EncyclopediaSpace

ചൊവ്വ

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമൻ യുദ്ധദേവനായ മാർസിന്റെ പേരാണ് പാശ്ചാത്യർ ഇതിനു കൊടുത്തിരിക്കുന്നത്‌. നേരിയ അന്തരീക്ഷ
ത്തോടുകൂടിയുള്ള ഒരു ഭൗമഗ്രഹമാണ് ചൊവ്വ, ഉപരിതലത്തിൽ ചന്ദ്രനിലേത് പോലെ ഉൽക്കാ ഗർത്തങ്ങളുണ്ടെന്നതിനു പുറമേ അഗ്നിപർവ്വതങ്ങൾ, താഴ്‌വരകൾ, മരുഭൂമികൾ, ഭൂമിക്കു സമാനമായി ധ്രുവങ്ങളിൽ മഞ്ഞുപാളികൾ എന്നിവയും കാണപ്പെടുന്നു. പക്ഷെ ടെക്റ്റോണിക് പ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വക്കുള്ളത്. അറിയപ്പെടുന്നതിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വയിലെ ഒളിമ്പസ് മോൺസ് ആണ്, അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്. ഗ്രഹോപരിതലത്തിന്റെ 40 ശതമാനത്തോളം വരുന്ന ഉത്തരാർദ്ധഗോളത്തിലെ നിരപ്പായ ബൊറീലിസ് തടം ഒരു വലിയ ഉൽക്കാപതനം മൂലമുണ്ടായ ഒന്നാണെന്ന് അനുമാനിക്കപ്പെടുന്നു. ഗ്രഹത്തിന്റെ ഭ്രമണവും ചാക്രികമായ കാലാവസ്ഥാമാറ്റവും ഭൂമിയിലേതിന് സമാനമാണ്.
1965-ൽ മാരിനർ 4 ചൊവ്വയെ സമീപിക്കുന്നതുവരെ ഗ്രഹോപരിതലത്തിൽ ദ്രവജലം സ്ഥിതിചെയ്യുന്നതിനെ കുറിച്ച് പല ഊഹങ്ങളും നിലനിന്നിരുന്നു. സമയംചെല്ലുംതോറും ഉപരിതലത്തിലെ ഇരുണ്ട ഭാഗങ്ങളിലും തെളിഞ്ഞഭാഗങ്ങളിലും, പ്രത്യേകിച്ച് ധ്രുവങ്ങളോട് അടുത്തുള്ള മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാരണമായിരുന്നു അവ, അത്തരം ഇരുണ്ടതും തെളിഞ്ഞതുമായ ഭാഗങ്ങൾ സമുദ്രങ്ങളും ഭൂഖണ്ഡങ്ങളുമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ഇരുണ്ട് നീളത്തിൽ കിടക്കുന്നവ ജലസേചനം നടത്തുന്നതിനുള്ള കനാലുകളാണെന്നും തെറ്റിദ്ധരിക്കപ്പെട്ടു. സൗരയൂഥത്തിൽ ഭൂമി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദ്രവജലം ഉണ്ടാകാൻ സാധ്യതയുള്ളതും അതുവഴി ജീവൻ ഉണ്ടാകാൻ സാധ്യതയേറിയതുമായ ഗ്രഹമാണെങ്കിലും ഇരുണ്ട് നീളത്തിൽ കാണപ്പെടുന്ന അത്തരം ഭാഗങ്ങൾ മായക്കാഴ്ചകളിൽ പെട്ടതാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ചില സംരംഭങ്ങൾ വഴി ലഭിച്ച ഭൂമിശാസ്ത്ര വിവരങ്ങൾ മുൻപ് ഒരു കാലത്ത് വലിയ അളവിൽ ജലം ഉപരിതലത്തിൽ ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നവയാണ്, കൂടാതെ ചെറിയ ഉറവകൾ പോലെയുള്ളവ കഴിഞ്ഞ സമീപകാലങ്ങളിൽ ഒഴുകിയിട്ടുമുണ്ടാകാം എന്നും ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2005 ൽ റഡാർ വഴി ലഭിച്ച വിവരങ്ങൾ ധ്രുവങ്ങളിലും അതിനു സമീപ അക്ഷാംശങ്ങളിലും വലിയതോതിൽ ജലം ഹിമരൂപത്തിൽ സ്ഥിതിചെയ്യുന്നുണ്ട് എന്ന കാര്യം വെളിപ്പെടുത്തിയിതന്നു,2008 ജൂലൈ 31 ന് ഫീനിക്സ് മാർസ് ലാൻഡർ ചൊവ്വയിലെ മണ്ണിനടിയിൽ നിന്ന് ഹിമത്തിന്റെ സാമ്പിളുകൾ കണ്ടെത്തുകയുമുണ്ടായി.
