EncyclopediaIndiaKerala

തിരുവനന്തപുരം

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം അഥവാ ട്രിവാൻഡ്രം. അനന്തപുരി എന്ന ‌പേരിലും ഇത് അറിയപെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. തന്മൂലം “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 2011-ലെ കാനേഷുമാരി പ്രകാരം 957,730 പേർ നഗരസഭാ പരിധിയിൽ അധിവസിക്കുന്നു. ഇത് പ്രകാരം തിരുവനന്തപുരം നഗരം കേരളത്തിലെ ഏറ്റവും വലിയ നഗരമാണ്. തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാരിന്റെയും, കേന്ദ്രസർക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയ സിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. പ്രശസ്തമായ കേരള സർ‌വകലാശാല, രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളെജ്, സർക്കാർ ഏൻജനീയറിംങ് കോളെജ് ബാർട്ടൺഹിൽ,ഇന്ത്യൻ ഇൻസ്റ്റിട്യട്ട് ഓഫ് സ്പേസ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിട്യുട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ.സി.സി., ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസെസ് ആൻഡ് ടെക്നോളജി തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്‌. ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ ടെക്‌നോ പാർക്ക് തിരുവനന്തപുരത്തുള്ള കഴക്കൂട്ടം എന്ന സ്ഥലത്തിനടുത്താണ്. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നായ കെൽട്രോണിന്റെ ആസ്ഥാനവും ഇവിടെയാണ്.
ചരിത്രം
തിരുവനന്തപുരം നഗരത്തിന്റെ അതിപുരാതനമായ കച്ചവട ചരിത്രം ക്രി.മു 1000-ആം ആണ്ടിലേക്ക് പോകുന്നു. കേരളത്തിലെ മറ്റ് നഗരങ്ങൾ പോലെ തന്നെ സുഗന്ധ വ്യഞ്ജനങ്ങളായിരുന്നു തിരുവനന്തപുരത്തും വ്യാപാരം ചെയ്തിരുന്നത്. എന്നിരുന്നാലും, അക്കാലത്ത് തിരുവനന്തപുരത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം മറ്റ് നഗരങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു. കൊച്ചി, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളുടെയത്രയും വ്യാപാരം ഇവിടെ നടന്നിരുന്നില്ല. പ്രാചീന കാലത്ത് ഇവിടം ഭരിച്ചിരുന്നത് ആയ് രാജവംശമായിരുന്നു. ക്രി.വ. 10-ആം നൂറ്റാണ്ടിൽ ഭരണം വേണാട് രാജവംശത്തിന്റെ കീഴിൽ വന്നു. 1684 ൽ ഉമയമ്മ റാണിയുടെ കാലത്താണ്‌ തിരുവനന്തപുരത്തുനിന്നും 32 കിലോ മീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് എന്ന പ്രദേശത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്‌. തിരുവനന്തപുരം ആധുനികതയുടെ ആദ്യ ചുവടു വയ്പ്പുകൾ നടത്തിയത് 1729-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭരണാ‍ധികാരി ആയതിന് ശേഷമാണ്. 1745-ലാണ് തിരുവനന്തപുരം, തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കപ്പെട്ടത് . പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ, സ്വാതിതിരുനാൾ മഹാരാജാവും ആയില്യം തിരുനാൾ മഹാരാജാവും രാജ്യം ഭരിച്ചിരുന്ന സമയത്താണ് ഈ പട്ടണത്തിന്റെ സുവർണ്ണ കാലഘട്ടം എന്നു പറയാവുന്നത്. സ്വാതിതിരുനാളിന്റെ കാലഘട്ടത്തിലാണ് ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം(1834), നക്ഷത്രനിരീക്ഷണാലയം (1837) എന്നിവ നിർമ്മിച്ചത്. ആയില്യം തിരുനാളിന്റെ കാലഘട്ടത്തിൽ ജനറൽ ആശുപത്രി (1839), ഓറിയന്റൽ റിസേർച്ച് ഇൻസ്റ്റിട്ട്യൂട്ട്, മാനുസ്ക്രിപ്റ്റ് ലൈബ്രറി, യൂണിവേഴ്സിറ്റി കോളേജ് (1873) എന്നിവ സ്ഥാപിച്ചത്. സംസ്കൃത കലാലയം, ആയുർവ്വേദ കോളേജ്, ലോ കോളേജ്, എന്നിവ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് സ്ഥാപിച്ചത് . പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചു. 