അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശ് ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. ഈ പ്രദേശത്തെ ഇന്ത്യ ഒരു സംസ്ഥാനമായി കണക്കാക്കുമ്പോൾ അരുണാചൽ പ്രദേശിന്റെ ഭൂരിഭാഗവും ‘ടിബറ്റ് സ്വയം ഭരണാധികാര മേഖലയ്ക്കു’ കീഴിലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അക്സായ് ചൈനക്കു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന രണ്ടാമത്തെ പ്രദേശമാണിത്. തെക്ക് ആസാം, തെക്കുകിഴക്ക് നാഗാലാൻഡ്,പടിഞ്ഞാറ് ഭൂട്ടാൻ, കിഴക്ക് മ്യാൻമാർ എന്നിവയാണ് അതിർത്തിപ്രദേശങ്ങൾ. ഇറ്റാനഗർ ആണു തലസ്ഥാനം.
മക് മോഹൻ രേഖ എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശിന്റെ അതിർത്തിയെ ചൈന അംഗീകരിക്കുന്നില്ല. മറിച്ച് തെക്കൻ ടിബറ്റ് എന്ന പേരിൽ മറ്റൊരു പ്രദേശമായി കണക്കാക്കുന്നു. ഉദയ സൂര്യൻ എന്നർഥമുള്ള അരുണാചൽ എന്ന വാക്കിൽ നിന്നാണ് അരുണാചൽ പ്രദേശിന് ആ പേരു ലഭിക്കുന്നത്. സംസ്ഥാന മൃഗം മിഥുൻ(M) ആണ്. സംസ്ഥാന പക്ഷി വേഴാമ്പൽ(Great Hombill) ആണ്.
ചരിത്രം
അരുണാചൽ പ്രദേശിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് 1826 ഫെബ്രുവരി 24-ന് യാന്തോബോ കരാർ പ്രകാരം തുടക്കമിട്ട ബ്രിട്ടീഷ് ഭരണത്തോടെയാണ്. 1972-ൽ അരുണാചൽ കേന്ദ്രഭരണ പ്രദേശവുമായി.1972-ന് മുൻപ് ഈ പ്രദേശം നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസി(നേഫ-NEFA) എന്നാണ് അറിയപ്പെട്ടിരുന്നത്. തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് 1965-വരെ വിദേശ കാര്യമന്ത്രാലയവും അതിനുശേഷം ആഭ്യന്തരമന്ത്രാലയവുമായിരുന്നു ഭരണപരമായ കാര്യങ്ങൾ നടത്തിയിരുന്നത്. അസമിലെ ഗവർണർക്കായിരുന്നു ഇതിന്റെ ചുമതല. 1972-ലാണ് അരുണാചൽ പ്രദേശ് എന്ന പേര് ലഭിച്ചത്. സൂര്യോദയത്തിന്റെ നാട് എന്നാണിതിനർഥം. 1986-ൽ സ്റ്റേറ്റ് ഓഫ് അരുണാചൽ പ്രദേശ് ബിൽ പാർലമെന്റിൽ പാസാക്കുകയും 1987 ഫെബ്രുവരി 20-ന് ഇന്ത്യയിലെ 24-മത്തെ സംസ്ഥാനമാകുകയും ചെയ്തു.