ങനെ ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആയി. സ്വർഗവും (ആകാശം) അതിലെ വസ്‌തുക്കളും കുറ്റമറ്റതാണെന്ന അരിസ്‌റ്റോട്ടിലിയൻ സങ്കൽപ്പത്തിന് നിൽക്കക്കള്ളിയില്ലാതായി.
ഗലീലിയോയും ദൂരദർശിനിയും-അല്പം ചരിത്രം
ഒരു കുഴലിനുള്ളിൽ ഉത്തല, അവതല ലെൻസുകൾ 14 ഇഞ്ചോളം ദൂരത്തിൽ സ്ഥാപിച്ച് അതിലൂടെ നോക്കിയാൽ അകലെയുള്ള വസ്‌തുക്കൾ അടുത്ത കാണാം എന്ന് ആരോ കണ്ടെത്തി. ‘ചാരക്കണ്ണാടി’ എന്ന് പേരിട്ട ആ ഉപകരണം പെട്ടെന്ന് പ്രചരിച്ചു. ആ ഹേമന്തത്തിൽ ഫ്രാങ്ക്‌ഫർട്ടിൽ അജ്ഞാതനായ ഒരു വിൽപ്പനക്കാരൻ ചാരക്കണ്ണാടിയുമായെത്തി. ‘ദൂരെയുള്ളവ കാണാൻ കഴിയുന്ന ഉപകരണ’ത്തിന് പേറ്റന്റ് വേണം എന്നു കാണിച്ച് ഹോളണ്ടിൽ മിഡിൽബർഗിൽ നിന്നുള്ള കണ്ണടനിർമാതാവ് ഹാൻസ് ലിപ്പെർഷെ[1] ഹേഗിലെ അധികാരികൾക്ക് മുമ്പിൽ 1608 ഒക്ടോബർ രണ്ടിന് അപേക്ഷ നൽകി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇതേ ഉപകരണത്തിന് പേറ്റൻറ് ആവശ്യപ്പെട്ട് മറ്റ് രണ്ട് പേർ കൂടി അപേക്ഷ സമർപ്പിച്ചു. ഹോളണ്ടിലെ അൽക്ക്‌മാറിൽ നിന്നുള്ള ജേക്കബ്ബ് ആഡ്രിയേൻസൂൻ, മിഡിൽബർഗിൽ നിന്ന് തന്നെയുള്ള മറ്റൊരു കണ്ണടനിർമാതാവായ സക്കറിയാസ് ജാൻസ്സെൻ എന്നിവരായിരുന്നു പുതിയ അപേക്ഷകർ. ഒരേ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് ഒന്നിലേറെ അപേക്ഷകരെത്തിയതോടെ, അത് പേറ്റൻറ് അർഹിക്കുന്നില്ലെന്ന നിഗനമത്തിൽ സ്റ്റേറ്റ്‌സ് ജനറൽ എത്തി.ചാരക്കണ്ണാടിയെക്കുറിച്ച് ഗലീലിയോ കേൾക്കുന്നത്, 1609 ജൂലായിൽ വെനീസ് സന്ദർശിക്കുന്ന വേളയിലാണ്. ദൂരെയുള്ള വസ്‌തുക്കൾ അടുത്തു കാണാൻ കഴിയുന്ന ഉപകരണത്തിന്റെ വാണിജ്യ, സൈനിക സാധ്യതകളെക്കുറിച്ചാണ് ഗലീലിയോ ആദ്യം ചിന്തിച്ചത്. ചാരക്കണ്ണാടിയെ തനിക്ക് ഗുണകരമാക്കി മാറ്റുന്നതെങ്ങനെ എന്ന ചിന്തയോടെ വെനീസിൽ കഴിയുമ്പോൾ, ആഗസ്‌തിൽ, ഒരു ഡച്ചുകാരൻ ചാരക്കണ്ണാടിയുമായി പാദുവയിലെത്തിയതായി അറിഞ്ഞു. ഗലീലിയോ തിടുക്കത്തിൽ പാദുവയിൽ എത്തുമ്പോഴേക്കും ഡച്ചുകാരൻ അവിടംവിട്ട് വെനീസിലെത്തിയിരുന്നു. നിരാശനായ ഗലീലിയോ സ്വന്തമായി ചാരക്കണ്ണാടി നിർമ്മിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. പരീക്ഷണങ്ങൾക്കും മറ്റുമായി ഉപകരണങ്ങൾ ഉണ്ടാക്കുന്നതിൽ അതിവിദഗ്‌ധനായ അദ്ദേഹം, വെറും കേട്ടറിവ് വെച്ചുകൊണ്ടുതന്നെ അതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ദൂരദർശിനി 