ഫോബോസ്, ഡീമോസ് എന്നീ ചെറുതും അനിയതരൂപത്തിലുള്ളതുമായ രണ്ട് ഉപഗ്രഹങ്ങളാണ്‌ ചൊവ്വയ്ക്കുള്ളത്. 5261 യൂറേക്ക എന്ന ട്രോജൻ ഛിന്നഗ്രഹത്തെപ്പോലെ ഇവയും ചൊവ്വ സ്വന്തം ആകർഷണപരിധിയിൽ പിടിച്ചെടുത്ത ക്ഷുദ്രഗ്രഹങ്ങളാകാം. നിലവിൽ പ്രവർത്തനനിരതമായ അഞ്ച് ബഹിരാകാശപേടകങ്ങൾ ചൊവ്വയെ വലം വയ്ക്കുന്നുണ്ട്: നാസയുടെ മാർസ് ഒഡീസ്സി, മാർസ് റികണൈസൻസ് ഓർബിറ്റർ, മാവെൻ ബഹിരാകാശപേടകം എന്നിവയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാർസ് എക്സ്പ്രസ്സും, ഇന്ത്യയുടെ പ്രഥമ ചൊവ്വാദൌത്യമായ മാർസ് ഓർബിറ്റർ മിഷൻ എന്നിവയാണവ. സ്പിരിറ്റ്, ഓപ്പർച്യുനിറ്റി, ക്യൂരിയോസിറ്റി എന്നീ 3 പര്യവേഷണവാഹനങ്ങളുൾപ്പെടെ വിജയിച്ചതും അല്ലാത്തതുമായ ഏതാനും മനുഷ്യനിർമ്മിത വസ്തുക്കളും ചൊവ്വോപരിതലത്തിലുണ്ട്.
2008-ഓടെ ഫീനിക്സ് ലാൻഡർ അതിന്റെ ദൗത്യം പൂർത്തിയാക്കുകയുണ്ടായി. ഇപ്പോൾ പ്രവർത്തനത്തിലില്ലാത്ത നാസയുടെ മാർസ് ഗ്ലോബൽ സർവേയറിൽ നിന്നുള്ള വിവരങ്ങൾ ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളികൾ കുറഞ്ഞുവരുന്നതായി കാണിക്കുന്നുണ്ടായിരുന്നു.
-2.91 വരെ ദൃശ്യകാന്തിമാനത്തോടെ ആകാശത്തിൽ പ്രത്യക്ഷപ്പെടുന്ന ചൊവ്വയെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നതാണ്. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവ മാത്രമാണ് തിളക്കത്തിൽ ചൊവ്വയുടെ മുന്നിലുള്ളവ, എങ്കിലും കൂടുതൽ സമയവും വ്യാഴം ചൊവ്വയേക്കാൾ തിളക്കത്തോടെ ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. ഭൂമിയോട് അടുത്തുവരുന്ന അവസരങ്ങളിലെ ശരാശരി അകലം 7.8 കോടി കിലോമീറ്റർ ആണെങ്കിലും വെറും 5.57 കോടി കിലോമീറ്റർ അകലത്തിൽ‌വരെ ചൊവ്വ വരാറുണ്ട്, ഈ രീതിയിൽ 2003 ൽ ഈ ഗ്രഹം ഭൂമിയോട് ഏറ്റവും കുറഞ്ഞ അകലത്തിൽ വന്നിരുന്നു.
