ഭൂട്ടാൻ
ഭൂട്ടാൻ (Bhutan) തെക്കെനേഷ്യയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യമാണ്. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങൾ പരിമിതമാണ്. ടിബറ്റൻ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരിൽ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവൺമെന്റിന്റെ കർശന നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ . ഏറ്റവും വലിയ നഗരവും തലസ്ഥാനവും തിംഫു (തിംപു) ആണ്. ഫുൺഷിലിംഗാണ് സാമ്പത്തിക കേന്ദ്രം. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ഒരിക്കലും കോളനിവത്കരിക്കപ്പെട്ടിട്ടില്ലാത്ത രാജ്യമാണ് ഭൂട്ടാൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും തെക്കുകിഴക്കൻ ഏഷ്യയ്ക്കും ഇടയിലുള്ള പുരാതന സിൽക്ക് റോഡിൽ സ്ഥിതിചെയ്യുന്ന ഭൂട്ടാൻ ബുദ്ധമതത്തെ അടിസ്ഥാനമാക്കി വ്യത്യസ്തമായ ദേശീയ സവിശേഷത വികസിപ്പിചെടുത്തു. ഷബ്ദ്രുങ്ങ് റിമ്പോച്ചെ എന്ന ആത്മീയ നേതാവിന്റെ കുത്തകാധികാര നേതൃത്വത്തിൽ ഈ പ്രദേശം ബുദ്ധമത പൗരോഹിത്യത്തിൽ ഭരിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ആഭ്യന്തരയുദ്ധത്തെത്തുടർന്ന് വാങ്ചുക് രാജവംശം രാജ്യം വീണ്ടും ഒന്നിപ്പിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജ് അവസാനിച്ചതിനുശേഷം തർക്ക അതിർത്തി നിലനിൽക്കുന്ന ചൈനയിൽ കമ്മ്യൂണിസം വളർന്നുകൊണ്ടിരിക്കെ ഭൂട്ടാൻ ഇന്ത്യയുമായി തന്ത്രപരമായ പങ്കാളിത്തം വളർത്തിയെടുത്തു. 1990 കളുടെ തുടക്കത്തിൽ രാജ്യത്തെ നേപ്പാളി സംസാരിക്കുന്ന ലോത്ഷാംപ ന്യൂനപക്ഷത്തെ സർക്കാർ നാടുകടത്തിയത് അടുത്തുള്ള നേപ്പാളിലെ ഝാപയിൽ അഭയാർഥി പ്രതിസന്ധി സൃഷ്ടിച്ചു. 2008 ൽ ഭൂട്ടാൻ ഒരു സമ്പൂർണ്ണ രാജവാഴ്ചയിൽ നിന്ന് ഒരു ഭരണഘടനാപരമായ രാജവാഴ്ചയിലേക്ക് മാറുകയും ഭൂട്ടാൻ ദേശീയ അസംബ്ലിയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഭൂട്ടാൻ ജനാധിപത്യത്തിന്റെ രണ്ടു സഭകളോടുകൂടിയ പാർലമെന്റിന്റെ ഭാഗമാണ് ദേശീയ അസംബ്ലി.