1904-ൽ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ, ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭാ സമിതി. ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ആയിരുന്നില്ല എങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഈ നഗരം സജീവമായി പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ നഗരത്തിൽ വളരെ സജീവമായിരുന്നു. ഡോ. പട്ടാഭി സീതാരാമയ്യ അധ്യക്ഷം വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു സമ്മേളനം ഇവിടെ നടന്നു . നവോത്ഥാന സന്ദേശങ്ങളുടെ അലകൾ മുസ്‍ലിംകളുടെ ഇടയിലും എത്തിച്ചേർന്നിരുന്നു. വക്കം അബ്ദുൾഖാദർ മൗലവിയാണ് ഇതിനു മുൻകൈയെടുത്തത്. സമുദായാംഗങ്ങൾക്കിടയിൽ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുവാൻ ‘ഇസ്ലാം ധർമപരിപാലനസംഘം’, ‘ജമാഅത് ഉൽ ഇർഷാദ്’ എന്നിങ്ങനെ രണ്ട് സംഘടനകൾക്ക് മൗലവി ജന്മം നല്കി. മുസ്ലീങ്ങളുടെ വിദ്യാഭ്യാസപുരോഗതിയായിരുന്നു മുഖ്യലക്ഷ്യം. ഭരണമണ്ഡലങ്ങളിലും മറ്റ് ഔദ്യോഗിക രംഗങ്ങളിലും മുസ്ലീങ്ങൾക്ക് പ്രാതിനിധ്യം ലഭ്യമാക്കുവാൻ മൗലവി അക്ഷീണം പരിശ്രമിച്ചു. തത്ഫലമായി 1914-ൽ തിരുവിതാംകൂർ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ മുസ്ലീം ഇൻസ്പെക്ടർ, ഖുർആൻ അദ്ധ്യാപകൻ, അറബി മുൻഷി എന്നീ തസ്തികകൾ സൃഷ്ടിക്കപ്പെട്ടു.അറബിപ്പരീക്ഷകളുടെ നടത്തിപ്പിനു മേൽനോട്ടം വഹിക്കുക, അറബിയിലുള്ള പാഠപുസ്തകങ്ങൾ സംശോധിച്ചു നിർദ്ദേശിക്കുക, ‘അൽ ഇസ്ലാം’ എന്ന അറബി മലയാള മാസികയും മുസ്ളിം എന്ന മലയാള മാസികയും പ്രസിദ്ധീകരിക്കുക തുടങ്ങിയ നാനാമുഖ പ്രവർത്തനങ്ങൾ മൗലവി തുടർന്നുപോന്നു.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പ്രശസ്തനാക്കിയ സ്വദേശാഭിമാനി പത്രത്തിന്റെ പ്രസാധകൻ വക്കം മൗലവി ആയിരുന്നു. 1931-ൽ അധികാരം ഏറ്റെടുത്ത ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പല പ്രധാന സംഭവങ്ങൾക്കും നഗരം സാക്ഷ്യം വഹിച്ചു. ഈ സമയത്താണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം (1936) നടന്നത്. പിന്നീട് കേരള സർവ്വകലാശാല എന്നു പുനർ നാമകരണം ചെയ്യപ്പെട്ട തിരുവിതാംകൂർ സർവ്വകലാശാല ഈ കാലത്താണ് (1937) സ്ഥാപിച്ചത് . 1947-ൽ ബ്രിട്ടിഷ് ഭരണം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ഇന്ത്യൻ‍ യൂണിയനിൽ ചേരാൻ തീരുമാനിച്ചു. 1948 മാർച്ച് 24 നു പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റു. 1949-ൽ തൊട്ടടുത്ത രാജ്യമായിരുന്ന കൊച്ചിയുമായി കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറി. ഇങ്ങനെ രൂപവത്കരിച്ച തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 1949 ജൂലൈ 1 മുതൽ 1956 ഒക്ടോബർ 31 വരെ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് ഭരിച്ചു. 1949ൽ- തിരു-കൊച്ചി സം‌യോജന സമയം തിരുവിതാംകൂറിലുണ്ടായ മൂന്ന് റവന്യൂ ഡിവിഷനുകളിൽ ഒന്ന് മാത്രമായിരുന്നു തിരുവനന്തപുരം. സം‌യോജനത്തിനുശേഷം റവന്യൂ ഡിവിഷനുകൾ ജില്ലകളായി മാറി. ദിവാൻ പേഷ്കാർ ജില്ലാ കളക്റ്ററായി. അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻ‍കോട് താലൂക്കുകൾ അടിസ്ഥാനപരമായി തമിഴ് സംസാരിക്കുന്ന സ്ഥലങ്ങളാകയാൽ തമിഴ്നാടിനോട് ചേർക്കപ്പെട്ടു. 1956 നവംബർ 1-നു കേരളസംസ്ഥാനം രൂപവത്കരിച്ചപ്പോൾ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.