ശുക്രൻ
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ (വെള്ളി). 224.7 ഭൗമദിനങ്ങൾ കൊണ്ടാണ് ഈ ഗ്രഹം സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. വലിപ്പം കൊണ്ട് ആറാമത്തെ സ്ഥാനം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്, ഇതിന്റെ ദൃശ്യകാന്തിമാനം -4.6 ന് അടുത്തുവരെയാകാം. ഭൂമിയേക്കാൾ സൂര്യനോട് അടുത്ത ഗ്രഹമായതിനാൽ സൂര്യനിൽ നിന്ന് വളരെ അകന്ന് ഇത് കാണപ്പെടില്ല, അതിനാൽ തന്നെ ഇത് പ്രത്യക്ഷമാകുന്ന പരമാവധി കോണിയ അകലം 47.8° ആണ്. സൂര്യോദയത്തിന് അല്പംമുൻപും സൂര്യാസ്തമയത്തിന് അല്പംശേഷവും ആണ് ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക, ഇത് കാരണമായി ഇതിനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്.
പാറഗ്രഹങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ഇതിനെ ഭൂമിയുടെ “സഹോദര ഗ്രഹം” എന്നും വിളിക്കാറുണ്ട്, വലിപ്പം, ഗുരുത്വാകർഷണ ശക്തി, മൊത്തത്തിലുള്ള പദാർത്ഥ ഘടകങ്ങൾ എന്നിവയിലെ സാമ്യം കാരണമായാണ് ഇത്. അതാര്യവും പ്രകാശത്തെ നന്നായി പ്രതിഫലിപ്പിക്കുന്നതുമായ സൾഫ്യൂരിക്ക് അമ്ലത്തിന്റെ മേഘങ്ങളാൽ പൊതിയപ്പെട്ടിരിക്കുകയാണ് ശുക്രൻ. ഇതുകാരണം ബഹിരാകശത്തുനിന്നും ദൃശ്യപ്രകാശത്താൽ ഗ്രഹത്തിന്റെ ഉപരിതല വീക്ഷണം അസാധ്യമാണ്. ശുക്രനാണ് മറ്റുള്ള എല്ലാ പാറഗ്രഹങ്ങളേക്കാളും കട്ടിയേറിയ അന്തരീക്ഷം ഉള്ളത്, അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും കാർബൺഡൈ ഓക്സൈഡാണ്, ശിലകളിലും ഉപരിതല പദാർത്ഥങ്ങളിലും കാർബണിനെ ആഗിരണം ചെയ്യിക്കുന്നതിനാവശ്യമായ കാർബൺ ചക്രത്തിന്റെ അഭാവമുള്ളതിനാലും, കാർബണിനെ ജൈവപിണ്ഡങ്ങളിൽ ശേഖരിക്കുന്ന ജൈവപ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാത്തതിനാലുമാണ് ഇത്. ഭൂമിയിലേതു പോലെ മുൻപ് ശുക്രനിലും സമുദ്രങ്ങളുണ്ടായിരുന്നതായി കരുതപ്പെടുന്നു, താപനില വർദ്ധിച്ചതുകാരണമായി അവ ബാഷ്പീകരിക്കപ്പെട്ടതായിരിക്കാം, ഇത് പ്രതലത്തിൽ വരണ്ടതും പാറഫലകങ്ങളുള്ളതുമായ മരുമേഖലകളെ ഉപരിതലത്തിൽ സൃഷ്ടിക്കുകയും ചെയ്തതുമാകാം. ഗ്രഹീയ കാന്തികക്ഷേത്രം ഇല്ലാത്തതു കാരണമായി ജല തന്മാത്രകൾ വിഘടിക്കുകയും സൗരവാതങ്ങൾ ഹൈഡ്രജനെ ഗ്രഹാന്തര മേഖലയിലേക്ക് വഹിച്ചു കൊണ്ടുപോകുകയും ചെയ്തു. ശുക്രനിലെ അന്തരീക്ഷമർദ്ദം ഭൂമിയുടേതിന്റെ 92 മടങ്ങാണ്.
ഇരുപതാം നൂറ്റാണ്ടിൽ വ്യക്തമായ അറിവ് ലഭിക്കുന്നതുവരെ ശുക്രന്റെ ഉപരിതലത്തെ കുറിച്ച് വളരെയധികം അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു. മഗല്ലൻ സംരംഭം വഴി 1990-91 കാലത്താണ് ഉപരിതലത്തെ അവസാനമായി മാപനത്തിനു വിധേയമാക്കിയത്. വലിയ തോതിലുള്ള അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ സാന്നിധ്യമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്, അടുത്ത കാലത്ത് അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടന്നതിന്റെ തെളിവാണ് അന്തരീക്ഷത്തിലുള്ള സൾഫറിന്റെ സാന്നിധ്യമെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും ഇത്തരം പ്രവർത്തനങ്ങളിൽ ഉപരിതലത്തിലെ വിടവുകളിൽ നിന്നും പുറത്തേക്കൊഴുകുന്ന ലാവകളുടെ അസാന്നിധ്യം ഒരു പ്രഹേളികയായി അവശേഷിക്കുന്നു. ഉപരിതലത്തിൽ ഏതാനും ഉൽക്കാ ഗർത്തങ്ങൾ കാണപ്പെടുന്നു, ഇത് ഉപരിതലം താരതമ്യേന പ്രായം കുറഞ്ഞതാണെന്ന – ഏതാണ്ട് 50 കോടി വർഷം മാത്രം പ്രായം – സൂചന നൽകുന്നു. ടെക്റ്റോണിക് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നതിനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല, ഉപരിതലത്തിൽ ജലത്തിന്റെ അഭാവവും പുറപാളിയുടെ കട്ടിയും കാരണമായിരിക്കാം ഇത്. ഇതിനൊക്കെ പകരമായി ഗ്രഹത്തിന്റെ ആന്തരിക താപം നഷ്ടപ്പെടുത്തുന്നത് ചാക്രികമായി സംഭവിക്കുന്ന വലിയ തോതിലുള്ള ഉപരിതല പ്രവർത്തനങ്ങൾ വഴിയാണ്.
ഭൗതിക സവിശേഷതകൾ
സൗരയൂഥത്തിലെ നാല് പാറഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ, അതായത് ശുക്രനും ഭൂമിയെപോലെ ഉറച്ച ശിലകളാൽ നിർമ്മിതമാണ്. വലിപ്പത്തിലും ആകെ പിണ്ഡത്തിലും ഇത് ഭൂമിയോട് സാമ്യമുള്ളതാണ്. അതിനാൽ തന്നെ ഭൂമിയുടെ “സഹോദരൻ” എന്ന് ഇതിനെ വിളിക്കാറുണ്ട്. ശുക്രന്റെ വ്യാസം ഭൂമിയുടേതിൽ നിന്ന് 650 കി.മീറ്റർ മാത്രം കുറവാണ്, ഭാരം ഭൂമിയുടെ 81.5 ശതമാനവും. ഇങ്ങനെയൊക്കെയാണെങ്കിലും അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ ഉയർന്ന അളവ് കാരണമായി ഉപരിതലത്തിന്റെ അവസ്ഥ ഭൂമിയുടേതിൽ നിന്ന് വളരെ വിഭിന്നമാണ്. ശുക്രന്റെ അന്തരീക്ഷപിണ്ഡത്തിന്റെ 96.5 ശതമാനവും കാർബൺഡൈ ഓക്സൈഡിന്റെ പിണ്ഡമാണ്. ശേഷം വരുന്ന പ്രധാന ഘടകം 3.5% വരുന്ന നൈട്രജനാണ്.