24 മണിക്കൂറിനുള്ളിൽ തന്റെ വർക്ക്‌ഷോപ്പിൽ രൂപപ്പെടുത്തി. ആ മാസം തന്നെ പത്തുമടങ്ങ് ശേഷിയുള്ള ദൂരദർശിനി നിർമിച്ച് വെനീസിലെത്തി സെനറ്റിന് മുന്നിൽ അത് പ്രവർത്തിപ്പിച്ചു കാട്ടി. ആ പ്രകടനം വൻവിജയമായി. വെനീസ് രാജാവും സെനറ്റും ഗലീലിയോയുടെ ശമ്പളം പ്രതിവർഷം ആയിരം ക്രൗൺ ആയി വർദ്ധിപ്പിച്ചു. ആ ഒക്ടോബറിൽ ദൂരദർശിനിയുമായി ഫ്‌ളോറൻസിലും ഗലീലിയോ പര്യടനം നടത്തി. തന്റെ പൂർവവിദ്യാർത്ഥികൂടിയായ കോസിമോ രണ്ടാമൻ പ്രഭുവിന് മുന്നിൽ ആ ഉപകരണത്തിന്റെ സവിശേഷതകൾ ഗലീലിയോ കാട്ടിക്കൊടുത്തു.അത്ഭുതകരമായ ആ ഉപകരണം ആകാശനിരീക്ഷണത്തിനുള്ളതായി ആദ്യം ഗലീലിയോയ്‌ക്ക് തോന്നിയിരുന്നില്ല; കോസിമോ രണ്ടാമൻ പ്രഭുവിന് അതുപയോഗിച്ച് ചന്ദ്രപ്രതലത്തിലെ കുന്നുകളും ഗർത്തങ്ങളും കാട്ടിക്കൊടുത്തെങ്കിലും. 1609 നവംബറായപ്പോഴേക്കും 20 മടങ്ങ് ശേഷിയുള്ള ദൂരദർശിനി നിർമ്മിക്കുന്നതിൽ ഗലീലിയോ വിജയിച്ചു. നവംബർ 30-ന് പാദുവയിൽ തന്റെ അപ്പാർട്ട്‌മെന്റിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ദൂരദർശിനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്‌ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു. ദൂരദർശിനി അന്ന് ചന്ദ്രന് നേരെ തിരിച്ചു, കണ്ട കാര്യങ്ങൾ കുറിച്ചു വെയ്‌ക്കാനും സ്‌കെച്ച് ചെയ്യാനും തുടങ്ങി… അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ് മറി. പ്രപഞ്ചത്തെ അറിയാനുള്ള ശക്തമായ ഉപാധിയായി ആ രാത്രികൊണ്ട് ചാരക്കണ്ണാടിക്ക് പരിണാമം സംഭവിച്ചു. ലോകം മാറാൻ തുടങ്ങിയത് ആ രാത്രിയാണ്.
1610 ജനവരി ഏഴ്. ആഴ്‌ചകളായി ഗലീലിയോ രാത്രിയെ പകലാക്കുകയായിരുന്നു, ആകാശനിരീക്ഷണത്തിന്. അതുവരെ കാണാതിരുന്ന മൂന്ന് നക്ഷത്രങ്ങൾ അന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. വ്യാഴത്തിന് സമീപത്തായിരുന്നു അവ. ആകാശഗംഗയിലെ പ്രകാശധോരണി നക്ഷത്രങ്ങളുടെ കൂട്ടങ്ങളാണെന്ന് കണ്ടിരുന്നതിനാൽ, പുതിയതായി മൂന്ന് നക്ഷത്രങ്ങളെ കണ്ടതിൽ എന്തെങ്കിലും പ്രത്യേകത അദ്ദേഹത്തിന് ആദ്യം തോന്നിയില്ല. ‘വലിപ്പക്കുറവ് മൂലം നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത മൂന്ന് നക്ഷത്രങ്ങളെ ഇന്ന് കണ്ടു’വെന്ന് ഒരു കത്തിൽ ഗലീലിയോ എഴുതി. കണ്ടതിനെക്കുറിച്ച് അദ്ദേഹം കുറിച്ചുവെച്ചു; മൂന്നു നക്ഷത്രങ്ങളിൽ രണ്ടെണ്ണം വ്യാഴത്തിന് കിഴക്കും ഒരെണ്ണം പടിഞ്ഞാറും.