ചരിത്രം
ഭൂട്ടാൻറെ ആദ്യകാലചരിത്രത്തെക്കൂറിച്ച് അധികമൊന്നും അറിഞ്ഞുകൂടാ. ഭൂ ഉത്താൻ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഭൂട്ടാൻ ഉണ്ടായത്. 13-14 കി.മി വീതിയുള്ള ഒരു സമതലമൊഴിച്ചാൽ ബാക്കി ഭാഗമത്രയും പർവ്വത മേഖലയാണ്. ടിബറ്റിൽ നിന്നും ഹിമാലയൻ ചുരങ്ങളിലൂടെ കടന്നുവന്ന ടിബറ്റൻ വർഗ്ഗക്കാരാണ് ഇന്നത്തെ ഭൂട്ടാൻകാരുടെ പൂർവ്വികർ. ക്രിസ്തുവിനു 2000 വർഷം മുമ്പുണ്ടായിരുന്നവരാണ് ഭൂട്ടാൻകാരുടെ പൂർവികർ എന്നാണു വിശ്വാസം. എട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നുള്ള ബുദ്ധമത ഗുരു പദ്മ സംഭവൻ ( റിംപോച്ച) ഭൂട്ടാനിലേക്ക് താന്ത്രിക ബുദ്ധമതം കൊണ്ടുവന്നു. ഒട്ടേറെ മഠങ്ങൾ അദ്ദേഹം നിർമ്മിച്ചു. പതിനേഴാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്നെത്തിയ ലാമയും പട്ടാള നേതാവുമായ ശബ്ദ്രുങ് നംഗ്വാൽ ഏകീകരിക്കുന്നതു വരെ പരസ്പരം കലഹിക്കുന്ന നാടുവാഴി പ്രദേശങ്ങൾ മാത്രമായിരുന്നു ഭൂട്ടാൻ.ശബ്ദ്രുങ്ങിന്റെ മരണശേഷം അധികാര വടംവലിയും ആഭ്യന്തര യുദ്ധവും ആരംഭിച്ചു. 1772-ൽ ഭൂട്ടാൻ സൈന്യം കൂച്ച് ബിഹാർ (ഇപ്പോൾ പശ്ചിമബംഗാളിൽ )ആക്രമിച്ചു കീഴടക്കി. സ്ഥാനഭ്രഷ്ടനായ കൂച്ച് ബിഹാർ രാജാവ് ബ്രിട്ടീഷുകാരുടെ സഹായം തേടി.1885-ൽ ഗോത്രങ്ങൾ തമ്മിലുള്ള മൽസരം അവസാനിപ്പിച്ചത് ത്രോങ്സ ഗോത്രത്തിന്റെ മുപ്പനായ ഉഗെൻവാങ് ചുക് മേൽക്കോയ്മ നേടിയതോടെയാണ്. ഇൻഡ്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് വാങ് ചുക് ഭൂട്ടാനെ നിയന്ത്രണത്തിലാക്കിയത്.ബ്രിട്ടീഷ് സ്വാധീനത്താൽ 1907 ഡിസംബർ 17ന് ഭൂട്ടാനിൽ വാങ് ചുക് രാജവംശം ഔദ്യോകികമായി നിലവിൽ വന്നു. ഉഗെൻ വാങ് ചുക് ആയിരുന്നു ആദ്യരാജാവ്.ഡിസംബർ 17-ന് ദേശീയ ദിനമായി ഭൂട്ടാൻ ആഘോഷിക്കുന്നു. 1910-ൽ ഭൂട്ടാൻ ബ്രിട്ടന്റെ സംരക്ഷണ പ്രദേശമായി മാറി. 1947-ൽ ഇൻഡ്യൻ സ്വാതന്ത്രത്തോടെ ബ്രിട്ടന്റെ സ്വാധീനം അവസാനിക്കുകയാണെന്ന് മനസ്സിലായ രാജാവ് ,1948 ഓഗസ്റ്റ് 8 ന് ബ്രിട്ടണമായി കരാർ ഒപ്പിട്ടതു പോലെ ഇൻഡ്യയുമായി കരാർ ഒപ്പിട്ടു. പരാശ്രയം കൂടാതെ കഴിയാൻ ബുദ്ധിമുട്ടുള്ള ഭൂട്ടാന് ഇന്ത്യയാണ് ഏറ്റവും വലിയ സഹായം. അധികാരം തങ്ങളിൽ കേന്ദ്രീകരിക്കുന്നതിനെക്കാൾ ജനപ്രതിനിധികൾക്ക് വിട്ടുകൊടുക്കാൻ സ്വയം തീരുമാനിച്ചവർ ആയിരുന്നു ഭൂട്ടാൻ രാജാക്കൻമാർ. മൂന്നാമത്തെ രാജാവായ ജിഗ്മെ ദോർജി വാങ് ചുക് പരമാധികാരം നാഷണൽ അസംബ്ലിക്കു നൽകി.1972-ൽ അദ്ദേഹം അകാലത്തിൽ മരണമടഞ്ഞു.ശേഷം ജിഗ്മെ സിങെ വാങ് ചുക് രാജാവായി. അന്ന് 17 വയസായിരുന്ന അദ്ദേഹത്തിന് നാഷണൽ അസംബ്ലി പരമാധികാരം തിരികെ നൽകി. പിതാവിനെപ്പോലെ തന്റെ പരമാധികാരം ജന സഭക്ക് നൽകുവാൻ ജിഗ് മെ ശ്രമിച്ചു.1998-ൽ മാത്രമേ ഇതിൽ വിജയിക്കുവാൻ അദ്ദേഹത്തിന് കഴി ഞ്ഞത്. 2005 ഡിസംബറിൽ ആദ്യത്തെ ദേശീയ തിരഞ്ഞെടുപ്പ് നടത്തുകയും പുതിയ ഭരണഘടന നിലവിൽ വരികയും ചെയ്തു.