ആന്തരിക ഘടന
സീസ്മിക് വിവരങ്ങളുടേയോ മൊമെന്റ് ഓഫ് ഇനേർഷ്യയെപ്പറ്റിയോ അറിവില്ലാത്തതിനാൽ തന്നെ ആന്തരികഘടനയെ കുറിച്ചും ഭൗമരാസഘടനയെ കുറിച്ചും കുറച്ചുമാത്രമേ വിവരങ്ങൾ ലഭ്യമായുള്ളൂ. വലിപ്പത്തിലും സാന്ദ്രതയിലും ഭൂമിയുമായുള്ള സാമ്യം കണക്കിലെടുത്ത് ആന്തരഘടന ഭൂമിയുടേതിന് സമാനമായി കാമ്പ്, മാന്റിൽ, പുറംതോട് എന്നിങ്ങനെയുള്ള ഘടനയായിരിക്കും എന്ന് അനുമാനിക്കുന്നു. ഭൂമിയെപ്പോലെ ശുക്രന്റെ കാമ്പും കുറഞ്ഞത് ഭാഗികമായെങ്കിലും ദ്രാവകാവസ്ഥയിലായിരിക്കുമെന്നും കരുതപ്പെടുന്നു. ഭൂമിയേക്കാൽ അല്പം കുറഞ്ഞ വലിപ്പം കാരണം ഏറ്റവും അന്തർഭാഗങ്ങളിൽ മർദ്ദം ഭൂമിയിലുള്ളതിനേക്കാൾ കാര്യമായി കുറഞ്ഞതായിരിക്കും. രണ്ട് ഗ്രഹങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ശുക്രനിൽ ടെക്റ്റോണിക്ക് പ്രവർത്തനങ്ങൾ ഇല്ല എന്നതാണ്, ഇത് ഉപരിതലത്തിന്റെ വരണ്ട സ്വഭാവം കാരണമായിരിക്കാം. ഇതിന്റെ ഫലമായി കുറഞ്ഞ താപനഷ്ടം മാത്രമേ ഗ്രഹത്തിൽ സംഭവിക്കുന്നുള്ളൂ, ഇത് ഗ്രഹത്തിന്റെ തണുക്കൽ നിരക്ക് കുറക്കുന്നു, ഇതിനെ ഗ്രഹത്തിന്റെ കാന്തികക്ഷേത്രത്തിന്റെ അഭാവത്തിനുള്ള വിശദീകരണമായി കരുതുകയും ചെയ്യുന്നു.
ഭൂമിശാസ്ത്രം
ശുക്രോപരിതലത്തിന്റെ 80 ശതമാനവും നിരപ്പായ അഗ്നിപർവ്വത സമതലങ്ങൾ നിറഞ്ഞതാണ്, ഇതിൽ 70 ശതമാനം ഭാഗത്തെ സമതലങ്ങളും മടക്കുകളും ഭ്രംശമേഖലകളും 10 ശതമാനം ഭാഗം ഒഴുക്കൻ സമതലങ്ങളും ഉള്ളവയാണ്. ഉപരിതലത്തിന്റെ ബാക്കിയുള്ള ഭാഗം ഉയർന്ന ഭാഗങ്ങളായ രണ്ട് ‘ഭൂഖണ്ഡങ്ങൾ’ ആണ്, ഇതിൽ ഒന്ന് ഗ്രഹത്തിന്റെ ഉത്തരാർദ്ധഗോളത്തിലും മറ്റൊന്ന് മധ്യരേഖക്ക് തൊട്ട് തെക്കുവശവും സ്ഥിതി ചെയ്യുന്നു. ഉത്തരഭാഗത്തെ ഭൂഖണ്ഡത്തെ ഇഷ്തർ ടെറ എന്ന് വിളിക്കുന്നു, ഇതിന് ഏതാണ്ട് ആസ്ട്രേലിയയുടെ വലിപ്പം വരും, ബാബിലോണിയയിൽ സ്നേഹത്തിന്റെ ദേവതയായിരുന്നു ഇഷ്തർ. ശുക്രനിലെ ഉയരം കൂടിയ പർവ്വതമായ മാക്സ്‌വെൽ മോണ്ടെസ് ഇഷ്തർ ടെറയിലാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ അഗ്രഭാഗം ശുക്രനിലെ ശരാശരി നിരപ്പിൽ നിന്നും 11 കി.മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ദക്ഷിണ ഭാഗത്തെ ഭൂഖണ്ഡത്തെ ആഫ്രോഡിറ്റേ ടെറാ എന്ന് വിളിക്കുന്നു, പുരാതന ഗ്രീക്കിലെ സ്നേഹത്തിന്റെ ദേവതയായിരുന്നു ആഫ്രോഡിറ്റേ, രണ്ട് ഭൂഖണ്ഡങ്ങളിൽ വലുത് ഈ ഭൂഖണ്ഡമാണ്. ഏതാണ്ട് തെക്കേ അമേരിക്കയുടെ വലിപ്പം വരും ഇതിന്. വിണ്ടലുകളുടെ ഒരു ശൃംഖല തന്നെ ഈ ഭാഗത്തുണ്ട്.
ഉൽക്കാ ഗർത്തങ്ങൾ, പർവ്വതങ്ങൾ, താഴ്‌വരകൾ എന്നിവ ഈ പാറഗ്രഹത്തിൽ കാണപ്പെടുന്നു, ഏതാനും സവിശേഷ ഘടനകളും ശുക്രന്റെ ഉപരിതലത്തിലുണ്ട്. അഗ്നിപർവ്വതഫലമായുണ്ടാകുന്ന മുകൾഭാഗം പരന്ന സവിശേഷ ഘടനകളായ ഫറകൾ, പാൻകേക്കുകളെ ഓർമ്മിപ്പിക്കുന്ന ഇവയുടെ വിസ്താരം 20 കി.മീറ്റർ മുതൽ 50 കി.മീ. വരെയാണ്, ഉയരം 100 മുതൽ 1000 മീറ്റർ വരെ കാണപ്പെടുന്നു; ആരീയവും നക്ഷത്ര സമാനവുമായ ആകൃതിയിലുള്ള വിണ്ടലുകളായ നോവകൾ; ആരീയവും ഏകകേന്ദ്രമുള്ളതുമായതും ചിലന്തിവലകളെ ഓർമ്മിപ്പിക്കുന്നതുമായ അരാക്നോയിഡുകൾ; വിണ്ടലുകളുടെ ചുറ്റിലുള്ള ഭ്രംശനങ്ങൾ കാരണമായുള്ള വളയങ്ങളായ കൊറോണകൾ എന്നിവ ഇത്തരം ഉപരിതല സവിശേഷശതകളിൽപ്പെട്ടതാണ്. ഈ സവിശേഷതകളെല്ലാം തന്നെ അഗ്നിപർവ്വതപ്രവർത്തനങ്ങളുടെ ഫലമായുണ്ടായവയാണ്.
ശുക്രോപരിതലത്തിലെ സവിശേഷതകളിൽ കൂടുതലെണ്ണത്തിനും ചരിത്രത്തിലേയും ഐതിഹ്യങ്ങളിലേയും സ്ത്രീകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ജെയിംസ് ക്ലെർക്ക് മാക്സ്‌വെല്ലിന്റെ സ്മരണാർത്ഥം പേര് നൽകപ്പെട്ട മാക്സ്‌വെൽ മോണ്ടെസ്, ഉന്നതതല മേഖലകളായ ആൽഫ റീഗിയോ, ബീറ്റ റീഗിയോ, ഓവ്ഡ റീഗിയോ എന്നിവയാണ് ഇതിൽ നിന്നും വ്യത്യസ്തമായിരിക്കുന്നവ. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഗ്രഹങ്ങളുടെ സവിശേഷതകൾക്കുള്ള നാമകരണരീതി നിശ്ചയിക്കുന്നതിനു മുൻപ് പേര് നൽകപ്പെട്ടവയാണ് അവസാനം വിവരിച്ച മൂന്ന് സവിശേഷ മേഖലകൾ.
