നീലക്കാള
ഇന്ത്യയിലെ ഏറ്റവും വലിയ ആന്റിലോപ്പാണ് നീലക്കാള. കാഴ്ച്ചയിൽ കാളയെ പോലെ തോന്നിക്കുന്ന നീലക്കാള മാൻ വർഗ്ഗത്തിൽ പെട്ട ഒരു മൃഗമാണ്. ഇവയ്ക്ക് കാളയെക്കാൾ കുതിരയോടാണ് സാദൃശ്യം.
രൂപവിവരണം
മങ്ങിയ ചാരനിറം കലർന്ന നീലയാണ് ഇതിന്റെ നിറം. പെൺ മൃഗങ്ങൾക്ക് ചെമ്പ് നിറം. അഞ്ചടിയോളം ഉയരവും 240 കിലോയോളം ഭാരവും ഇവയ്ക്കുണ്ട്. തോൾ വരെയുള്ള പൊക്കം ഏകദേശം 130 – 150 സെ. മീറ്ററോളം വരും. പൂർണ വളർച്ച എത്തിയവയുടെ പൊക്കം ഒരു കുതിരയുടെ അത്രയും വരും. എന്നാൽ മുതുക് പിന്നിലേക്ക് താഴ്ന്ന് ഒന്ന് ചരിഞ്ഞതാണ്. പ്രായപൂർത്തിയായ ആണിന് പ്രത്യേക നീല നിറമാണ്. പെണ്ണിനും കിടാവിനും മണലിന്റെ തവിട്ടു നിറമായിരിക്കും.
ആവാസം
വരണ്ട, ഇലപൊഴിയുന്ന സാവന്നകൾ, തുറസ്സായ കുറ്റിക്കാടുകൾ,കൃഷിഷ്ടാലങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രങ്ങൾ. ഇന്ത്യ, പാകിസ്താൻ, ദക്ഷിണ നേപാൾ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു. ഹിമാലയത്തിന് തെക്ക് കർണാടകം വരെ ഇന്ത്യയിൽ എല്ലായിടവും (മരുഭൂമി, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ പ്രദേശം എന്നിവിടങ്ങൾ ഒഴിച്ച്).
സ്വഭാവം
ഇവ കാർഷിക വിളകൾ കൂട്ടത്തോടെ തിന്നു നശിപ്പിക്കാറുണ്ട്. എങ്കിലും പശുവിനോട് സദ്രിശ്യം ഉള്ളതിനാൽ ഉത്തരേന്ത്യൻ ഗ്രാമവാസികൾ ഇതിനെ ഉപദ്രവിക്കാറില്ല. സാധാരണയായി ശബ്ദമുണ്ടാക്കാത്ത ഇവ ഭയപ്പെടുമ്പോൾ ഉറക്കെ മുരളുന്നു. നാട്ടിലിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്ന പ്രധാന വന്യജീവികളിൽ ഒന്നാണിത്. ഒരു സ്ഥലത്തു തന്നെ കാഷ്ഠിക്കുന്ന സ്വഭാവമുള്ളവയാണിവ. പരന്ന രൂപത്തിലുള്ള കാഷ്ഠം അങ്ങനെ കുന്നുകൂടിയിരിക്കും. ഇണചേരൽ കാലത്ത് പാമ്പ് പാതി വിടർത്തുന്നതു പോലെ വാൽ ഉയർത്തി പിടിച്ചുകൊണ്ട് ആൺ പെണ്ണിനെ അനുഗമിക്കുന്നു കാണാം.