ഭൂമിശാസ്ത്രം
ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ നേപ്പാളിനു വളരെയടുത്ത് കിഴക്കു ഭാഗത്താണ് ഭൂട്ടാൻറെ സ്ഥാനം. സിക്കിമും പശ്ചിമബംഗാളിന്റെ വടക്കേ അറ്റവുമാണ് ഭൂട്ടാനെ നേപ്പാളിൽ നിന്നും അകറ്റി നിർത്തുന്നത്. തെക്കു ഭാഗത്ത് പശ്ചിമബംഗാളും അസമും അരുണാചൽ പ്രദേശുമാണ് അതിർത്തികൾ. ടിബറ്റാണ് ഭൂട്ടാൻറെ വടക്കുഭാഗത്ത്.ഭൂമിശാസ്ത്രപരമായി ഭൂട്ടാനെ മൂന്നു മേഖലകളായി തിരിച്ചിരിക്കുന്നു. തെക്കുഭാഗത്ത് ഇന്ത്യൻ സമതലത്തിൽ നിന്നു തുടങ്ങുന്നതും അമ്പതു കിലോമീറ്റർ വരെ വീതിയുള്ളതുമായ ആദ്യഭാഗം കുന്നും മലയും നിറഞ്ഞതാണ്. ഈ കുന്നുകൾ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാലവർഷക്കാറ്റിനെ തടഞ്ഞുനിർത്തുന്നതു കൊണ്ട് ഈ പ്രദേശത്ത് ധാരാളം മഴ പെയ്യുന്നു. വർഷത്തിൽ 500 സെൻറീമീറ്റർ മുതൽ 750 സെൻറീമീറ്റർ വരെ. 65 കിലോമീറ്റർ വീതിയിൽ നീണ്ടുകിടക്കുന്ന മധ്യമേഖലയിൽ കൂടുതൽ ഉയരമുള്ള മലകളുണ്ട് (1100 മീറ്റർ മുതൽ 3000 മീറ്റർ വരെ ഉയരമുള്ളവ). ഈ മലനിരകൾക്കിടയിലുള്ള പ്രദേശം കൂടുതൽ ജനവാസയോഗ്യമാണ്. വർഷത്തിൽ 110 സെൻറീമീറ്റർ മുതൽ 160 സെൻറീമീറ്റർ വരെ മഴ ലഭിക്കുന്ന ഇവിടെയാണ് ഭൂട്ടാനിലെ കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്.
ജനവിഭാഗങ്ങൾ
ഭൂട്ടാനിലെ ജനങ്ങളെ മൂന്നു പ്രധാനവർഗ്ഗങ്ങളായി തിരിക്കാം. ഗാലോങ്സ്, ഷാ ഖോപ്സ്, ലോട്ട്ഷാംപാസ് എന്നിങ്ങനെയാണവ. ഗാലോങുകൾ ഭൂട്ടാൻറെ മധ്യഭാഗത്തും പടിഞ്ഞാറൻ പ്രദേശങ്ങളിലും ഷാർഖോപ്സ് തെക്കൻ അതിർത്തി പ്രദേശത്തും കഴിയുന്നവരാണ്. ഭൂട്ടാനീസ് ഭാഷയിൽ അവിടുത്തെ ജനങ്ങൾ ഒന്നടങ്കം ‘ഡ്രൂക്പ’ എന്നറിയപ്പെടുന്നു. എന്നാൽ ഏതു വർഗ്ഗക്കാരെയാണ് ഈ വാക്കിലൂടെ സുചിപ്പിക്കുന്നത് എന്നത് വ്യക്തമല്ല. ചില രേഖകൾ പറയുന്നത് മംഗോളിയൻ വംശക്കാരാണ് യഥാർത്ഥ ‘ഡ്രൂക്പ’കൾ എന്നാണ്. എന്നാൽ ടിബറ്റിൽ നിന്നു വന്ന ഗാലോങ്ങുകളെയാണ് ഇങ്ങനെ വിളിക്കുന്നതെന്ന് ചിലർ പറയുന്നു.