ശുക്രന്റെ ഉപരിതല സവിശേഷതകളുടെ രേഖാംശങ്ങളെല്ലാം അതിന്റെ പ്രധാന രേഖാംശത്തിന് അപേക്ഷികമായാണ് വിവരിക്കപ്പെടുന്നത്. ആൽഫാ റീഗിയോയുടെ തെക്കായി സ്ഥിതി ചെയ്യുന്ന ഈവ് എന്ന അണ്ഡാകാരമായ സവിശേഷ മേഖലയുടെ റഡാർ മാപ്പിൽ കാണപ്പെടുന്ന തെളിഞ്ഞ പൊട്ടായിരുന്നു മുൻപ് പ്രധാന രേഖാംശം കടന്നുപോകുന്നതായി കണക്കാക്കിയിരുന്നത്. വെനീറ സംരംഭത്തിന്റെ പുർത്തീകരണത്തിനു ശേഷം പ്രധാന രേഖാംശം അരീയാഡ്നീ ഗർത്തത്തിന്റെ മധ്യത്തിലെ കൊടുമുടിയിലുടെ കടന്നുപോകുന്നതായി കണക്കാക്കുകയായിരുന്നു.
ഉപരിതല ഭൂഗർഭശാസ്ത്രം
ശുക്രന്റെ ഉപരിതലത്തിന്റെ നല്ലൊരു ഭാഗത്തേയും അഗ്നിപർവ്വത പ്രവർത്തനങ്ങൾ സ്വാധീനിച്ചതായി മനസ്സിലാക്കുന്നു. ഭൂമിയിലുള്ളതിനേക്കാൾ പലമടങ്ങ് കൂടുതൽ അഗ്നിപർവ്വതങ്ങൾ ശുക്രനിലുണ്ട്, ഗ്രഹത്തിലുള്ള ഏതാണ്ട് 167 അഗ്നിപർവ്വതങ്ങൾക്കും 100 കിലോമീറ്ററിൽ കൂടുതൽ വിസ്താരമുണ്ട്. സമാന വലിപ്പത്തിൽ ഭൂമിയിലുള്ള ഒരേയൊരു അഗ്നിപർവ്വത മേഖല ഹവായിലെ ബിഗ് ഐലന്റിലുള്ളതാണ്. ഇതൊക്കെ ശുക്രന്റെ ഉപരിതലം ഭൂമിയേക്കാൾ അഗ്നിപർവ്വത പ്രവർത്തനപരമായി കൂടുതൽ സജീവമാണ് എന്നതിനാലല്ല, മറിച്ച് അതിന്റെ പുറം തോടിന് കൂടുതൽ പഴക്കമുള്ളതിനാലാണ്. ഭൂമിയുടെ പുറതോടിലെ സമുദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗങ്ങൾ അവ സ്ഥിതി ചെയ്യുന്ന ടെക്റ്റോണിക്ക് ഫലകങ്ങളുടെ തുടർച്ചയായി ആഴ്ന്നുപോകലിന് വിധേയമായി ക്കൊണ്ടിരിക്കുകയാണ്, ഇത്തരം ഫലകങ്ങളുടെ ശരാശരി പഴക്കം 10 കോടി വർഷമാണ്, ഇതേസമയം ശുക്രന്റെ ഉപരിതലത്തിന് ഏതാണ്ട് 50 കോടി വർഷമാണ് പഴക്കം കണക്കാക്കിയിരിക്കുന്നത്.
ശുക്രനിൽ നിലവിൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നതിന് പലവിധത്തിലുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. സോവിയേറ്റ് യൂണിയന്റെ വെനീറ പദ്ധതിയിൽപ്പെട്ട വെനീറ 11, വെനീറ 12 പേടകങ്ങൾ തുടർച്ചയായ മിന്നൽ പ്രവാഹങ്ങൾ കണ്ടെത്തിയിരുന്നു, കൂടാതെ വെനീറ 12 ഗ്രഹത്തിൽ ഇറങ്ങിയതിന് തൊട്ട് ശേഷം ശക്തമായ ഇടിമുഴക്കവും രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ വീനസ് എക്സ്പ്രെസ്സ് പേടകം ശുക്രന്റെ അന്തരീക്ഷത്തിന്റെ മുകൾ ഭാഗങ്ങളിൽ വലിയ അളവിൽ മിന്നലുകൾ ഉണ്ടാകുന്നതായി രേഖപ്പെടുത്തുക യുമുണ്ടായി.ഭൂമിയിൽ ഇടിമിന്നലോടുകൂടിയ മഴയും കൊടുങ്കാറ്റും ഉണ്ടാകുന്നതുപോലെ ശുക്രനിൽ സംഭവിക്കാറില്ല. സൾഫ്യൂരിക്ക് അമ്ലത്തിന്റെ മഴ ഉണ്ടാകാറുണ്ടെങ്കിലും ഉപരിതലത്തിന് 25 കിലോമീറ്റർ മുകളിൽ വച്ചുതന്നെ അവ ബാഷ്പീകരി ക്കപ്പെട്ടുപോകുന്നു. മിന്നലുകൾക്ക് കാരണമായി ചൂണ്ടികാട്ടാവുന്ന ഒന്ന് അഗ്നിപർവ്വതങ്ങളിൽ നിന്നും പുറത്തുവരുന്ന ചാരമാണ്. മറ്റൊരു സാധ്യത അന്തരീക്ഷത്തിൽ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള സർൾഫർഡൈഓക്സൈഡാണ്, ഇതിന്റെ അളവിന്റെ പത്തിലൊരു ഭാഗം 1978 നും 1986 നും ഇടയിൽ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതു സൂചിപ്പിക്കുന്നത് അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടന്നത് വഴി മുൻപ് ഉയർന്നതായിരിക്കാം അവയുടെ അളവ് എന്നാണ്.
ആകെ ഏതാണ്ട് ആയിരത്തോളം ഉൽക്കാഗർത്തങ്ങൾ ശുക്രനിലുണ്ട് അവയെല്ലാം തന്നെ ഏതാണ്ട് ഉപരിതലത്തിൽ വ്യാപിച്ച് കിടകുകയാണ്. ഭൂമി, ചന്ദ്രൻ എന്നിവയിലേതു പോലെതന്നെ വ്യത്യസ്ത തലത്തിൽ പ്രകൃതിനാശം സംഭവിച്ച ഗർത്തങ്ങൾ ഇവിടേയും കാണപ്പെടുന്നു. ചന്ദ്രനിലെ ഗർത്തങ്ങൾക്ക് പ്രകൃതിനാശം സംഭവിക്കുന്നത് അവ രൂപപ്പെട്ടതിനു ശേഷം സംഭവിക്കുന്ന ഉൽക്കാപതനങ്ങൾ മൂലമാണെങ്കിൽ ഭൂമിയിൽ ഇത് മഴ കാറ്റ് തുടങ്ങിയവ വഴിയാണ്. എങ്കിലും ശുക്രനിലെ 85 ശതമാനത്തോളം ഗർത്തങ്ങൾക്കും വലിയ നാശം സംഭവിച്ചിട്ടില്ല. ഗ്രഹത്തിന്റെ ഉപരിതലം 50 കോടിവർഷങ്ങൾക്ക് മുൻപ് മാറ്റത്തിനു വിധേയമാകുകയും ശേഷം അഗ്നിപർവ്വത പ്രവർത്തനങ്ങളിൽ കുറവ് വരികയും ചെയ്തു എന്നാണ് ഇത്ര അളവിൽ ഗർത്തങ്ങൾ വലിയ മാറ്റമൊന്നും കൂടാതെ നിലനിൽക്കുന്നു എന്ന കാര്യം സൂചിപ്പിക്കുന്നത്. ഭൂമിയുടെ പുറംതോട് തുടർച്ചയായ ചലനങ്ങൾക്ക് വിധേയമാണ്, പക്ഷേ ഇത്തരത്തിൽ നീണ്ടു നിൽക്കുന്ന മാറ്റങ്ങൾ ശുക്രന് നിലനിർത്താനാവില്ല. മാന്റിലിലെ താപം പുറത്തുവിടാൻ സഹായിക്കുന്നത് ഫലകങ്ങളുടെ ടെക്റ്റോണിക്ക് പ്രവർത്തനങ്ങൾക്കു പകരം പുറംതോടിനെ ദുർബലമാക്കുവാൻ മാത്രമുള്ള തലത്തിലേക്ക് മാന്റിലിലെ താപനില ഉയരുമ്പോൾ ചാക്രികമായി സംഭവിക്കുന്ന ഉപരിതലമാറ്റങ്ങളാണ്. ഏതാണ്ട് 10 കോടി വർഷങ്ങൾ കൂടുമ്പോൾ ഉപരിതലത്തിൽ വലിയ തോതിലുള്ള ആഴ്ന്നുപോകലുകൾ സംഭവിക്കുകയും അതുവഴി പുറംതോട് പൂർണ്ണമായും മാറ്റപ്പെടുകയും ചെയ്യുന്നു.