വ്യാഴവും പുതിയ നക്ഷത്രങ്ങളും ഒരേ നിരയിലാണ് സ്ഥിതിചെയ്യുന്നത് എന്നതിലെ കൗതുകം കൊണ്ടാകാം, പിറ്റേന്ന് വൈകിട്ടും വ്യാഴത്തിന് നേരെ ഗലീലിയോ ദൂരദർശനി തിരിച്ചു. ഇത്തവണ മൂന്ന് നക്ഷത്രങ്ങളും വ്യാഴത്തിന് പടിഞ്ഞാറാണെന്ന കാര്യം അദ്ദേഹത്തെ അമ്പരപ്പിച്ചു. അതുവരെയുള്ള നിരീക്ഷണങ്ങളെല്ലാം പറയുന്നത് വ്യാഴം കിഴക്കോട്ടാണ് പരിക്രമണം ചെയ്യുന്നത് എന്നാണ്, പിന്നെയെങ്ങനെ താൻ കണ്ടത് സംഭവിക്കും-അദ്ദേഹം ആലോചിച്ചു. പിറ്റേ ദിവസം ആകാശം മേഘാവൃതമായിരുന്നു. ജനവരി പത്തിന് വീണ്ടും നീരീക്ഷിച്ചു, ഇത്തവണ രണ്ട് നക്ഷത്രങ്ങളെയേ കണ്ടുള്ളു. ഒരെണ്ണത്തെ വ്യാഴം മറച്ചിരിക്കുകയാണെന്ന് ഗലീലിയോയ്‌ക്ക് മനസ്സിലായി. നക്ഷത്രങ്ങളുടെ ഈ സ്ഥാനമാറ്റം ഏത് തോതിലാണ്, വ്യാഴം എങ്ങനെ ചലിച്ചാൽ ഇത് സാധിക്കും എന്ന് മനസ്സിലാക്കാൻ ദിവസങ്ങളോളം ശ്രമകരമായ നിരീക്ഷണവും പഠനവും നടത്തിയപ്പോൾ ഗലീലിയോയ്‌ക്ക് ഒരു കാര്യം വ്യക്തമായി -വ്യാഴമല്ല, ആ നക്ഷത്രങ്ങളാണ് ചലിക്കുന്നത് !
ഒരു രാത്രി നാലാമതൊരു നക്ഷത്രത്തെക്കൂടി വ്യാഴത്തിന് സമീപം ഗലീലിയോ കണ്ടു. `മൂന്നെണ്ണം പടിഞ്ഞാറും ഒന്ന് കിഴക്കും’-അദ്ദേഹം കുറിച്ചുവെച്ചു. അതുവരെ പുതിയ നക്ഷത്രങ്ങൾ ഓരോ ദിവസവും വ്യാഴത്തിന്റെ ഏത് വശങ്ങളിലാണ് എന്നുമാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് നിരീക്ഷണം കുറച്ചുകൂടി സൂക്ഷ്‌മമാക്കി, ഇടവേളകൾ ഇടവിട്ട് നിരീക്ഷിക്കാൻ തുടങ്ങി. ഓരോ സമയത്തും നക്ഷത്രങ്ങളുടെ സ്ഥാനം മനസ്സിലാക്കി രേഖപ്പെടുത്തി. ഒടുവിൽ അദ്ദേഹം നിർണായകമായ ആ നിഗമനത്തിലെത്തി, താൻ കണ്ടെത്തിയവ നക്ഷത്രങ്ങളല്ല, ഗ്രഹങ്ങളാണ്-വ്യാഴത്തിന്റെ ചന്ദ്രൻമാർ. സുപ്രധാനമായ ഈ കണ്ടെത്തലിനൊപ്പം താൻ നടത്തിയ ആകാശനിരീക്ഷണങ്ങളുടെ ഫലം 1610 മാർച്ചിൽ ഗലീലിയോ ഒരു പുസ്‌തകമായി പ്രസിദ്ധീകരിച്ചു; ‘ദി സ്റ്റാറി മെസെഞ്ചർ’ (നക്ഷത്രങ്ങളിൽനിന്നുള്ള സന്ദേശം-Sidereus Nuncius). ജ്യോതിശ്ശാസ്‌ത്ര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായി വെറും 24 പേജുള്ള ആ പുസ്‌തകം പിൽക്കാലത്ത് വിലയിരുത്തപ്പെട്ടു. യൂറോപ്പിലെങ്ങും ഗലീലിയോയെ അത് പ്രശസ്‌തനാക്കി (അഞ്ച് വർഷത്തിനുള്ളിൽ ആ ചെറുഗ്രന്ഥം ചൈനീസ് ഭാഷയിലേക്കുപോലും വിവർത്തനം ചെയ്യപ്പെട്ടു). ഗലീലിയോയുടെ ജന്മനാടിന് ഇത് വലിയ ഖ്യാതിയാണ് നൽകിയത്.
