കാസർഗോഡ് ജില്ല
കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർകോട് ജില്ല. ആസ്ഥാനം കാസർഗോഡ്. 1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസർകോട് ജില്ല. കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കാനറ ജില്ല), തെക്ക് കണ്ണൂർ ജില്ല എന്നിവയാണ് കാസർകോടിന്റെ അതിർത്തികൾ. കാസർകോട് ജില്ല കാസർകോട് പാർലമെൻറ് മണ്ഡലത്തിൽ പെടുന്നു. മലയാളത്തിനു പുറമേ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്.
ചരിത്രം
ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ ‘ഹർക്വില്ലിയ'(Harkwillia)എന്നാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംഭപ്പുഴ/കുമ്പള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാര സാഹിത്യകാരനുമായിരുന്ന ബാർബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക് ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1800-ൽ മലബാർ സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗരസാമ്രാജ്യം കാസറഗോഡ് ആക്രമിച്ചപ്പോൾ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായിരുന്നു. അള്ളടസ്വരൂപം എന്നായിരുന്നു നീലേശ്വരം രാജ്യത്തിന്റെ പേര്. കിനാവൂര് കോവിലകം, അള്ളട സ്വരൂപത്തിന്റെ പ്രാധാന ഭാഗമായിരുന്നു. 64 ഗ്രാമങ്ങളിൽ പെട്ട കരിന്തളം ഗ്രാമം കിണാവൂർ ഗ്രാമത്തിന്റെ ഭാഗമാണ്. അവിടെയുള്ള ഏറ്റവും പ്രാചീനമായ ക്ഷേത്രമാണ് കിനാവൂർ മോലോം. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്ക്കൻമാരായിരുന്നു ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രമായി. കുമ്പള കോട്ട, ചന്ദ്രഗിരിക്കോട്ട, ബേക്കൽ കോട്ട എന്നീ കോട്ടകൾ ശിവപ്പ നായ്ക് നിർമ്മിച്ചതാണെന്നു കരുതപ്പെടുന്നു.1763-ൽ ഹൈദർ അലി ഇക്കേരി നായ്ക്കൻമാരുടെ ആസ്ഥാനമായിരുന്ന ബീദനൂർ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുൽത്താൻ മലബാർ മുഴുവൻ കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായി. 1956 നവംബർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാംകൂർ,കൊച്ചി, മലബാർ , ദക്ഷിണ കന്നഡയിലെ കാസർഗോഡ് താലൂക്കും( കാാസർകോട് ജില്ല) വിലയനം ചെയ്തുകൊണ്ട് കേരള സംസ്ഥാനം നിലവിൽ വന്നു.