ഭൗതികഗുണങ്ങൾ
ഏതാണ്ട് ഭൂമിയുടേതിന്റെ പകുതി വ്യാസമാണ് ചൊവ്വയ്ക്കുള്ളത്. ഭൂമിയുടെ വ്യാപ്തത്തിന്റെ 15 ശതമാനവും ഭൗമപിണ്ഡത്തിന്റെ 11 ശതമാനവുമുള്ള ചൊവ്വയുടെ സാന്ദ്രതയും ഭൂമിയേക്കാൾ കുറവാണ്. ചൊവ്വയുടെ മൊത്തം ഉപരിതലവിസ്തീർണ്ണം ഭൂമിയിലെ മൊത്തം ഭൂഖണ്ഡങ്ങളുടെ വിസ്തീർണ്ണത്തിൽ നിന്ന് അല്പം കുറവുമാത്രമാണുള്ളത്. ചൊവ്വയ്ക്ക് ബുധനേക്കാൾ ഭാരവും വലിപ്പവുമുണ്ടെങ്കിലും ബുധനാണ് കൂടുതൽ സാന്ദ്രതയുള്ളത്. ഇക്കാരണത്താൽ ഈ രണ്ട് ഗ്രഹങ്ങളിലേയും ഉപരിതലത്തിലെ ഗുരുത്വബലം ഏതാണ്ട് സമമാണ്, ഒരു ശതമാനത്തിലും കുറഞ്ഞ അളവിൽ ചൊവ്വയുടേത് ബുധന്റേതിനേക്കാൾ അല്പം കൂടുതലാണെന്ന് മാത്രം. വലിപ്പം, പിണ്ഡം, ഉപരിതല ഗുരുത്വബലം എന്നിവയുടെ കാര്യത്തിൽ ചൊവ്വ ഭൂമിക്കും ചന്ദ്രനും മധ്യേയാണ്. ചന്ദ്രന്റെ വ്യാസം ചൊവ്വയുടേതിന്റെ പകുതിയാണ് അതേസമയം ഭൂമിയുടേത് ഏതാണ്ട് ഇരട്ടിയും. ഭൂമി ചൊവ്വയേക്കാൾ ഏതാണ്ട് ഒൻപതിരട്ടി പിണ്ഡമുള്ളതാണ്, ചന്ദ്രനാണെങ്കിൽ ചൊവ്വയുടെ പിണ്ഡത്തിന്റെ ഏതാണ്ട് ഒൻപതിലൊന്ന് പിണ്ഡമുള്ളതും. ചൊവ്വോപരിതലം ചുമപ്പ്-ഓറഞ്ച് നിറത്തിൽ കാണപ്പെടാൻ കാരണം ഹെമറ്റൈറ്റ് എന്നു വിളിക്കപ്പെടുന്ന ഇരുമ്പ് ഓക്സൈഡിന്റെ സാന്നിധ്യമുള്ളതിനാലാണ്.
ഭൂമിശാസ്ത്രം
ചൊവ്വോപരിതലം പ്രധാനമായും ബസാൾട്ട് അടങ്ങിയതാണെന്നാണ്‌ നിരീക്ഷണങ്ങളിൽ നിന്നും ഉപരിതലത്തിലെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. സിലിക്കയാണ്‌ ബസാൾട്ടിനേക്കാൾ കൂടുതലുള്ളതെന്ന് മറ്റുചില തെളിവുകൾ സൂചിപ്പിക്കുന്നുമുണ്ട്. ഉപരിതലത്തിന്റെ പല ഭാഗങ്ങളും ഇരുമ്പ് ഓക്സൈഡിന്റെ (Fe2O3) നേർത്ത പൊടിയാൽ പൊതിയപ്പെട്ടാണിരിക്കുന്നത്.
നിലവിൽ വ്യക്തമായ ഘടനയോടെയുള്ള കാന്തികക്ഷേത്രത്തിന്റെ അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും പുറംതോടിന്റെ ഭാഗങ്ങൾ കാന്തീകരിക്കപ്പെട്ടാണിരിക്കുന്നതെന്ന് നിരീക്ഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്, അതിനാൽ തന്നെ സ്ഥാനചലനം സംഭവിച്ചുകൊണ്ടിരുന്ന ഒരു ദ്വിധ്രുവകാന്തം മുൻപ് നിലവിലുണ്ടായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. ഇത്തരത്തിൽ പുരാതനമായി കാന്തീകരിക്കപ്പെട്ട ഉപരിതലത്തിന്റെ ഭാഗങ്ങൾ ഭൂമിയിലെ സമുദ്രാടിത്തറ ഉളവാക്കുന്ന തരത്തിലുള്ള കാന്തികപ്രഭാവങ്ങൾ പ്രകടിപ്പിക്കുന്നതരത്തിലുള്ളതാണ്‌. 1999 ൽ പ്രസിദ്ധീകരിക്കപ്പെട്ടതും 2005 ൽ പുനഃപരിശോധിക്കപ്പെട്ടതുമായ ഈ സിദ്ധാന്തമാണ്‌ 400 കോടി വർഷം മുൻപ് ഗ്രഹത്തിന്റെ ആന്തരിക ഡൈനാമോ പ്രവർത്തനം നിർത്തുകയും കാന്തികക്ഷേത്രം ഇല്ലാതാവുകയും ചെയ്തതിനുള്ള വിശദീകരണം നൽകുന്നത്.
