CountryEncyclopediaHistory

ഹോങ്കോങ്

ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ്‌ ഹോങ്കോങ്ങ് (ചൈനീസ്: 香港). പേൾ നദിയുടെ ഡെൽറ്റയിൽ ചൈനയുടെ തെക്കു കിഴക്കൻ തീരത്ത് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് ഹോങ്കോങ്ങ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാ‍ര പ്രദേശങ്ങളിലൊന്നാണ് ഹോങ്കോങ്ങ്. 1842 മുതൽ ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്കോങ്ങ് 1997-ൽ ചൈനയ്ക്ക് തിരികെ കിട്ടി. ഹോങ്കോങ്ങ് ബേസിക്ക് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് ഹോങ്കോങ്ങ് നിലനിൽക്കുന്നത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങ്ങ് സ്വയം ഭരണാവകാശം ഉണ്ടാ‍കും. “ഒറ്റരാജ്യം – രണ്ട് വ്യവസ്ഥ” സമ്പ്രദായമനുസരിച്ച് ഹോങ്കോങ്ങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിർത്തുന്നു.
ഭൂമിശാസ്ത്രം
തെക്കൻ ചൈന കടലിലെ 236 ദ്വീപുകൾ ചേർന്ന പ്രദേശമാണ് ഹോങ് കോങ് (ലന്താവു, ഹോങ്കോങ്ങ്, എന്നിവയാണ് വലിപ്പത്തിൽ ഒന്നും രണ്ടും സ്ഥാനമുള്ള ദ്വീപുകൾ. ഏറ്റവും അധികം ജനസംഖ്യ ഹോങ്കോങ്ങിലാണ്. അപ് ലൈ ചൗ ദ്വീപാണ് ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപ്. “ഹോങ്കോങ്” എന്ന വാക്കിനർത്ഥം സുഗന്ധ തുറമുഖം എന്നാണ്. കൊവ് ലൂൺ, ന്യൂടേ റിറ്ററീസ് എന്നിവ കൂടി ഉൾപ്പെടുമ്പഴേ ഹോങ്ങ് കോങ്ങിന്റെ രൂപം പൂർണ്ണമാകൂ. ഹോങ്കോങ്ങ് ദ്വീപിനും കൊവ് ലൂൺ ഉപദ്വീപിനും ഇടയ്ക്കാണ് ലോകത്തെ ഏറ്റവും ആഴമുള്ള പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായ വിക്ടോറിയ ഹാർബർ. പതിനെട്ട് ജില്ലകളായി ഹോങ്ങ് കോങ്ങിനെ വിഭജിച്ചിട്ടുണ്ട്.
ചരിത്രം
കറുപ്പ് യുദ്ധത്തിൽ ജയിച്ചാണ് ബ്രിട്ടൻ ചൈനയിൽ നിന്ന് 1843-ൽ ഹോങ്കോങ്ങ് സ്വന്തമാക്കിയത്. രണ്ടാം കറുപ്പ് യുദ്ധത്തെ തുടർന്ന് കൊവ് ലൂണും ബ്രിട്ടൻ കരസ്ഥമാക്കി. ന്യൂ കൊവ് ലൂൺ, ലന്താവു എന്നിവ ഉൾപ്പെടെയുള്ള ഭാ‍ഗങ്ങൾ 1898 ജൂലൈ 1ന് 99 വർഷത്തേക്ക് ബ്രിട്ടൻ പാട്ടത്തിനെടുത്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹോങ്ങ് കോങ്ങ് ജപ്പാന്റെ അധീനതയിലായി. ഒട്ടേറെ തദ്ദേശീ‍യരെ ഇക്കാലത്ത് ജപ്പാൻ പട്ടാ‍ളം വധിച്ചു. യുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ ഹോങ്കോങ്ങ് വീണ്ടും ഉണർന്നെണീറ്റു. യുദ്ധാനന്തരം ചൈനയിൽ കുമിന്താങ്ങും കമ്യൂണിസ്റ്റുകളും പോരാട്ടത്തിലേർപ്പെട്ടപ്പോൾ ഹോങ്ങ് കോങ്ങിലേക്ക് കുടിയേറ്റമുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് സർക്കാരിനെ ഭയന്ന് ഒട്ടേറെ പേർ കുടിയേറി. ചൈനയും ബ്രിട്ടനും ചേർന്ന് ഹോങ്കോങ്ങ് കൈമാറ്റത്തിനുള്ള കരാർ (സൈനോ – ബ്രിട്ടിഷ് ജോയിന്റ് ഡിക്ലറേഷൻ) 1984 ഡിസംബർ 19-ന് ഒപ്പു വച്ചു.
