രാജസ്ഥാൻ
രാജസ്ഥാൻ എന്ന നാമം നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിലവിലുളളതാണ്. കാലങ്ങളായി ഭാരതം ഭരിച്ചിരുന്ന മുഗൾ ചക്രവർത്തിമാരുടെ ദേശമായത് കൊണ്ടാണ് ഈനാമംഉണ്ടായത്.
വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ (Rajasthan). രജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയാണ് രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. ജയ്പൂറാണു തലസ്ഥാനം.
മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്.
ചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്നത്തെ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളും ഉൾക്കൊള്ളുന്ന പ്രദേശത്തെ രജപുത്താന എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്. രജപുത്രർക്കു പുറമേ ഒട്ടനവധി ജനവിഭാഗങ്ങളും ഇവിടെ അധിവസിച്ചിരുന്നു എങ്കിലും രാജസ്ഥാന്റെ വ്യത്യസ്തമായ സംസ്കാരം രജപുത്രരുടെ സംഭാവനയായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. എട്ടാം നൂറ്റാണ്ടു മുതൽ ഇന്നത്തെ രാജസ്ഥാൻ ഭരിച്ചിരുന്നത് വിവിധ രജപുത്രകുടുംബങ്ങളാണ്.
ഭൂമിശാസ്ത്രം
രാജസ്ഥാൻ സംസ്ഥാനത്തെ ആരവല്ലി മലനിരകൾ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ആരവല്ലി മലനിരകളുടെ പടിഞ്ഞാറു വശത്താണ് ഥാർ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ആരവല്ലിയുടേ കിഴക്കുവശം കൂടുതൽ ഫലഭൂയിഷ്ടമായതും ആൾത്താമസമേറിയ പട്ടണങ്ങൾ നിറഞ്ഞതുമാണ്.