3 കിലോമീറ്റർ മുതൽ 280 കിലോമീറ്റർ വരെ വിസ്താരമുള്ള ഗർത്തങ്ങൾ ശുക്രനിലുണ്ട്. സാന്ദ്രതയുള്ള അന്തരീക്ഷം അതിനെ കടന്ന് വരുന്ന വസ്തുക്കളുടെ മേൽ പ്രവർത്തിക്കുന്നതു കാരണം 3 കിലോമീറ്ററിൽ താഴെ വിസ്താരമുള്ള ഗർത്തങ്ങൾ അവിടെ കാണപ്പെടുന്നില്ല. ഒരു നിശ്ചിത ഗതികോർജ്ജത്തിൽ താഴെയുള്ള വസ്തുക്കളുടെ വേഗതയെ അന്തരീക്ഷം കുറക്കുന്നതിനാൽ അത്തരം വസ്തുക്കൾ ഗർത്തങ്ങൾ സൃഷ്ടിക്കുന്നില്ല.പതിക്കുന്ന വസ്തുക്കൾ 50 മീറ്ററിൽ താഴെ വ്യാസമുള്ളവയാണെങ്കിൽ ഉപരിതലത്തി ലെത്തുന്നതിനു മുൻപ് ചിതറിപോകുകയും കത്തിക്കരിഞ്ഞ് പോകുകയും ചെയ്യുന്നു.
അന്തരീക്ഷവും കാലാവസ്ഥയും
ഭൂരിഭാഗവും കാർബൺഡൈഓക്സൈഡ് അടങ്ങിയ കട്ടിയേറിയ അന്തരീക്ഷമാണ് ശുക്രന്റേത്, ബാക്കിവരുന്ന അന്തരീക്ഷഘടങ്ങളിൽ കൂടുതലും നൈട്രജനാണ്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ 93 മടങ്ങ് പിണ്ഡമുണ്ട് ശുക്രന്റെ അന്തരീക്ഷത്തിന്, ഉപരിതല അന്തരീക്ഷമർദ്ദം ഭൂമിയുടേതിന്റെ 92 മടങ്ങും, ശുക്രന്റെ ഉപരിതലത്തിലനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം ഭൂമിയിലെ സമുദ്രങ്ങളിൽ 1 കിലോമീറ്റർ താഴ്ചയിൽ അനുഭവപ്പെടുന്ന മർദ്ദത്തിനു തുല്യമാണ്. ഉപരിതലത്തിലെ അന്തരീക്ഷ സാന്ദ്രത 65 kg/m3 ആണ് (ജലത്തിന്റെ സാന്ദ്രതയുടെ 6.5 ശതമാനം). കാർബൺഡൈഓക്സൈഡിനാൽ സമ്പുഷ്ടമായ അന്തരീക്ഷവും കൂടെ സൾഫ്യൂരിക്ക് അമ്ലത്തിന്റെ മേഘങ്ങളും, ഇത് സൗരയൂഥത്തിലെ ഏറ്റവും ശക്തിയേറിയ ഹരിതഗൃഹ പ്രഭാവം സൃഷ്ടിക്കുന്നു. ഇത് ഉപരിതല താപനില 460 ഡിഗ്രി സെത്ഷ്യസ് ആയി ഉയർത്തുന്നു. ഇതുകാരണം ബുധനേക്കാൾ ഇരട്ടി ദൂരം സൂര്യനോട് അകലത്തിൽ നിൽക്കുന്നതും ബുധനിൽ ലഭിക്കുന്നതിന്റെ 25 ശതമാനം മാത്രം വികിരണം പതിക്കുന്നതുമായ ശുക്രനിലെ ഉപരിതല താപനില ബുധനിലേതിനേക്കാൾ കൂടുതലായി നിൽക്കുന്നു, ബുധനിലെ കുറഞ്ഞ താപനില -220 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 420 ഡിഗ്രി സെൽഷ്യസുമാണ്.
പഠനങ്ങൾ സൂചിപ്പിക്കുന്നത് കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശുക്രനിലെ അന്തരീക്ഷവും ഭൂമിയുടേതിന് സമാനമായിരുന്നു എന്നാണ്, ആ കാലഘട്ടത്തിൽ വലിയ അളവിൽ ജലവും ഉപരിതലത്തിലുണ്ടായിരുന്നു, പക്ഷേ വർദ്ധിച്ചുവന്ന ഹരിതഗൃഹ പ്രഭാവം ജലത്തെ ബാഷ്പീകരിക്കുകയും ഇത് വളരെ ഉയർന്ന അളവിലുള്ള ഹരിതഗൃഹ വാതകങ്ങളെ അന്തരീക്ഷത്തിൽ തങ്ങിനിർത്തുകയും ചെയ്തു.
വളരെ കുറഞ്ഞ ഭ്രമണ നിരക്കായിട്ടുകൂടി താപജഡത്വവും അന്തരീക്ഷത്തിന്റെ താഴ്ന്ന നിലകളിൽ കാണപ്പെടുന്ന താപത്തെ വഹിക്കുന്ന വാതക പ്രവാഹങ്ങളും കാരണം ഗ്രഹത്തിന്റെ പകൽ വശത്തിനും രാത്രിവശത്തിനും ഇടയിൽ താപനിലയിൽ വലിയ വ്യത്യാസമില്ല. ഉപരിതലത്തോട് ചേർന്നുള്ള കാറ്റുകൾ വേഗം കുറഞ്ഞവയാണ്, മണിക്കൂറിൽ ഏതാനും കിലോമീറ്ററുകൾ മാത്രമാണ് അവയുടെ വേഗത, എങ്കിലും ഉപരിതലത്തിന്റെ അന്തരീക്ഷത്തിന്റെ കൂടിയ സാന്ദ്രത കാരണം ഇത്തരം കാറ്റുകൾ അവയുടെ ചലനത്തിന് തടസ്സം നിൽക്കുന്ന വസ്തുക്കളുടെ മേൽ വലിയ മർദ്ദം പ്രയോഗിക്കുകയും പൊടിപടലങ്ങളേയും ചെറിയ കല്ലുകളേയും നീക്കികൊണ്ടുപോകുകയും ചെയ്യുന്നു. അവിടുത്തെ ചൂട് ഒരു പ്രശ്നമായി കരുതുകയില്ലെങ്കിൽ പോലും ഈ കാര്യം കൊണ്ടുമാത്രം അവിടെ മനുഷ്യന് നടന്നു നീങ്ങാൻ സാധിക്കില്ല.