ടസ്‌കനിപ്രഭു കോസിമോ രണ്ടാമൻ ഡി മെഡിസിക്ക് തന്റെ പുസ്‌തകം സമർപ്പിച്ച ഗലീലിയോ, വ്യാഴത്തിന്റെ ചന്ദ്രൻമാർക്ക് മെഡിസി കുടുംബത്തിന്റെ പേരാണ് നൽകിയത്-‘മെഡിസിയൻ താരങ്ങൾ’ എന്ന്. ഗലീലിയോ സമ്മാനിച്ച ടെലസ്‌കോപ്പിന്റെ സഹായത്തോടെ ജോഹാന്നസ് കെപ്ലർ വ്യാഴത്തിന്റെ ചന്ദ്രൻമാരുടെ കാര്യം സ്ഥിരീകരിച്ചിരുന്നു. കെപ്ലറുടെ നിർദ്ദേശപ്രകാരം സിമോൺ മാരിയസ് ആണ് വ്യാഴത്തിന്റെ നാല് ചന്ദ്രൻമാർക്ക് ഗ്രീക്കിൽ നിന്നുള്ള ഇയോ, കാലിസ്‌റ്റോ, ഗാനിമേഡ്, യൂറോപ്പ എന്നീ പേരുകൾ 1614 ഇട്ടത്. ഗ്രീക്ക് പേരുകൾ പിൽക്കാലത്ത് അംഗീകരിക്കപ്പെട്ടു. 1800-കളുടെ പകുതി മുതൽ ഗലീലയൻ ഉപഗ്രഹങ്ങൾ എന്ന് അവ അറിയപ്പെട്ടു.
പ്രപഞ്ച മാതൃക
നിരീക്ഷണം, പരീക്ഷണം, ഗണിതവത്‌ക്കരണം-ഇവയാണ് ശാസ്‌ത്രത്തിന്റെ പണിയായുധങ്ങളെന്ന് ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്തത് ഗലീലിയോ ആണ്. ‘പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണെ’ന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രപഞ്ചരചനയിൽ ഉപയോഗിച്ചിട്ടുള്ള ആ ഗണിതസമവാക്യങ്ങൾ ഏതാണെന്ന് ലോകത്തിന് പറഞ്ഞു കൊടുത്ത സാക്ഷാൽ ഐസക് ന്യൂട്ടൺ പോലും ഗലീലിയോ നിർമിച്ച അടിത്തറയിൽ നിന്നാണ് ശാസ്‌ത്രത്തെ കെട്ടിപ്പൊക്കിയത്. നിലവിലുള്ള വസ്‌തുതകളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്‌തും തിരുത്തിയും മാത്രമേ ശാസ്‌ത്രത്തിന് മുന്നേറാൻ കഴിയൂ എന്ന് ഗലീലിയോ തന്റെ ജീവിതംകൊണ്ട് തെളിയിച്ചു. താരാപഥത്തിലെ പല ഗ്രഹങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു.
കോപ്പർനിക്കസ്സിന്റെ ദർശനങ്ങളിൽ പലതും അദ്ദേഹം സമർത്ഥിച്ചുകാണിച്ചു. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലന്നും സൗരയൂഥത്തിലെ ഒരു ഗോളമാണെന്നും കോപ്പർനിക്കസ്സ് പറഞ്ഞിരുന്നു. ഗലീലിയോ അത് ആദ്യമായി തെളിയിച്ചു. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി അതിനു ചുറ്റും കറങ്ങുകയാണെന്നും അദ്ദേഹം വാദിച്ചു. ഈ ദർശനങ്ങൾ ചേർത്ത് അദ്ദേഹം ഒരു പുസ്തകം രചിച്ചു.
