EncyclopediaIndiaKerala

കണ്ണൂർ

കണ്ണൂർ ജില്ലയുടെ ആസ്ഥാനനഗരവും ജില്ലയിലെ ഏക മുനിസിപ്പൽ കോർപ്പറേഷനുമാണ് കണ്ണൂർ. ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തിലെ ആറാമത്തെ വലിയ നഗരവും ഉത്തര മലബാറിലെ ഏറ്റവും വലിയ നഗരവുമാണ് കണ്ണൂർ. ഇന്ത്യയിലെ 62 സൈനിക കന്റോണ്മെന്റു കളിലൊന്ന് കണ്ണൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ പണിതചരിത്ര പ്രസിദ്ധമായ സെന്റ്‌ ആഞ്ജലോസ് കോട്ടയും പയ്യാമ്പലം ബീച്ചും നഗരത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂർ ആണെന്നാണ്‌ ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നത്‌. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. കച്ചവടാവശ്യത്തിനായി കോഴിക്കോട് വന്ന വാസ്കോഡഗാമ 1498ൽ കണ്ണൂരിൽ വന്നു. അതിനു മുമ്പെ അറബികളുമായിട്ടായിരുന്നു പ്രധാന കച്ചവടങ്ങൾ നടന്നിരുന്നത്. അക്കാലത്ത് കോലത്തിരി രാജവംശമായിരുന്നു കണ്ണൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഭരണാധികാരികൾ. ക്രിസ്തുവർഷം 1500നുശേഷം‍ കണ്ണൂർ ഇംഗ്ലീഷുകാരുടെ കച്ചവട സങ്കേതമായി മാറി.