നെപ്റ്റ്യൂൺ
സൗരയൂഥത്തിൽ, സൂര്യനിൽ നിന്നുള്ള ദൂരംകൊണ്ട് എട്ടാമത്തേതും ഏറ്റവും അകലെയുളളതും, വലിപ്പം കൊണ്ട് നാലാമത്തേതും, പിണ്ഡം കൊണ്ട് മൂന്നാമത്തേതുമായ ഗ്രഹമാണ് നെപ്റ്റ്യൂൺ.
ഈ വാതകഭീമന് ഭൂമിയെ അപേക്ഷിച്ച് 17 മടങ്ങധികം പിണ്ഡമുണ്ട്. റോമൻ പുരാണങ്ങളിലെ സമുദ്രത്തിന്റെ ദേവനായ നെപ്റ്റ്യൂണിന്റെ പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് കൊടുത്തിരിക്കുന്നത്. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്‌നുമാണ്. -235 ഡിഗ്രി സെന്റിഗ്രേഡാണ് ഗ്രഹതാപനില.
ശരാശരി, സൂര്യനിൽ നിന്നും 30 .1 AU ദൂരത്തുള്ള പാതയിലൂടെയാണ് നെപ്റ്റ്യൂൺ സൂര്യനെ ചുറ്റുന്നത്. 165 ഭൂവർഷം കൊണ്ട് സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന ഇത് 16 മണിക്കൂർ കൊണ്ട് അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും. നെപ്റ്റ്യൂണിന്റെ ജ്യോതിശാസ്ത്ര ചിഹ്നമാണ് ♆ . ഈ ചിഹ്നം ‘നെപ്റ്റ്യൂൺ ദേവന്റെ’ ശൂലത്തിന്റെ ഒരു ആധുനിക രൂപമാണ്.
1846 സെപ്റ്റംബർ 23 നു കണ്ടെത്തിയ നെപ്റ്റ്യൂൺ, നേത്ര ഗോചരമായ ഗവേഷണത്തിലൂടെ അല്ലാതെ ഗണിതശാസ്ത്രപരമായ പ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ്. നെപ്റ്റ്യൂണിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷം ആദ്യമായി സൂര്യനെ ഒരു തവണ വലം വച്ചത് 2011 ജൂലൈ 13-നാണ്. ഗ്രഹത്തെ ആദ്യം കണ്ടുമുട്ടിയ അതേ രേഖാംശത്തിൽ ഈ ദിവസം പുലർച്ചെ 3.06 നാണ് വീണ്ടും കണ്ടു മുട്ടിയത്. ഈ സമയത്ത് ഇടത്തരം ടെലിസ്കോപ്പിലൂടെ ഗ്രഹത്തെ കാണുവാൻ സാധിക്കും. വോയേജർ 2 എന്ന ബഹിരാകാകാശ വാഹനമാണ് നെപ്റ്റ്യൂണിനെ സമീപിച്ച് ആദ്യമായി പഠനം നടത്തിയത്.
ഉപഗ്രഹങ്ങൾ
നെപ്റ്റ്യൂണിന് അറിയപ്പെട്ട 14 ഉപഗ്രഹങ്ങളാണുള്ളത്. അവയിൽ 1846 ൽ വില്യം ലാസൽ കണ്ടുപിടിച്ച ട്രിറ്റോൺ 1949 ൽ ജെറാർഡ് കുയിപ്പർ കണ്ടു പിടിച്ച നെരീദ് മാത്രമാണ് ഭൂമിയിൽ നിന്നു കാണാൻ കഴിയുന്ന ഉപഗ്രഹങ്ങൾ. 1981ൽ ചന്ദ്രൻ ഒരു നക്ഷത്രത്തെ മറച്ച സന്ദർഭത്തിലാണ് മൂന്നാമത്തെ ഉപഗ്രഹത്തെ കാണാൻ കഴിഞ്ഞത്. 1989 ൽ വോയേജർ-2 ലഭ്യമാക്കിയ ചിത്രങ്ങളിൽ നിന്നാണ് അഞ്ച് ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്. പ്രോതിയസ്, ലാരിസ്സ, ഗാലത്തിയ, ഡെസ്പിന, തലാസ, നെയാദ് എന്നിവയാണ് യഥാക്രമം ആറ് ഉപഗ്രഹങ്ങൾ. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് കണ്ടെത്തിയ ഹിപ്പോകാമ്പ്, മാത്യൂ ജെ. ഹോൾമാൻ, ജോൺ ജെ കാവെലാർസ്, ടോമി ഗ്രാവ് എന്നിവർ ചേർന്ന് കണ്ടെത്തിയ ഹാലിമീഡ്, മാത്യു ജെ ഹോൾമാൻ കണ്ടെത്തിയ സെയ്‍വോ, ലാവോമീഡിയേ, സ്കോട്ട് എസ് ഷെപ്പേർഡ്, ഡേവിഡ് സി ജെവിറ്റ് എന്നിവർ കണ്ടെത്തിയ സേമെത്തി, മാത്യു ജെ ഹോൾമാൻ, ബ്രെറ്റ് ജെ ഗ്ലാഡ്മാൻ എന്നിവർ കണ്ടെത്തിയ നെസോ എന്നിവയാണ് മറ്റ് ഉപഗ്രഹങ്ങൾ.