ചൈനയുടെ നിയന്ത്രണത്തിൽ
1997 ജൂലൈ ഒന്ന് മുതൽ ഹോങ്ങ്കോങ്ങ് ചൈനയുടെ ഭാഗമായി. ഹോങ്ങ് കോങ്ങിലെ അവസാനത്തെ ബ്രിട്ടീഷ് ഗവർണ്ണർ ക്രിസ് പേറ്റൻ അന്ന് രാത്രി ഹോങ്ങ് കോങ്ങ് വിട്ടു. ചീഫ് എക്സിക്യുട്ടീവ് ആണ് ഹോങ്ങ്കോങ്ങ് സ്പെഷ്യൽ അഡ്‌മിനിസ്ട്രേറ്റീവ് റീ‍ജിയന്റെ ഭരണാധിപൻ. 2005 ജൂൺ 16-ന് തെരഞ്ഞെടുക്കപ്പെട്ട റൊണാൾഡ് ത്സാങ്ങ് ആണ് ഇപ്പോഴത്തെ ചീഫ് എക്സിക്യുട്ടീവ്.
ബാങ്ക് ഓഫ് ചൈന ടവർ
കോളനി വാഴ്ച്ചക്കാലത്ത് ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ നിയമങ്ങളാണ് ഹോങ്ങ്കോങ്ങിൽ പിന്തുടരുന്നത്. ലോകത്തെ ഏറ്റവും നിയന്ത്രണം കുറഞ്ഞ സമ്പദ്ഘടനയാ‍ണ് ഹോങ്ങ് കോങ്ങിലേത്. ചുങ്കവും ഇല്ല. ഫലത്തിൽ ബൃഹത്തായൊരു ഡ്യൂട്ടീ-ഫ്രീ-ഷോപ്പ് ആണ് ഹോങ്ങ്കോങ്ങ്. ഉപഭോക്താക്കൾക്കുമേൽ മൂല്യവർദ്ധിത നികുതി ഏർപ്പെടുത്താൻ സർക്കാരിപ്പോൾ ആലോചിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും സ്വതന്ത്രമായ കമ്പോളമായതിനാൽ അതിസമ്പന്നമായ ഹോങ്ങ്കോങ്ങ് ലോകത്തെ പതിനൊന്നാമത്തെ വലിയ വ്യാപാ‍രകേന്ദ്രവും പതിമൂന്നാമത്തെ വലിയ ബാങ്കിങ്ങ് കേന്ദ്രവുമാണ്. ഹോങ്ങ്കോങ്ങിന്റെ സാമ്പത്തികപ്രാധാന്യം മനസ്സിലാക്കാൻ, അവിടുത്തെ വിദേശരാജ്യങ്ങളുടെ കോൺസലേറ്റുകളുടെ എണ്ണം നോക്കിയാൽ മതി. 107 കോൺസലേറ്റുകൾ ഹോങ്ങ്കോങ്ങിലുണ്ട്. ന്യൂയോർക്കിൽ 93 എണ്ണം മാത്രവും!
ഭാഷകൾ
കാന്റോണീസും, ചൈനീസും, ഇംഗ്ലീഷുമാണ് ഹോങ്ങ്കോങ്ങിലെ ഔദ്യോഗിക ഭാഷകൾ.
ഹോങ്കോങ് വിനോദ സഞ്ചാര കേന്ദ്രം
ലോകത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഹോങ്കോങ്ങ്, ലോകത്തിലെ ആകെ ആറ് ഡിസ്നിലാണ്ട് പാർക്കുകളിൽ ഒരെണ്ണം ഹോങ്കോങ്ങില്‍ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ സിംഗ്യി പാലത്തിനടുത്തായി, സിം ഷാ ശൂഈ, കൌലൂൺ, തിൻകൌ, എന്നിങ്ങനെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്.