രണ്ടുതവണ വിട്ടുപോന്ന പിസ സർവകലാശാലയിലാണ് വാനനിരീക്ഷണം ഗലീലിയോയെ വീണ്ടുമെത്തിച്ചത്. ജന്മനാടിന് ഖ്യാതി നേടിക്കൊടുത്തവൻ എന്ന നിലയ്‌ക്ക് വാഗ്‌ദാനം ചെയ്യപ്പെട്ട പിസ സർവകലാശാലയിലെ മുഖ്യഗണിതശാസ്‌ത്രജ്ഞൻ പദവി ഗലീലിയോ സ്വീകരിച്ചു. ടസ്‌കനിപ്രഭുവിന്റെ ആസ്ഥാനശാസ്‌ത്രജ്ഞൻ എന്ന ആയുഷ്‌ക്കാല പദവിയും നൽകപ്പെട്ടു. പ്രതിവർഷം 1000 ക്രൗൺ ശമ്പളം. ക്ലാസെടുക്കേണ്ട ചുമതലയില്ല. 1610 മെയിലായിരുന്നു അത്. പാദുവ സർവകലാശാലയിൽ വർദ്ധിപ്പിച്ച ശമ്പളം താൻ കൈപ്പറ്റിത്തുടങ്ങിയിട്ടില്ലാത്തിനാൽ, വെനീസിനോട് തനിക്ക് വലിയ ബാദ്ധ്യതയൊന്നുമില്ല എന്ന നിലപാടാണ് ഗലീലിയോ സ്വീകരിച്ചത്. ആ ഒക്ടോബറിൽ 18 വർഷത്തിന് ശേഷം ഗലീലിയോ വീണ്ടും ഫ്‌ളോറൻസിൽ തിരികെയെത്തി.
1610 ഒക്ടോബറിൽ ഫ്‌ളോറൻസിൽ എത്തി അധികം കഴിയുംമുമ്പ് ശുക്രന് ചന്ദ്രന്റേതുപോലെ വൃദ്ധിക്ഷയങ്ങൾ ഉള്ളതായി ഗലീലിയോ കണ്ടെത്തി. സൂര്യനെ ശുക്രൻ പരിക്രമണം ചെയ്യുകയാണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം അനുമാനിച്ചു. ഭൂമിയെയല്ല, സൂര്യനെയാണ് ശുക്രൻ പരിക്രമണം ചെയ്യുന്നത് എന്നാണ് ഇതിനർഥം. കോപ്പർനിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തം ശരിയാണെന്നുള്ളതിന് ശക്തമായ തെളിവായി ശുക്രന്റെ വൃദ്ധിക്ഷയങ്ങളുടെ കണ്ടെത്തൽ. എന്നാൽ, കടുംപിടത്തക്കാർ ഇതൊന്നും അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അവർ ആകാശം കുറ്റമറ്റതും ഭൂമി പ്രപഞ്ചകേന്ദ്രവുമാണെന്ന വ്യവസ്ഥാപിത വിശ്വാസത്തിൽ കടിച്ചുതൂങ്ങി.
പാദുവ വിടുന്ന സമയത്ത് ശനി ഗ്രഹത്തിന് എന്തോ ഒരു അസാധാരണത്വം ഗലീലിയോ നിരീക്ഷിച്ചിരുന്നു. അത് ശനിയുടെ വലയങ്ങളാണെന്ന് വ്യക്തമാകാൻ ലോകം ക്രിസ്‌ത്യാൻ ഹൈജൻസിന്റെ വിശദീകരണം ലഭിക്കും വരെ കാക്കേണ്ടിയിരുന്നു. ഫ്ളോറൻസിൽ വച്ചായിരുന്നു ഗലീലിയോ സൂര്യകളങ്കങ്ങൾ നിരീക്ഷിച്ചത്. എന്നാൽ മറ്റു ചില ശാസ്ത്രജ്ഞന്മാർ ഗലീലിയോയ്ക്കും മുൻപേ അതു കണ്ടെത്തിയിരുന്നു.
