ഐ.കെ. ഗുജ്റാൾ
നയതന്ത്രഞ്ജൻ, രാഷ്ട്രീയ നേതാവ്, സ്വാതന്ത്ര്യ സമരസേനാനി എന്നീ നിലകളിൽ പ്രശസ്തനായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയാണ് ഇന്ദർ കുമാർ ഗുജ്റാൾ എന്നറിയപ്പെടുന്ന ഐ.കെ.ഗുജറാൾ.(ജീവിതകാലം : 1919-2012) 1997 ഏപ്രിൽ 21 മുതൽ 1998 മാർച്ച് 19 വരെ ഇദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയാവുന്നതിന് മുൻപ് ഇന്ദിരഗാന്ധി, വി.പി.സിംഗ്, ദേവഗൗഡ മന്ത്രിസഭകളിൽ പാർലമെൻററി കാര്യം, വാർത്താവിനിമയം, പൊതുമരാമത്ത്, ഭവനനിർമ്മാണം, ആസൂത്രണം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ
ഇപ്പോഴത്തെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രാവിശ്യയായ ജ്ജലം ജില്ലയിലെ ഒരു പഞ്ചാബി ഹിന്ദു ഖാത്രി കുടുംബത്തിൽ അവതാർ നാരായണിന്‍റെയും പുഷ്പ ഗുജറാളിന്‍റെയും മകനായി 1919 ഡിസംബർ 4ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡി.എ.വി കോളേജ്, ഹെയ്ലി കോളേജ് ഓഫ് കൊമേഴ്സ്, ഫോർമർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി പഠനം നടത്തുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനായിരുന്നു. എ.ഐ.എസ്.എഫിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്ന് സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തു. 1942-ലെ ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ജയിലിലടക്കപ്പെട്ടു.
രാഷ്ട്രീയ ജീവിതം
1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യ അടിസ്ഥാനത്തിൽ രണ്ടായി പിളർന്നതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1975-ലെ അടിയന്തരവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധി മന്ത്രിസഭയിലെ വാർത്ത വിനിമയ സംപ്രേക്ഷണ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് 1976 മുതൽ 1980 വരെ സോവിയറ്റ് യൂണിയനിൽ ഇന്ത്യൻ അംബാസിഡറായി നിയമിതനായി.
1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്ബറേലിൽ നിന്ന് വിജയിച്ച് പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധി നേരായ മാർഗങ്ങൾ ഉപയോഗിച്ചല്ല തിരഞ്ഞെടുപ്പ് വിജയിച്ചതെന്ന് അലഹാബാദ് കോടതി വിധിക്കുകയും 1975-ൽ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഇന്ദിരയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ജാഥകളും ടി.വി, റേഡിയോ മാധ്യമങ്ങളിലൂടെ രാജ്യമൊട്ടാകെ അറിയിക്കണമെന്ന സഞ്ജയ് ഗാന്ധിയുടെ ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി ഗുജ്റാളിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.
1988-ൽ കോൺഗ്രസ് വിട്ട് ജനതാദളിൽ ചേർന്നു. 1989-ലെ വി.പി.സിംഗ് മന്ത്രിസഭയിലെ വിദേശകാര്യ വകുപ്പ് മന്ത്രിയായി. 1991-ൽ പട്നയിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും ബൂത്ത് പിടിത്തവും അക്രമണങ്ങൾ മൂലവും തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടർന്ന് 1992-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996-ലെ ദേവഗൗഡ മന്ത്രിസഭയിലും വീണ്ടും വിദേശകാര്യ വകുപ്പ് മന്ത്രിയായി. വിദേശകാര്യത്തിൽ അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്ന ഗുജറാൾ സിദ്ധാന്തം ആവിഷ്കരിച്ചു.
അയൽ രാജ്യങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും ഐക്യത്തിനുമായി ഗുജ്റാൾ അഞ്ച് തത്ത്വങ്ങൾ ആവിഷ്കരിച്ചു. മറ്റ് രാജ്യങ്ങൾ പോലും ചർച്ച ചെയ്ത ഈ വിദേശനയം ഗുജറാൾ സിദ്ധാന്തമെന്ന പേരിലാണ് അറിയപ്പെടുന്നത്.
വിദേശകാര്യ വകുപ്പ് മന്ത്രിയായിരിക്കെ 1991-ലെ ഗൾഫ് യുദ്ധവേളയിൽ ഇന്ത്യൻ പ്രതിനിധിയായി. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സദ്ദാമിനെ കെട്ടിപ്പിടിച്ചത് ഏറെ വിവാദം സൃഷ്ടിച്ചു. 2002-ലെ ജമ്മു & കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ വിദേശ നിരീക്ഷകരെ കൊണ്ടുവരണമെന്ന് പറഞ്ഞത് വിവാദമായി പരിണമിച്ചു.
1996-ലെ ഐക്യ മുന്നണി സഖ്യ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ രാജിവച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി കോൺഗ്രസ് പിന്തുണയോടെ ഐ.കെ.ഗുജറാൾ 1997 ഏപ്രിൽ 21ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.