അന്തരീക്ഷത്തിലെ സാന്ദ്രമായ കാർബൺഡൈഓക്സൈഡിന്റെ അടുക്കിനുമുകളിൽ പ്രധാനമായും സൾഫർ ഡൈഓക്സൈഡിന്റെയും സൾഫ്യൂരിക്ക് അമ്ലകണങ്ങളുടെയും കട്ടിയേറിയ മേഘങ്ങളാണുള്ളത്. ഈ മേഘങ്ങൾ സൂര്യനിൽ നിന്നും വരുന്ന പ്രകാശത്തിന്റെ ഏതാണ്ട് 60 ശതമാനത്തെയും ബഹിരാകാശത്തേക്ക് തന്നെ പ്രതിഫലിപ്പിച്ചു കളയുന്നു, ഇത് ശുക്രോപരിതലത്തിന്റെ ദൃശ്യപ്രകാശം വഴി നേരിട്ടുള്ള നിരീക്ഷണത്തെ തടയുകയും ചെയ്യുന്നു. കട്ടിയേറിയ ഇത്തരം മേഘങ്ങൾ കാരണം ഭൂമിയേക്കാൾ സൂര്യനോട് അടുത്തായിട്ടുകൂടി ശുക്രോപരിതലം ഭൗമോപരിതലത്തിന്റെ അത്രത്തോളം പ്രകാശപൂർണ്ണമാകുന്നില്ല. ശുക്രനിൽ ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്ന കാർബൺഡൈഓക്സൈഡ് ഇല്ലായിരുന്നുവെങ്കിൽ ശുക്രനിലും ഭൂമിയിലെ താപനിലയിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത താപനിലയാകുമായിരുന്നു. മേഘങ്ങൾക്ക് മുകളിലെ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റുകൾ ഏതാണ്ട് നാലോ അഞ്ചോ ഭൗമദിനങ്ങൾകൊണ്ട് ഗ്രഹത്തെ ഒരു തവണ വലംവയ്ക്കുന്നു.
ഫലത്തിൽ ശുക്രോപരിതലത്തിൽ പകലും രാത്രിയും, ധ്രുവങ്ങളിലും മധ്യരേഖയിലും ഏതാണ്ട് താപനില ഒരേ നിലയിലായിരിക്കും. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് 23 ഡ്രിഗ്രിയോടടുത്താണെങ്കിൽ ശുക്രന്റേത് 177.3° ഡിഗ്രിയാണ്, ഇതും കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകുന്നതിനെ കുറക്കുന്നു. താപനിലയിൽ വലിയം മാറ്റം കാണപ്പെടുന്നത് വ്യത്യസ്ത തുംഗതലങ്ങളിൽ മാത്രമാണ്. 1995 നിരീക്ഷണം നടത്തിയ മഗല്ലൻ പേടകം പകർത്തിയ ചിത്രങ്ങളിൽ ശുക്രനിലെ ഉയർന്ന കൊടുമുടികളിൽ ഭൂമിയിലെ മഞ്ഞിനു സമാനമായ പ്രകാശത്തെ നന്നായി പ്രതിഫലിക്കുന്ന വസ്തുക്കൾ കാണപ്പെട്ടിരുന്നു. ഉയർന്ന താപനിലയിലാണെങ്കിലും മഞ്ഞ് രൂപപ്പെടുന്നതിനു സമാനമായ പ്രക്രിയകൾ വഴി രൂപപ്പെടുന്നതാണ് ഇത്തരം വസ്തുക്കളെന്നും കരുതപ്പെടുന്നു. ഉപരിതലത്തിൽനിന്ന് പെട്ടെന്ന് ബാഷ്പീകരിക്കപ്പെട്ട് പോകുന്ന ഇവ ഉയർന്ന് ഉയർന്ന ഭാഗങ്ങളിൽ എത്തുന്നതോടെ മഴയ്ക്ക് സമാനമായ രീതിയിൽ വർഷിക്കപ്പെടുകയും ചെയ്യുന്നതാണ്. ഏത് തരത്തിലുള്ളതാണ് ഈ വസ്തുവെന്ന് ശരിയായി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും ശുദ്ധ ടെല്യൂറിയം, ഗലീന (ലെഡ് സൾഫൈഡ്) തുടങ്ങിയവയിൽ ഏതെങ്കിലുമായിരിക്കുമെന്ന് കരുതപ്പെടുന്നു.
ശുക്രനിലെ മേഘങ്ങളും ഭൂമിയിലുള്ള മേഘങ്ങളേപോലെ തന്നെ മിന്നലുകൾ സൃഷ്ടിക്കുവാൻ കഴിവുള്ളവയാണ്. സോവിയറ്റ് യൂണിയന്റെ വെനീറ പേടകങ്ങൾ മിന്നലുകളെ രേഖപ്പെടുത്തിയതുമുതൽ അവ ചർച്ചാവിധേയമാക്കപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ, 2006-07 കാലഘട്ടത്തിൽ നിരീക്ഷണം നടത്തിയ വീനസ് എക്സ്പ്രസ്സ് മിന്നലുകളുടെ മുഖമുദ്രയായ വിസ്ലർ മോഡ് തരംഗങ്ങളെ കണ്ടെത്തുകയുണ്ടായി. അവയുടെ ഇടയ്ക്കിടെയുള്ള പ്രത്യക്ഷപ്പെടൽ ഭൂമിയിലെ കാലാവസ്ഥയിൽ കാണപ്പെടുന്ന പ്രതീതിയുളവാക്കുന്നതായിരുന്നു. കുറഞ്ഞത് ഭുമിയി ലുണ്ടാകുന്നതിന്റെ പകുതി നിരക്കിലെങ്കിലും അവിടെ മിന്നലുകൾ ഉണ്ടാകുന്നുണ്ട്. 2007 ൽ നിരീക്ഷണം നടത്തിയപ്പോൾ വീനസ് എക്സ്പ്രസ്സ് ഗ്രഹത്തിന്റെ ദക്ഷിണ ധ്രുവത്തിൽ ഒരു വലിയ ഇരട്ട വായുസ്തംഭത്തെയും കണ്ടെത്തിയിരുന്നു.
കാന്തികക്ഷേത്രവും കാമ്പും
1980 ൽ നിരീക്ഷണം നടത്തിയ പയനീർ വീനസ് ഓർബിറ്റർ ശുക്രന്റെ കാന്തികക്ഷേത്രം ചെറുതും ദുർബലവുമാണെന്ന് കണ്ടെത്തിയിരുന്നു. ഭൂമിയിലെ കാമ്പിൽ സൃഷ്ടിക്കപ്പെടുന്ന ഡൈനാമോ പ്രതിഭാസത്തിൽ നിന്നാണ് ഭൂമിയുടെ കാന്തികമണ്ഡലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്കിൽ ശുക്രന്റെ കാന്തികമണ്ഡലം സൃഷ്ടിക്കപ്പെടുന്നത് സൗരക്കാറ്റും ഗ്രഹത്തിന്റെ അയണോസ്ഫിയറും തമ്മിൽ പ്രതി പ്രവർത്തിക്കുന്നതിൽ നിന്നാണ്. ശുക്രന്റെ ദുർബലമായ കാന്തമണ്ഡലം കോസ്മിക് വികിരണങ്ങളിൽ നിന്നും അതിന്റെ അന്തരീക്ഷത്തിന് അവഗണിക്കാവുന്ന തരത്തിലുള്ള ചെറിയ സംരക്ഷണം മാത്രമേ നൽകുന്നുള്ളൂ. ഈ വികിരണങ്ങൾ മേഘങ്ങൾക്കിടയിലുള്ള മിന്നൽ പ്രവാഹങ്ങൾക്ക് കാരണമാകുകയും ചെയ്തേക്കാം.