1480 കിലോമീറ്റർ വ്യാസാർദ്ധത്തോടെ പ്രധാനമായും ഇരുമ്പും 14 മുതൽ 17 ശതമാനം വരെ സൾഫറും അടങ്ങിയ അകക്കാമ്പാണ്‌ ഗ്രഹത്തിനുള്ളതെന്ന് നിലവിലെ മാതൃകകൾ കാട്ടിത്തരുന്നു. ഈ ഇരുമ്പ് സൾഫൈഡിനാലുള്ള അകക്കാമ്പ് ഭാഗികമായി ദ്രാവകാവസ്ഥയിലാണ്‌, ഭൂമിയുടെ അകക്കാമ്പിൽ അടങ്ങിയിരിക്കുന്ന ലഘുമൂലക സാന്ദ്രതയുടെ ഇരട്ടിയാണ്‌ ഇതിന്റെ കാമ്പിലെ ലഘുമൂലക സാന്ദ്രത. നിലവിൽ സജീവമല്ലെങ്കിലും കാമ്പിനെ പൊതിഞ്ഞ് സിലിക്കേറ്റുകളാൽ നിമ്മിതമായതും ടെക്റ്റോണിക്, അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ പ്രഭവസ്ഥാനവുമായിരുന്ന മാന്റിൽ സ്ഥിതിചെയ്യുന്നു. പുറംതോടിന്റെ ശരാശരി കനം 50 കിലോമീറ്ററാണ്‌, പരമാവധി കനം 125 കിലോമീറ്റർ വരെയെത്തുന്നു. ഭൂമിയുടേയും ചൊവ്വയുടേയും വലിപ്പങ്ങൾ കണക്കിലെടുത്താൽ ശരാശരി 40 കിലോമീറ്റർ കനം വരുന്ന ഭൂമിയുടെ പുറംതോട് ചൊവ്വയുടേതിന്റെ വെറും മൂന്നിലൊന്നുമാത്രം കനമുള്ളതായി കണക്കാക്കാം.
സൗരയൂഥ രൂപീകരണവേളയിൽ സൂര്യനെ ചുറ്റിക്കൊണ്ടിരുന്ന പ്രാഗ് ഗ്രഹീയ ഡിസ്കിൽനിന്നാണ് ചൊവ്വ രൂപംകൊണ്ടിരിക്കുന്നത്. സൗരയൂഥത്തിലെ അതിന്റെ സ്ഥാനത്തിന്റെ പ്രത്യേകതയാൽ കുറഞ്ഞ തിളനിലയുള്ള ക്ലോറിൻ, ഫോസ്ഫറസ്, സൾഫർ തുടങ്ങിയ മൂലകങ്ങൾ ഭൂമിയിലുള്ളതിനേക്കാൾ കൂടുതൽ ചൊവ്വയി ലുണ്ടായിരുന്നിരിക്കാം; പ്രായം കുറഞ്ഞ സൂര്യന്റെ ശക്തമായ സൗരക്കാറ്റുകളാൽ ഗ്രഹത്തിന്റെ സൂര്യനോട് അഭിമുഖമായിരിക്കുന്ന ഭാഗങ്ങളിൽ നിന്ന് ഇത്തരം മൂലകങ്ങൾ നഷ്ടപ്പെട്ടതുമാവാം.ഭൂമി, ശുക്രൻ എന്നിവയിൽ നിന്ന് വ്യത്യസ്തമായി പ്രാഗ്-വ്യാഴത്തിന്റെ ഗുരുത്വബലം ചൊവ്വയുടെ രൂപീകരണസമയത്ത് അതിന് കൂടുതൽ പദാർത്ഥങ്ങൾ ലഭ്യമാകുന്നതിനെ കുറക്കുകയും അതുവഴി വലിപ്പത്തിൽ കുറവുവരാൻ കാരണമായിത്തീരുകയും ചെയ്തിരിക്കാം. ആദ്യകാല സൗരയൂഥത്തിൽ നിലവിലുണ്ടായിരുന്ന വാതകപടലങ്ങൾ ശൈശവാവ സ്ഥയിലുണ്ടായിരുന്ന ഗ്രഹത്തിന്റെ പരിക്രമണപാതയിൽ കൂടുതൽ വികേന്ദ്രത വരുത്തി, ഗ്രഹേതര ചെറുപദാർത്ഥ ഖണ്ഡങ്ങളുമായുള്ള കൂട്ടിയിടിയിൽ നിലവിൽ കാണുന്ന ജലം ലഭ്യമാകുവാൻ കാരണമാകുകയുമുണ്ടായി. രൂപീകരണം പൂർത്തിയായതിനുശേഷം ഏതാനും കൂട്ടിയിടികൾക്കും ഈ ഗ്രഹം വിധേയമായിട്ടുണ്ട്. ഗ്രഹോപരിതല വിതരണത്തിന്റെ ഏതാണ്ട് 60 ശതമാനവും ഇപ്പോഴും മുൻപ് അത്തരം കൂട്ടിയിടികൾ നടന്നിരുന്നു എന്നതിനെ അനുകൂലിക്കുന്ന തരത്തിലുള്ളതാണ്.