ഗുജറാത്ത്
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് ഗുജറാത്ത് . ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയാണ് ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നുണ്ട്. ഗുജറാത്തി ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശമാണിത്. ഗാന്ധിനഗറാണ് തലസ്ഥാനം. അഹമ്മദാബാദ്, രാജ്‌കോട് , സൂരത്, വഡോദര തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി.മി) ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണിത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി, ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായി പട്ടേൽ എന്നിവരുടെ ജന്മദേശമാണ്.
ചരിത്രം
ഗുജറാത്ത് സിന്ധുനദീതടം, ഹാരപ്പൻ എന്നീ സംസ്കാരങ്ങളുടെ പ്രധാന പ്രദേശങ്ങളായിരുന്നതായി ചരിത്ര ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ സംസ്കാരങ്ങളുടെ അമ്പതോളം അവശിഷ്ടങ്ങൾ ഗുജറാത്തിൻറെ വിവിധ ഭാഗങ്ങളായ ലോഥൽ, രംഗ്പൂര്, അമ്രി, ലഖാബവൽ, രോസ്ഡി മുതലായ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ദ്രാവിഡ വംശമായിരുന്നു ആദ്യത്തെ ജനങ്ങൾ. ഗിർനാർ പ്രദേശങ്ങളിലെ ശിലാലിഖിതങ്ങളിൽ , മൗര്യരാജാവായിരുന്ന അശോക ചക്രവർത്തി ഗുജറാത്ത് ഭരിച്ചിരുന്നതായും അതുവഴി ബുദ്ധമതം ഈ പ്രദേശങ്ങളിൽ എത്തിയിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. A.D.40 വരെ റോമുമായി ഇവിടം വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു എന്നും കരുതപ്പെടുന്നു. 300 ന് ശേഷം ഗുപ്ത രാജവംശം A.D.460 വരെ അവരുടെ പ്രവിശ്യയായി ഭരിച്ചു. ഹർഷവർദ്ധൻറെ കാലശേഷം ഗുജ്ജർ വംശക്കാർ 746 വരെ ഭരണം നടത്തി. അതിനുശേഷം സോളങ്കികൾ A.D. 1143 വരെ ഭരണം നടത്തി. സോളങ്കികളുടെ ഭരണകാലത്താണ് ഘസ്നിയിലെ മഹ്മൂദ് സോമനാഥ് പിടിച്ചടക്കുന്നത്. ഡൽഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജി A.D. 1288 ൽ ഗുജറാത്ത് പിടിച്ചടക്കുന്നതോട് കൂടി സുൽത്താൻ ഭരണത്തിൻ കീഴിൽ ആവുകയും1298 മുതൽ 1392 വരെ ഭരിക്കുകയും ചെയ്തു. 1411-ൽ സ്വതന്ത്ര മുസ്‌ലിം ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ ഒന്നാമൻ അഹമ്മദാബാദ് എന്ന നഗരം നിർമ്മിച്ചു. അതോടുകൂടി മുഗൾ സാമ്രാജ്യം ഭരണം തുടങ്ങുകയും ഏകദേശം 2 നൂറ്റാണ്ട് ഭരണം നടത്തുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോട് കൂടി മറാത്താ ചക്രവർത്തിയായിരുന്ന ഛത്രപതി ശിവജി ഗുജറാത്ത് ആക്രമിച്ച് പിടിച്ചടക്കി. 1803 നും 1827 നും ഇടയിൽ ബ്രിട്ടീഷുകാർ ഗുജറാത്തിൽ എത്തുകയും സൂററ്റിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി സ്ഥാപിക്കുകയും ചെയ്തു. അത് പിന്നീട് ബോംബെയിലേക്ക് മാറ്റുകയും ചെയ്തു.