ഭൂമിയുടെ സമാന വലിപ്പത്തിലുള്ള ഗ്രഹമായതിനാൽ ശുക്രന്റെ അന്തർഭാഗത്ത് കാമ്പിൽ ഒരു ഡൈനാമോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, അതിനാൽ തന്നെ ഗ്രഹത്തിന് സ്വതേ ഉണ്ടാകേണ്ട കാന്തികക്ഷേത്രത്തിന്റെ അഭാവം അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. ഒരു ഡൈനാമോ സൃഷ്ടിക്കപ്പെടാൻ മൂന്ന് കാര്യങ്ങൾ സംഭവിക്കണം: ചാലകമായി വർത്തിക്കുന്നതിനുള്ള ദ്രാവകം, ഭ്രമണം, സംവഹനം. ഭ്രമണം മന്ദഗതിയിലാണെങ്കിൽ കൂടി ഗ്രഹത്തിന്റെ കാമ്പ് വൈദ്യുതചാലകമാണെന്ന് കരുതുന്നു, ഇക്കാര്യങ്ങൾ ഒരു ഡൈനാമോ സൃഷ്ടിക്കപ്പെടാൻ മതിയാകുന്നതാണെന്ന് അനുകരണങ്ങൾ കാണിക്കുന്നുമുണ്ട്. ഇതിനാൽ തന്നെ കാമ്പിലെ സംവഹനത്തിന്റെ അഭാവമാണ് ഡൈനാമോ സൃഷ്ടിക്കപ്പെടാതിരിക്കുന്നതിന് കാരണമെന്ന് മനസ്സിലാകുന്നു. ഭൂമിയുടെ ദ്രാവകകാമ്പിന്റെ മുകളിലെ പാളിയിലാണ് സംവഹനം സംഭവിക്കുന്നത്, അതിനടിയിലെ ഭാഗത്തിന് മുകളിലെ പാളിയേക്കാൾ താപനില വളരെ കൂടിയിരിക്കുന്നതിനാലാണിത്. ശുക്രനിലെ ഉപരിതലത്തിന്റെ പുനഃക്രമീകരണങ്ങൾ ഫലകങ്ങളുടെ ടെക്റ്റോണിക് പ്രവർത്തനങ്ങളെ അമർച്ച ചെയ്തിരിക്കാം, ഇത് പുറംതോട് വഴിയുള്ള താപസംവഹനത്തെ കുറച്ചിരിക്കുകയുമാവാം. ഇത് മാന്റിലിന്റെ താപനില ഉയരുന്നതിനു കാരണമാകുകയും അതുവഴി കാമ്പിൽ നിന്നും പുറത്തേക്കുള്ള താപ അഭിവാഹകങ്ങൾ കുറഞ്ഞതുമാകാം. ഇക്കാരണങ്ങളാൽ ശുക്രന് കാന്തികക്ഷേത്രം സൃഷ്ടിക്കുന്നതിനാവശ്യമായ ആന്തരിക ജിയോഡൈനാമോയില്ല. പകരം കാമ്പിൽ നിന്നുള്ള താപം പുറംതോടിനെ ആവർത്തിച്ചു ചൂടുപിടിപ്പിക്കുകയാണ് ചെയ്യുന്നത്.
ഖരാവസ്ഥ പ്രാപിച്ച കാമ്പിന്റെ ഉപഭാഗം ശുക്രനുണ്ടായിരിക്കില്ല, അല്ലെങ്കിൽ നിലവിൽ ഇതിന്റെ കാമ്പ് തണുക്കലിന് വിധേയമാകുന്നുണ്ടാകില്ല, ഇതുവഴി ദ്രാവക കാമ്പിന്റെ എല്ലാ ഭാഗവും ഒരേ താപനിലയിലായിരിക്കാം നിലനിൽക്കുന്നത്. നിലവിൽ തന്നെ കാമ്പ് പൂർണ്ണമായും ഖരാവസ്ഥ പ്രാപിച്ചിരി ച്ചിട്ടുണ്ടാകാമെന്നതാണ് മറ്റൊരു സാധ്യത. കാമ്പിന്റെ അവസ്ഥ സൾഫറിന്റെ അളവുമായി ഗാഢമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്, ഇതാണെങ്കിൽ നിലവിൽ അജ്ഞാതവുമാണ്.
പരിക്രമണവും ഭ്രമണവും
സൂര്യന് ശരാശരി 10.8 കോടി കിലോമീറ്റർ (ഏതാണ്ട് 0.7 ആസ്ട്രോണമിക്കൽ യൂണിറ്റ്) അകലത്തിലാണ് ശുക്രൻ പരിക്രമണം നടത്തുന്നത്, ഒരു പരിക്രമണം പൂർത്തിയാക്കുവാൻ 224.65 ഭൗമദിനങ്ങൾ എടുക്കുന്നു. ഏതാണ്ട് മറ്റെല്ലാ ഗ്രഹങ്ങളുടേയും പരിക്രമണ പാത ദീർഘവൃത്താകാരമാണെങ്കിൽ ശുക്രന്റെ പരിക്രമണപഥം ഏതാണ്ട് വൃത്താകാരമാണ്, 0.01 മാത്രമാണ് പരിക്രമണപാതയുടെ ഉത്കേന്ദ്രത. സൂര്യനും ഭൂമിക്കും ഇടയിലായിവരുന്ന അവസ്ഥയിൽ (ഇത് നീചയുതി എന്നറിയപ്പെടുന്നു) ശുക്രൻ ഭൂമിയോട് മറ്റേത് ഗ്രഹത്തേക്കാളും അടുത്ത് വരുന്നു, ഇത്തരം അവസരങ്ങളിൽ ഭൂമിയിൽ നിന്ന് ശരാശരി 4.1 കോടി കിലോമീറ്റർ അകലെമാത്രമായിരിക്കും ശുക്രൻ.ശരാശരി 584 ദിവസങ്ങൾ കൂടുമ്പോൾ ഈ രീതിയിൽ ശുക്രൻ ഭൂമിയോട് അടുത്തായി വരുന്നു. ഭൂമിയുടെയും ശുക്രന്റെയും പരിക്രമണ പഥങ്ങളുടെ വർദ്ധിച്ചുവരുന്ന ഉത്കേന്ദ്രത നിമിത്തം ഈ കുറഞ്ഞ ദൂരം കാലക്രമേണ വർദ്ധിച്ചുവരും. വർഷം 1 മുതൽ 5383 വരെ ആകെ 526 തവണ 4 കോടി കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിൽ ഈ ഗ്രഹങ്ങൾ വരുന്നു, അതിനുശേഷം 60,200 വർഷത്തോട് ഇങ്ങനെ അടുത്ത് വരില്ല. വലിയ ഉത്കേന്ദ്രതയുള്ള കാലഘട്ടങ്ങളിൽ ശുക്രൻ ഭൂമിയോട് പരമാവധി 3.82 കോടി കിലോമീറ്റർ മാത്രം അകലത്തിലായി വരുന്നതാണ്.
സൂര്യന്റെ ഉത്തരധ്രുവത്തിനു മുകളിൽ നിന്നും വീക്ഷിക്കുക യാണെങ്കിൽ എല്ലാ ഗ്രഹങ്ങളും സൂര്യന്റെ അപ്രദക്ഷിണ ദിശയിൽ പരിക്രമണം ചെയ്യുന്നതായാണ് കാണാൻ സാധിക്കുക; മറ്റുള്ള ഗ്രഹങ്ങളെല്ലാം അപ്രദക്ഷിണ ദിശയിൽ തന്നെ ഭ്രമണം ചെയ്യുകയും ചെയ്യുന്നു, എന്നാൽ ശൂക്രൻ പ്രദക്ഷിണ ദിശയിലാണ് ഭ്രമണം ചെയ്യുന്നത്. നിലവിലെ ശുക്രന്റെ ഭ്രമണനിരക്ക് വളരെ കുറവും സൂര്യനുമായി ഗുരുത്വപരമായ ടൈഡൽ ലോക്കിംഗിന്റെ ഏതാണ്ട് തുലനാവസ്ഥയിലുമാണ്, ശുക്രന്റെ കട്ടിയേറിയ അന്തരീക്ഷത്തിന്റെ സൗരതാപീകരണം വഴിയുള്ള വലിവുബലങ്ങളും ഇതിൽ പങ്കുവഹിച്ചിട്ടുണ്ട്. സൗരനെബുലയിൽ നിന്ന് രൂപപ്പെട്ട അവസരത്തിൽ ശുക്രൻ വ്യത്യസ്തമായ ഭ്രമണനിരക്കോടേ ആയിരുന്നിരിക്കാം തുടങ്ങിയത്, ഇതിന്റെ കട്ടിയേറിയ അന്തരീക്ഷത്തിൽ ചെലുത്തപ്പെട്ട ഗ്രഹാന്തര വലിവുബലങ്ങൾ കാരണമായുണ്ടായ ക്രമരഹിത ഭ്രമണനിരക്കിലെ മാറ്റങ്ങൾ വഴി ഭ്രമണ നിരക്ക് ഇന്നത്തെ നിലയിലേക്ക് ആയിത്തീർന്നതായിരിക്കാം. ഭ്രമണത്തിൽ ഈ തരത്തിൽ മാറ്റങ്ങൾ സംഭവിച്ചിരിക്കുക കോടിക്കണക്കിന് വർഷങ്ങൾ കൊണ്ടായിരിക്കും.
ശുക്രൻ അതിന്റെ ഒരു ഭ്രമണം പൂർത്തിയാക്കുന്നത് 243 ഭൗമദിനങ്ങൾ കൊണ്ടാണ്, ഇത് മറ്റെല്ലാ പ്രധാനപ്പെട്ട ഗ്രഹങ്ങളുടേതിനേക്കാളും കുറവാണ്. മധ്യരേഖയിൽ ശുക്രന്റെ ഉപരിതലം പ്രതിമണിക്കൂറിൽ 6.5 കിലോമീറ്ററാണ് ഭ്രമണം ചെയ്യുന്നത്, അതേസമയം ഭൂമിയുടേത് പ്രതിമണിക്കൂറിൽ 1,670 കിലോമീറ്ററും. അതിനാൽ തന്നെ ശുക്രന്റെ ഒരു ഭ്രമണ ദിനം അതിലെ ഒരു വർഷത്തിലേക്കാൾ നീണ്ടതാണ് (ഒരു ശുക്ര ഭ്രമണ ദിനം 243 ഭൗമദിനങ്ങൾക്ക് തുല്യമാണ്, ഒരു ശുക്രവർഷം 224.7 ഭൗമദിനങ്ങൾക്ക് തുല്യവും). ഇങ്ങനെയെങ്കിലും മറ്റ് ഗ്രഹങ്ങളിൽ നിന്നും വിഭിന്നമായി വിപരീത ദിശയിലുള്ള ഭ്രമണം കാരണം ശുക്രനിലെ ഒരു സൗരദിനത്തിന്റെ ദൈർഘ്യം അതിലെ ദിനത്തിനേക്കാളും കുറഞ്ഞതാണ്. ശുക്രന്റെ ഉപരിതലത്തിലുള്ള ഒരു നിരീക്ഷകന് ഒരു സുര്യോദയം മുതൽ മറ്റൊന്ന് വരെയുള്ള സമയം ഏതാണ്ട് 116.75 ഭൗമദിനങ്ങൾക്ക് തുല്യമായ ദൈർഘ്യത്തോടെ അനുഭവപ്പെടും (ഇത് ബുധനിലെ 176 ഭൗമദിനങ്ങൾക്ക് തുല്യമായ സൗരദിനത്തിനേക്കാളും കുറഞ്ഞതാണ്). കൂടാതെ ശുക്രനിൽ സൂര്യൻ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുന്നതായാണ് അനുഭവേദ്യമാകുക. ദീർഘമാ ശുക്രന്റെ സൗരദിനം കാരമായി ശുക്രനിലെ ഒരു വർഷം 1.92 ശുക്രദിനങ്ങൾ അടങ്ങിയതാണ്.
കൗതുകകരമായ ഒരു കാര്യം ശുക്രനും ഭൂമിയും അടുത്ത് വരുന്ന കാലദൈർഘ്യമായ 584 ദിവസം ഇത് ഏതാണ്ട് കൃത്യമായി ശുക്രനിലെ അഞ്ച് സൗരദിനങ്ങൾക്ക് തുല്യമാണ്. ഈ കൃത്യത യാദൃച്ഛികമായി സംഭവിച്ചതാണോ അതോ ഈ ഗ്രഹങ്ങൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ടൈഡൽ ലോക്കിംഗ് വഴി സംഭവിച്ചതാണോ എന്നതിനെപ്പറ്റി നിശ്ചയമില്ല.
നിലവിൽ ശൂക്രന് ഉപഗ്രഹങ്ങളൊന്നുമില്ലെങ്കിലും2002 VE68 എന്ന ആസ്റ്റീറോയിഡ് ഇതുമായി പരിക്രമണത്തിൽ ബന്ധം പുലർത്തുന്നുണ്ട്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയിലെ അലെക്സ് അലീമി, ഡേവിഡ് സ്റ്റീവെൻസൺ എന്നിവർ 2006 ൽ തയ്യാറാക്കിയ സൗരയൂഥത്തിന്റെ ആദ്യകാല മാതൃകയുടെ അടിസ്ഥാനത്തിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശുക്രന് ഏതെങ്കിലും കൂട്ടിയിടിയുടെ ഫലമായി സൃഷ്ടിക്കപ്പെട്ടതായ ഒരു ഉപഗ്രഹമെങ്കിലും ഉണ്ടായിരുന്നു. പത്ത് ലക്ഷം വർഷങ്ങൾക്ക് ശേഷം മറ്റൊരു കൂട്ടിയിടിയുടെ ഫലമായി ശുക്രന്റെ ഭ്രമണം വിപരീത ദിശയിലായിത്തീരുകയും ചെയ്തു. അതോടെ ശുക്രന്റെ ഉപഗ്രഹം പതിയെ വർത്തുള പാതയിൽ ഉള്ളിലേക്ക് വലിയുകയും ഗ്രഹവുമായി കൂട്ടിയിടിക്കുകയും കൂടിച്ചേരുകയും ചെയ്തു. ഈ കൂട്ടിയിടിയിലും വല്ല ഉപഗ്രഹങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കാമെങ്കിലും അവയും ഇതേ രീതിയിൽ ഗ്രഹത്തിനോട് കൂടിച്ചേരുകയുണ്ടായി. ശുക്രന് ഉപഗ്രഹങ്ങളില്ലാത്തതിനുള്ള മറ്റൊരു വിശദീകരണം സൂര്യന്റെ ശക്തമായ വലിവുബലങ്ങളാണ്, ഇതിന് സൂര്യനോട് അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളെ പരിക്രമണം ചെയ്യുന്ന വലിയ ഉപഗ്രഹങ്ങളുടെ സ്ഥിരതയെ ഇല്ലാതാക്കാൻ കഴിയും.