അവസാന നാളുകൾ
ഗലീലിയോയുടെ പിൽക്കാല ജീവിതം രോഗപീഡകളാൽ ദുരിതമയമായിരുന്നു. മുമ്പുതന്നെ സന്ധിവാതം ഉണ്ടായിരുന്ന അദ്ദേഹത്തിന് ഹെർണിയ കൂടി പിടികൂടി. 1617-ൽ ഫ്‌ളോറൻസിന് പടിഞ്ഞാറ് മലഞ്ചെരുവിലെ ‘ബെല്ലോസ്‌ഗ്വാർഡോ’യെന്ന് പേരുള്ള കൊട്ടാരസദൃശമായ വസതിയിലേക്ക് താമസം മാറ്റി. അടുത്തുള്ള അർസെട്രി കോൺവെന്റിലാണ് അദ്ദേഹത്തിന്റെ പെൺമക്കളായ വിർജിനിയയും ലിവിയയും ചേർന്നിരുന്നത്. അവരെ ഇടയ്‌ക്ക് കാണാൻ സൗകര്യമൊരുക്കുന്നതായിരുന്നു പുതിയ വസതി. 1618-ൽ മൂന്ന് വാൽനക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടത് ബെനഡിക്ടൻ പാതിരിമാരുമായി മറ്റൊരു വിവാദത്തിനിടയാക്കി. വാൽനക്ഷത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബനഡിക്ടൻ പാതിരിമാർ എഴുതിയത് ഇലിയഡ് പോലുള്ള സാങ്കൽപ്പിക സംഗതികളാണെന്ന് ഗലീലിയോ കളിയാക്കി. വാൽനക്ഷത്രങ്ങളെക്കുറിച്ച് ഗലീലിയോ രചിച്ച ‘ദി അസ്സയർ’ എന്ന ഗ്രന്ഥത്തിലാണ് ഈ പരിഹാസം നടത്തിയത് (ദൗർഭാഗ്യവശാൽ വാൽനക്ഷത്രങ്ങളെപ്പറ്റി ഗലീലിയോ എഴുതിയതും തെറ്റായിരുന്നു). ‘പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണെന്ന’ പ്രസിദ്ധമായ പ്രസ്‌താവം ഈ ഗ്രന്ഥത്തിലാണുള്ളത്.
1620-കളിൽ മുപ്പതുവർഷ യുദ്ധം താത്‌ക്കാലികമായി കത്തോലിക്കവിഭാഗത്തിന് അനുകൂലമായി മാറി. ഇറ്റലിയിലാകെ രാഷ്ട്രീയ സാഹചര്യം മാറി. ഗലീലിയോയുടെ ജീവിതത്തെ നാടകീയമായി സ്വാധീനിക്കത്തക്കവിധമായിരുന്നു ഈ മാറ്റങ്ങൾ. 1621-ൽ റോമും ഗലീലിയോയും തമ്മിലുള്ള വിവാദവുമായി അടുത്ത് ബന്ധമുള്ള മൂന്ന് സുപ്രധാന വ്യക്തികൾ മരിച്ചു-പോൾ ആറാമൻ മാർപാപ്പയും, ഗലീലിയോയെ അടുത്തറിയാവുന്ന കർദിനാൾ ബല്ലാർമിനും, ഗലീലിയോയെ എന്നും സംരക്ഷിച്ചു പോന്ന ടസ്‌കനിപ്രഭുവായ കോസിമോ രണ്ടാമനും (മുപ്പതാം വയസ്സിൽ). ടസ്‌കനിയുടെ ഭരണച്ചുമതല കോസിമോയുടെ ഭാര്യയുടെയും അമ്മയുടെയും ചുമലിലായി (ടസ്‌കനിയുടെ അനന്തരാവകാശിയായ ഫെർഡിനാൻഡോ രണ്ടാമന് അന്ന് പ്രായം വെറും 11 വയസ്സ്). ഇറ്റാലിയൻ രാഷ്ട്രിയത്തിൽ ടസ്‌കനിക്കുണ്ടായിരുന്ന സ്വാധീനം ക്ഷയിച്ചു. റോമിനെ എതിർത്തുകൊണ്ട് ആരെയും സംരക്ഷിക്കാൻ കഴിയാത്ത സ്ഥിതിയിലായി ഗലീലിയോയുടെ ജന്മനാട് എന്നുസാരം. അടുത്ത മാർപാപ്പ ഗ്രിഗറി പതിനഞ്ചാമൻ 1623-ൽ അന്തരിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് ‘ദി അസ്സയർ’ പ്രസിദ്ധീകരിക്കാൻ ഗലീലിയോയ്‌ക്ക് മാർപാപ്പ അനുമതി നൽകിയിരുന്നു.