നിരീക്ഷണം
ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളെക്കാളും തിളക്കത്തിൽ ശുക്രനെ ആകാശത്തിൽ കാണാൻ സാധിക്കും, -3.8 മുതൽ -4.6 വരെ ദൃശ്യകാന്തിമാനത്തിൽ ഈ ഗ്രഹം മാനത്ത് കാണപ്പെടുന്നു. തിളക്കം കാരണം ചിലപ്പോൾ ഇതിനെ പകലും കണ്ടെത്താൻ കഴിഞ്ഞേക്കാം, ചക്രവാളത്തിൽ സൂര്യൻ താഴ്ന്നിരിക്കുന്ന അവസരങ്ങളിൽ ഇതിനെ എളുപ്പത്തിൽ കാണാൻ കഴിയും. ഒരു അന്തർഗ്രഹമായതിനാൽ തന്നെ സൂര്യനുമായി പരമാവധി 47° കോൺ ദൂരത്തിലാണ് ശുക്രൻ പ്രത്യക്ഷപ്പെടുക.
സൂര്യനെ പരിക്രമണം ചെയ്യുന്നതിനിടയിൽ ഭൂമിയെ 584 ദിവസങ്ങൾ കൂടുമ്പോൾ ശുക്രൻ മറികടക്കും. ഇങ്ങനെയുള്ള സഞ്ചാരത്തിനിടയിൽ സൂര്യാസ്തമയത്തിനു ശേഷം കാണപ്പെടുന്ന സന്ധ്യാനക്ഷത്രമായും സൂര്യോദയത്തിനു മുൻപ് കാണപ്പെടുന്ന പ്രഭാതനക്ഷത്രമായും ഇത് പ്രത്യക്ഷപ്പെടുന്നു. മറ്റൊരു അന്തർഗ്രഹമായ ബുധൻ പരാമവധി കോണകലം 28° വരെ മാത്രമെത്തുന്നതിനാൽ സന്ധ്യാസമയത്തേയും അസ്തമയസമയത്തേയും വെളിച്ചത്തിൽ അതിനെ തിരിച്ചറിയുവാൻ ബുദ്ധിമുട്ടാണ്, ഏറ്റവും തിളക്കത്തിൽ പ്രത്യക്ഷപ്പെടുന്ന അവസരങ്ങളിൽ ശുക്രൻ ശ്രദ്ധിക്കപ്പെടാതെ പോകില്ല. സൂര്യനിൽ നിന്ന് പരമാവധി കോണീയ അകലത്തിലായിരിക്കൂമ്പോൾ സൂര്യാസ്തമയത്തിനു ശേഷമുള്ള ഇരുണ്ട ആകാശത്തിലും ഇതിനെ കാണാൻ സാധിക്കുന്നതാണ്. ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 1969 അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.
ശുക്രൻ അതിന്റെ പാതയിൽകൂടി പരിക്രമണം ചെയ്യുന്നതിനിടയിൽ ചന്ദ്രനെപ്പോലെ കലകൾ കാണിക്കുന്നു: സൂര്യന്റെ വിപരീത വശത്തായിരിക്കുമ്പോൾ പൂർണ്ണവും ചെറുതുമായ കല കാണിക്കുന്നു. സൂര്യനിൽ നിന്ന് പരമാവധി കോണീയ അകലത്തിലായിരിക്കുമ്പോൾ നാലിലൊന്ന് വലിപ്പമുള്ള കല പ്രദർശിപ്പിക്കും. സൂര്യന്റെ സമീപവശത്ത അതായത് ഭൂമിക്കും സൂര്യനുമിടയിലായിരിക്കുന്ന അവസരത്തിലാണ് ശുക്രൻ വലുതു നേരിയതുമായ ചന്ദ്രകലാകൃതിയിൽ പ്രത്യക്ഷപ്പെടുക. ഏറ്റവും വലിപ്പത്തിൽ കാണപ്പെടുക സൂര്യനും ഭൂമിക്കും ഇടയിലായിരിക്കുന്ന അവസരത്തിലാണ്. ശുക്രന് അന്തരീക്ഷമുള്ളതിനാൽ തന്നെ ടെലിസ്കോപ്പിലൂടെ നോക്കുന്ന അവസരത്തിൽ സൂര്യപ്രകാശത്തിന് അപവർത്തനം സംഭവിച്ചുണ്ടാകുന്ന പ്രഭാവലയം അതിന് ചുറ്റും കാണാൻ സാധിക്കുന്നതാണ്.
ഭൂമിയുടെ പരിക്രമണതലത്തിന് ആപേക്ഷികമായി ശുക്രന്റെ പരിക്രമണതലം അല്പം ചെരിഞ്ഞതാണ്; അതിനാൽ തന്നെ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുന്ന അവസരങ്ങളിലെല്ലായിപ്പോഴും അത് സൂര്യബിംബത്തെ മുറിച്ച് സഞ്ചരിക്കണമെന്നില്ല. 121.5 വർഷങ്ങൾ കൂടുമ്പോൾ എട്ട് വർഷത്തെ ഇടവേളയോടെയുള്ള രണ്ട് ശുക്രസംതരണങ്ങൾ സംഭവിക്കുന്നു. ഏറ്റവും അടുത്ത് സംതരണം സംഭവിച്ചത് 2004 ജൂണിലും 2012 ജൂണിലുമായിരുന്നു. ഇതിനു മുൻപ് സംഭവിച്ച ജോഡി സംതരണങ്ങൾ 1874 ഡിസംബറിലും 1882 ഡിസംബറിലുമായിരുന്നു; ഇനി അടുത്ത ജോഡി സംതരണങ്ങൾ 2117 ഡിസംബറിലും 2125 ഡിംസംബറിലുമായിരിക്കും. ശുക്രസംതരണങ്ങൾ വളരെ പ്രധാന്യമർഹിക്കുന്നവയാണ്, കാരണം അവ ജ്യോതിശാസ്ത്രജ്ഞരെ ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം കണക്കാക്കാൻ സഹായിക്കുന്നു, കൂടാതെ സൗരയൂഥത്തിന്റെ വലിപ്പവും. ശുക്രന്റെ സംതരണം നിരീക്ഷിക്കുന്നതിനുവേണ്ടി 1768 ൽ താഹിതിയിലെക്കുള്ള യാത്രയ്ക്ക് ശേഷമായിരുന്നു ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തേക്ക് ക്യാപ്റ്റൻ കുക്ക് സഞ്ചരിച്ചത്.
ചന്ദ്രകലാകൃതിയിലായിരിക്കുമ്പോൾ ഗ്രഹത്തിന്റെ ഇരുണ്ട വശം ചെറുതായി തെളിഞ്ഞു കാണപ്പെടുന്ന ആഷെൻ ലൈറ്റ് (Ashen light) പ്രതിഭാസം വളരെകാലം കൗതുകകരമായി കണക്കാക്കിയിരുന്നു. ഈ പ്രതിഭാസം 1643 ൽ ഗിയോവന്നി ബാറ്റിസ്റ്റ റിക്കിയോളി നിരീക്ഷച്ചതായി പറയപ്പെടുന്നു, പക്ഷേ അങ്ങനെ സംഭവിക്കുന്നു എന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ശുക്രന്റെ അന്തരീക്ഷത്തിൽ നടക്കുന്ന വൈദ്യുത പ്രവർത്തനങ്ങൾ കാരണമാണിങ്ങനെ സംഭവിക്കുന്നതെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നു, പക്ഷേ ഇത് ചിലപ്പോൾ കലാകൃതിയിലുള്ള തിളക്കമുള്ള വസ്തു നിരീക്ഷിക്കുമ്പോൾ അനുഭവപ്പെടുന്നതുമാകാം.