പുതിയ മാർപാപ്പയെയും ഫ്രാൻസിസ്‌കോയെയും സന്ദർശിക്കാനായി 1624-ലെ വസന്തകാലത്ത് ഗലീലിയോ വീണ്ടും റോമിലെത്തി. രണ്ട് പ്രപഞ്ചമാതൃകകളെയും (ടോളമിയുടെ ഭൂകേന്ദ്രസിദ്ധാന്തവും കോപ്പർനിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തവും) കുറിച്ച് ഒരു ഗ്രന്ഥമെഴുതാനുള്ള മാർപാപ്പ അദ്ദേഹത്തിന് അനുമതി നൽകി. പക്ഷഭേദമില്ലാതെ ഇരു മാതൃകകളും വിവരിക്കണം, കോപ്പർനിക്കസിന്റെ മാതൃകയെ അനുകൂലിച്ച് പുസ്‌തകത്തിൽ ഗലീലിയോ വാദിക്കാൻ പാടില്ല-ഇതായിരുന്നു നിബന്ധന. അനുകൂലിക്കാൻ പാടില്ല എന്ന വ്യവസ്ഥയോടെ കോപ്പർനിക്കസ് മാതൃക പഠിപ്പിക്കാനും അനുമതി ലഭിച്ചു.
‘സംവാദം’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘രണ്ട് മുഖ്യ പ്രപഞ്ച സംവിധാനങ്ങളെക്കുറിച്ചുള്ള സംവാദം’ (Dialogue on the Two Chief World Systems) എന്ന പ്രസിദ്ധഗ്രന്ഥം 1629 നവംബറിൽ ഗലീലിയോ പൂർത്തിയാക്കി. പേരുപോലെതന്നെ വ്യത്യസ്‌ത പ്രപഞ്ച മാതൃകകളെക്കുറിച്ച് രണ്ട് വ്യക്തികൾ നടത്തുന്ന സംവാദമായാണ് പുസ്‌തകം രചിക്കപ്പെട്ടത്. ടോളമിയുടെ മാതൃകയെ അനുകൂലിക്കുന്ന സിംപ്ലിസിയോയും കോപ്പർനിക്കസിന്റെ പ്രപഞ്ചമാതൃക അനുകൂലിക്കുന്ന സാൽവിയാട്ടിയും തമ്മിലുള്ള സംവാദമാണ് ഉള്ളടക്കം. പുസ്‌തകത്തിലെ മൂന്നാമത്തെ ശബ്ദം ഇരുപക്ഷത്തും ചേരാതെ സംവാദം മുന്നോട്ടുകൊണ്ടുപോകുന്ന സാഗ്രെഡോയുടേതാണ്. പക്ഷേ, ഈ മൂന്നാമൻ കൂടുതൽ കൂടുതൽ സാൽവിയാട്ടിയുടെ ഭാഗത്തേക്ക് ചായുകയും കോപ്പർനിക്കസ് മാതൃകയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നതായി പുസ്‌തകം സൂക്ഷിച്ചു വായിക്കുമ്പോൾ മനസ്സിലാകും. റോമിലെ ഔദ്യോഗിക സെൻസറും ഡൊമിനിക്കൻ പുരോഹിതനുമായ നിക്കോലോ റിക്കാർഡിക്ക് 1630 മെയിൽ ഗലീലിയോ കൈയെഴുത്ത് പ്രതി സമർപ്പിച്ചു. ഇറ്റലിയുടെ തെക്കുഭാഗത്ത് പ്ലേഗ്‌ബാധ പടരുന്നത് മൂലം പുസ്‌തകത്തിന്റെ സെൻസറിങ് പൂർത്തിയാകും മുമ്പ് ജൂണിൽ തന്നെ അദ്ദേഹത്തിന് റോമിൽനിന്ന് മടങ്ങേണ്ടി വന്നു.
പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം റോമിൽ ലിൻസിയൻ അക്കാദമി നിർവഹിക്കണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പ്ലേഗ്‌ബാധ മൂലമുണ്ടായ പ്രശ്‌നങ്ങളും, ലിൻസിയൻ അക്കാദമിയിലെ പ്രമുഖനായ ഫ്രെഡറികോ സെസി രാജകുമാരന്റെ അകാല നിര്യാണവും മൂലം കാര്യങ്ങൾ ആഴയക്കുഴപ്പത്തിലായി. പുസ്‌തകം ഒടുവിൽ ഫ്‌ളോറൻസിൽ തന്നെ അച്ചടിക്കാൻ സഭ അനുമതി നൽകിയെങ്കിലും, 1631 ജൂണിലേ അച്ചടി തുടങ്ങാനായുള്ളു. പ്ലേഗ് മൂലം എല്ലാ സാധാരണ പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ‘സംവാദ’ത്തിന്റെ ആദ്യകോപ്പികൾ ഫ്‌ളോറൻസിൽ വിൽപ്പനയ്‌ക്ക് തയ്യാറായത് 1632 മാർച്ചിലാണ്. ഏതാനും കോപ്പികൾ ഉടൻ തന്നെ റോമിൽ എത്തിച്ചു. താൻ പുസ്‌തകം വായിച്ച് എത്ര ആഹ്ലാദചിത്തനായെന്ന് മാർപാപ്പയുടെ അനന്തരവൻ കർദിനാൾ ഫ്രാൻസെസ്‌കോ ഗലീലിയോയ്‌ക്ക് എഴുതി. എന്നാൽ, എല്ലാവരും അങ്ങനെ ആഹ്ലാദിക്കുന്നവർ ആയിരുന്നില്ല.
പുസ്‌തകത്തിൽ സൂര്യകളങ്കങ്ങളെക്കുറിച്ച് പറയുന്നിടത്ത് ജസ്യൂട്ടായ ക്രിസ്‌റ്റഫർ ഷീനറെ വീണ്ടും ചെറുതായി കുത്തിനോവിക്കാൻ ഗലീലിയോ മറന്നില്ല. കോപ്പർനിക്കസ് മാതൃക വെറും അനുമാനം മാത്രമാണെന്ന് പുസ്‌തകത്തിന്റെ അവസാനം ചേർക്കാൻ മാർപാപ്പ നിർദ്ദേശിച്ചിരുന്നത് സെൻസർ റിക്കാർഡി ഗലീലിയോയെ അറിയിച്ചിരുന്നു. ഗ്രന്ഥത്തിൽ ടോളമിയുടെ മാതൃകയെ അനുകൂലിക്കുന്ന സിംപ്ലിസിയോ പറയുന്നതായാണ് ഗലീലിയോ ഇത് ചേർത്തത്. പുസ്‌തകത്തിൽ സാഗ്രെഡോ കോപ്പർനിക്കസിനോട് ചായ്‌വ് കാട്ടുന്നതിനാൽ, അത്തരത്തിലൊരു അഭിപ്രായം വേറാരുടെയും നാവിൽ വെച്ചുകൊടുക്കാനാകുമായിരുന്നില്ല. എന്നാൽ, ഇത് ഗലീലിയോ മനഃപൂർവം ചെയ്‌തതാണെന്ന അഭിപ്രായമുയർന്നു. മാർപാപ്പ തന്നെയാണ് ടോളമിയെ അനുകൂലിക്കുന്ന സിംപ്ലിസിയോയെന്ന് ഇതുവഴി ഗലീലിയോ വരുത്തിത്തീർത്തിരിക്കുകയാണെന്ന അഭിപ്രായം ഉർബാൻ എട്ടാമനെ ചൊടിപ്പിച്ചു.
അന്ത്യം
1637-ഓടുകൂടി അദ്ദേഹത്തിന്റെ കാഴ്ച്ച നശിച്ചു. 1638 മുതൽ വിൻസെൻസിയോ വിവിയാനി എന്നയാൾ ഗലീലിയോയുടെ സഹായിയായി. അദ്ദേഹത്തിന്റെ ആദ്യ ജീവചരിത്രം രചിച്ചതും വിവിയാനിയാണ്. ഗലീലിയോയെക്കുറിച്ച് പിൽക്കാലത്ത് പ്രചരിച്ച നിറംപിടിപ്പിച്ച പല മിത്തുകളുടെയും സ്രഷ്ടാവ് വിവിയാനിയാണ്. 1642ൽ മഹാനായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു.